നിയമസഭ തെരഞ്ഞെടുപ്പ്; കർണാടക കാറ്റിൽ തെലങ്കാന
text_fieldsനിയമസഭ തെരഞ്ഞെടുപ്പ് പോര് മുറുകുമ്പോൾ പതിറ്റാണ്ടായി തെലങ്കാന ഭരിക്കുന്ന ഭാരത് രാഷ്ട്ര സമിതിക്കും മുഖ്യമന്ത്രി ചന്ദ്രശേഖര റാവുവിനും ശക്തമായ വെല്ലുവിളികൾ. ബി.ജെ.പിയെ തള്ളിമാറ്റി പ്രധാന പോരാട്ടം ബി.ആർ.എസും കോൺഗ്രസും തമ്മിലായി.
തെലങ്കാന സംസ്ഥാനത്തിന്റെ പിറവിക്ക് കാരണക്കാരനായ ചന്ദ്രശേഖര റാവുവിനോട് ഇപ്പോൾ വോട്ടർമാർക്ക് പഴയ മതിപ്പില്ല. വാഗ്ദാനങ്ങൾ പാലിക്കപ്പെടാത്തതാണ് കാരണം. ഭരണവിരുദ്ധ വികാരം വളർന്നിരിക്കുകയാണ്. തെലങ്കാന മേഖലയുടെ വികസനം മുന്നോട്ടുവെച്ച് സംസ്ഥാനത്തിന്റെ ആദ്യ മുഖ്യമന്ത്രിയായി മാറിയ ചന്ദ്രശേഖര റാവുവിന് കീഴിൽ തെലങ്കാന ഇപ്പോൾ കുടുംബാധിപത്യത്തിൽ അമർന്നിരിക്കുന്നുവെന്ന ആക്ഷേപം ശക്തം.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ നിരവധി ക്ഷേമ പദ്ധതികളാണ് ചന്ദ്രശേഖര റാവു പ്രഖ്യാപിച്ചിരുന്നത്. ജലസേചന പദ്ധതികൾ അടക്കം കർഷക ക്ഷേമത്തിന് പ്രത്യേക പ്രാധാന്യവും നൽകി. എന്നാൽ കർണാടകത്തിന് സമാനമായി തെലങ്കാനയിലും വ്യക്തമായ ചുവടുവെപ്പുകളിലാണ് കോൺഗ്രസ്. ഇതുവഴി കർണാടകക്കാറ്റ് വീശുകയാണ് തെലങ്കാനയിൽ. ബി.ആർ.എസിന്റെ സാധ്യതകളെ അത് എത്രത്തോളം ബാധിക്കുന്നുവെന്ന് ഇനിയുള്ള ദിവസങ്ങളിലാണ് കൂടുതൽ വ്യക്തമാകേണ്ടത്.
അയൽപക്കമായ കർണാടകത്തിലെ വിജയം സംഘടനാപരമായി കോൺഗ്രസിന്റെ കെട്ടുറപ്പും ആത്മവീര്യവും വർധിപ്പിച്ചിട്ടുണ്ട്. അതിനൊപ്പം, കർണാടകത്തിൽ പ്രഖ്യാപിച്ചതുപോലെ നിരവധി ക്ഷേമ നടപടികളാണ് തെലങ്കാനയിലെ പ്രകടന പത്രികയിൽ കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നത്.
ബി.ആർ.എസ് ഒന്നാം സ്ഥാനത്തും ബി.ജെ.പി രണ്ടാം സ്ഥാനത്തുമെന്ന സാഹചര്യവും ഇതിനിടയിൽ മാറിപ്പോയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഇതിലെ അപകടം മനസ്സിലാക്കിയ ബി.ആർ.എസ് വിവിധ ജനക്ഷേമ പദ്ധതികൾ വോട്ടർമാരെ സ്വാധീനിക്കാൻ വൈകിയ വേളയിൽ മുന്നോട്ടു വെക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.