നിയമസഭ തെരഞ്ഞെടുപ്പ്: ഛത്തിസ്ഗഢിൽ നക്സൽ ആക്രമണം; മിസോറമിൽ സമാധാനപരം
text_fieldsറായ്പുർ/ഐസ്വാൾ: ഛത്തിസ്ഗഢിലെ ഒന്നാംഘട്ട വോട്ടെടുപ്പിൽ 10 മണ്ഡലങ്ങളിൽ രാവിലെ ഏഴു മുതൽ മൂന്നുവരെയും ബാക്കിയുള്ള മണ്ഡലങ്ങളിൽ എട്ടു മുതൽ അഞ്ചുവരെയുമായിരുന്നു വോട്ടിങ്. ആദ്യ കണക്കുപ്രകാരം ബിജാപുർ ജില്ലയിലാണ് ഏറ്റവും കുറവ് പോളിങ് രേഖപ്പെടുത്തിയത്. അഞ്ചുമണിവരെയുള്ള കണക്കുപ്രകാരം 41 ശതമാനമാണ് ഇവിടത്തെ പോളിങ്. ഭരണവിരുദ്ധ വികാരമില്ലാത്തതിനാൽ ഉയർന്ന പോളിങ് തങ്ങൾക്ക് അനുകൂലമാകുമെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
വോട്ടെടുപ്പ് നടക്കുന്നതിനിടെ സുക്മ, കാങ്കർ മേഖലകളിൽ നക്സലുകളും സുരക്ഷാസേനയും തമ്മിൽ ഏറ്റുമുട്ടി. ആളപായം ഉണ്ടായില്ല. സുക്മയിലെ തൊണ്ടമാർകയിൽ നക്സലുകൾ സ്ഥാപിച്ച ബോംബ് പൊട്ടിത്തെറിച്ച് സി.ആർ.പി.എഫ് കോബ്ര വിഭാഗത്തിൽപെട്ട ജവാന് പരിക്കേറ്റു. കൊണ്ട മണ്ഡലത്തിലെ ബന്ദ പോളിങ് ബൂത്തിൽ കാവൽ നിൽക്കുകയായിരുന്ന സുരക്ഷാസേനക്ക് നേരെ നക്സലുകൾ വെടിയുതിർത്തു. സുരക്ഷാസേന തിരിച്ചു വെടിയുതിർത്തതോടെ നക്സലുകൾ പിന്മാറി. വെടിവെപ്പ് 10 മിനിറ്റോളം നീണ്ടു. ഇതേത്തുടർന്ന് വോട്ടെടുപ്പ് ഏറെനേരം നിർത്തിവെച്ചു. കാങ്കർ മണ്ഡലത്തിലുണ്ടായ വെടിവെപ്പിൽ ഒരു ജവാന് പരിക്കേറ്റു. എ.കെ 47 തോക്കുകൾ കണ്ടെടുത്തിട്ടുണ്ട്. കാങ്കറിലെ പൻവാറിലും നക്സൽ ആക്രമണമുണ്ടായി.
മന്ത്രിമാരായ കവാസി ലക്മ, മുഹമ്മദ് അക്ബർ, കോൺഗ്രസ് അധ്യക്ഷൻ ദീപക് ബൈജ്, മുൻ ബി.ജെ.പി മുഖ്യമന്ത്രി രമൺ സിങ് എന്നിവരാണ് ആദ്യഘട്ടത്തിൽ ജനവിധിതേടിയ പ്രമുഖർ. വീട്ടിൽ നടന്ന പ്രത്യേക പൂജക്ക് ശേഷമാണ് രമൺ സിങ് വോട്ട് രേഖപ്പെടുത്താനായി ബൂത്തിലെത്തിയത്. 20 മണ്ഡലങ്ങളിലായി 5304 പോളിങ് ബൂത്തുകൾ സജ്ജീകരിച്ചിരുന്നു. ആദ്യഘട്ടത്തിൽ 25 സ്ത്രീകൾ ഉൾപ്പെടെ 223 സ്ഥാനാർഥികളാണ് മത്സരരംഗത്തുള്ളത്.
മിസോറമിൽ നാല് മണിവരെയായിരുന്നു വോട്ടെടുപ്പെങ്കിലും ചില ബൂത്തുകളിൽ അഞ്ച് മണിയായിട്ടും വോട്ടർമാർ ക്യൂവിലുണ്ടായിരുന്നു. സംസ്ഥാനത്തെ 1276 പോളിങ് സ്റ്റേഷനുകളിലും വോട്ടെടുപ്പ് സമാധാനപൂർണമായിരുന്നുവെന്ന് അധികൃതർ പറഞ്ഞു. ഏറ്റവും കൂടുതൽ പോളിങ് ശതമാനം രേഖപ്പെടുത്തിയത് മധ്യ മിസോറമിലെ സെർച്ചിപ്പ് ജില്ലയിലാണ് (84.49 ശതമാനം). ഐസ്വാൾ ജില്ലയിലാണ് ഏറ്റവും കുറവ് പോളിങ് ശതമാനം (73.09).
ഭരണകക്ഷിയായ മിസോ നാഷനൽ ഫ്രണ്ട്, മുഖ്യപ്രതിപക്ഷമായ സോറം പീപിൾസ് മൂവ്മെന്റ്, കോൺഗ്രസ് എന്നിവ 40 സീറ്റുകളിലും സ്ഥാനാർഥികളെ നിർത്തിയിരുന്നു. ബി.ജെ.പി 23 സീറ്റുകളിലും ആം ആദ്മി പാർട്ടി നാല് സീറ്റിലുമാണ് മത്സരിക്കുന്നത്. 27 സ്വതന്ത്ര സ്ഥാനാർഥികളും മത്സരരംഗത്തുണ്ട്. ഡിസംബർ മൂന്നിനാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.