മിസോറമിൽ എല്ലാം ഓകെ; താരമായത് എം.പി.എഫ്
text_fieldsഐസോൾ: മിസോറമിലെ തെരഞ്ഞെടുപ്പ് തീർത്തും സമാധാനപരമായി പൂർത്തിയായി. എല്ലാത്തിനും ‘ക്രെഡിറ്റ്’ ഒരു സന്നദ്ധ സംഘടനക്കാണ്. തെരഞ്ഞെടുപ്പ് കമീഷനേക്കാൾ തെരഞ്ഞെടുപ്പ് പ്രക്രിയയെ നിയന്ത്രിച്ചതും നിരീക്ഷിച്ചതും മിസോറം പീപ്ൾസ് ഫോറം (എം.പി.എഫ്) എന്ന സംഘടനയാണ്.
ക്രിസ്ത്യൻ സഭയുടെ സംഘടനയായ എം.പി.എഫാണ് പാർട്ടികളും വോട്ടർമാരും എല്ലാ ചട്ടങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തിയത്. 2006 ജൂൺ 21നാണ് മറ്റു സഭകളുടെയും ജനകീയ സംഘടനകളുടെയും സഹായത്തോടെ പ്രെസ്ബിറ്റീരിയൻ ചർച്ച് മിസോ സിനഡിന്റെ നേതൃത്വത്തിൽ എം.പി.എഫ് രൂപവത്കരിച്ചത്. തെരഞ്ഞെടുപ്പുകൾ നിരീക്ഷിക്കുകയായിരുന്നു ലക്ഷ്യം.
തെരഞ്ഞെടുപ്പിനു മുമ്പ് എല്ലാ രാഷ്ട്രീയ പാർട്ടികളുമായും എം.പി.എഫ് ധാരണപത്രം ഒപ്പിടാറുണ്ട്. ഇത്തവണ കഴിഞ്ഞ മാർച്ചിൽ തന്നെ കരാറിൽ ഒപ്പുവെച്ചതായി എം.പി.എഫ് ജനറൽ സെക്രട്ടറിയും പുരോഹിതനുമായ ലാൽരാംലിയാന പച്ചാവു പറഞ്ഞു. തെരഞ്ഞെടുപ്പ് നിയമങ്ങൾ പാലിക്കുമെന്ന് മുഴുവൻ പാർട്ടികളും പ്രതിജ്ഞയും ചൊല്ലി.
പ്രചാരണ ചെലവുകൾ വെട്ടിക്കുറക്കുന്നതടക്കം മാതൃക പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട സുപ്രധാന വ്യവസ്ഥകൾ കരാറിലുൾപ്പെടുത്തി. ഈ കരാർ ലംഘിച്ചത് ചുരുക്കം ചിലയിടത്തു മാത്രമാണ്. മണ്ഡലങ്ങളിൽ പ്രചാരണത്തിന് പാർട്ടികളുടെ സംയുക്ത പൊതുയോഗമായിരുന്നു നടത്തിയത്. ഈ യോഗത്തിൽ എം.പി.എഫ് നേതാക്കൾ അധ്യക്ഷരാകുന്നതാണ് പതിവ്.
തികച്ചും സമാധാനപരമായാണ് വോട്ടെടുപ്പ് നടന്നതെന്ന് പച്ചാവു പറഞ്ഞു. രാജ്യത്ത് മറ്റിടങ്ങളിൽ വോട്ടെടുപ്പ് ദിനത്തിൽ വിവിധ പാർട്ടികളുടെ പ്രവർത്തകരാണ് നിറഞ്ഞുനിൽക്കുന്നത്. വോട്ടർമാർക്കായി സ്ലിപ് നൽകുന്നതടക്കമുള്ള സഹായവും പാർട്ടി പ്രവർത്തകരാണ് ചെയ്യാറുള്ളത്.
എന്നാൽ, മിസോറമിൽ എം.പി.എഫ് വളന്റിയർമാരാണ് കളം നിറയുന്നത്. എല്ലാ ബൂത്തിലും വളന്റിയർമാർ വോട്ടർമാരെ സഹായിക്കാനുണ്ടായിരുന്നു. വോട്ടർമാരുടെ ക്രമനമ്പറുകൾ തരംതിരിക്കുകയും സ്ലിപ്പുകൾ കൈമാറുകയും ചെയ്തത് ഇവരായിരുന്നു. മുതിർന്ന പൗരന്മാർക്കും ഭിന്നശേഷിക്കാർക്കും താങ്ങായി എം.പി.എഫ് വളന്റിയർമാർ സജീവമായിരുന്നു.
മിക്ക പോളിങ് സ്റ്റേഷനുകളിലും വോട്ടർമാർക്ക് ഇരിക്കാനായി എം.പി.എഫ് വക ബെഞ്ചുകളും ഒരുക്കി. അഞ്ചു മുതൽ പത്തുവരെ വളന്റിയർമാർ ഓരോ ബൂത്തിനടുത്തുമുണ്ടായിരുന്നു. പക്ഷപാതമില്ലാതെ പ്രവർത്തിക്കുന്നതിനാൽ എല്ലാ പാർട്ടികളും ഇവരുടെ പ്രവർത്തനത്തിൽ ‘ഹാപ്പി’യാണ്.
തെരഞ്ഞെടുപ്പ് കമീഷനും വളരെ സന്തോഷത്തിലാണ്. സമാധാനപരവും ധാർമികവുമായ പ്രചാരണം നടത്തുന്നതിൽ എം.പി.എഫ് പ്രധാന പങ്കുവഹിച്ചതായി മിസോറം ചീഫ് ഇലക്ടറൽ ഓഫിസർ മധുപ് വ്യാസ് പറഞ്ഞു. ജനാധിപത്യത്തിൽ സാമൂഹിക സംഘടനകളുടെ പങ്കാളിത്തം അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു.
പണത്തിന്റെ ബലത്തിൽ വോട്ടു തേടരുതെന്നും പരസ്പരം ആരോപണങ്ങളുമായി ചളിവാരിയെറിയരുതെന്നും എം.പി.എഫ് പാർട്ടികളോട് അഭ്യർഥിച്ചിരുന്നു. പ്രചാരണ രീതികൾ എങ്ങനെയായിരിക്കണമെന്ന് പോലും എം.പി.എഫ് നിർദേശം നൽകി. എം.പി.എഫും പാർട്ടികളുമായുള്ള കരാർ മിസോറമിനെ വർഷങ്ങളായി സ്വതന്ത്രവും നീതിയുക്തവും സമാധാനപരവുമായ തെരഞ്ഞെടുപ്പിന് സഹായിച്ചെന്ന് ഒരു പാർട്ടി നേതാവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.