അഞ്ചിടത്ത് നിയമസഭ തെരഞ്ഞെടുപ്പ് സമയത്തുതന്നെ നടത്തും –കമീഷണർ
text_fieldsന്യൂഡൽഹി: 2022ൽ നടക്കേണ്ട നിയമസഭ തെരഞ്ഞെടുപ്പുകൾ കൃത്യസമയത്തുതന്നെ അഞ്ചു സംസ്ഥാനങ്ങളിലും നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ സുശീല്‍ ചന്ദ്ര വ്യക്തമാക്കി. സമയത്ത് തെരഞ്ഞെടുപ്പ് നടത്തലാണ് തെരഞ്ഞെടുപ്പ് കമീഷെൻറ ഉത്തരവാദിത്തം. സമയത്ത് തെരഞ്ഞെടുപ്പ് നടത്തി വിജയിച്ചവരുടെ പട്ടിക ഗവർണർക്ക് സമർപ്പിക്കുന്നതുവരെ ഉത്തരവാദിത്തം നീളും. അടുത്ത് നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിനും കമീഷൻ സജ്ജമാണെന്ന് സുശീൽ ചന്ദ്ര പറഞ്ഞു.
ഉത്തര്‍ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ്. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പുര്‍ സംസ്ഥാനങ്ങളിൽ മാർച്ചിൽ കാലാവധി അവസാനിക്കും. അതേസമയം, യു.പിയിലെ വോട്ടെടുപ്പിന് മേയ് വരെ സമയമുണ്ടെന്നും കമീഷണർ സൂചിപ്പിച്ചു. ഈ വർഷം അഞ്ച് നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടത്തിയിരുന്നു. ആ അനുഭവം െവച്ചാകും 2022ലെ തെരഞ്ഞെടുപ്പ് നടത്തുക. ഉത്തര്‍പ്രദേശ് വലിയ സംസ്ഥാനമാണ്. 400ൽ അധികം മണ്ഡലങ്ങളുണ്ട്.
മറ്റൊരു പ്രധാന സംസ്ഥാനം പഞ്ചാബാണ്. എല്ലായിടത്തും കൃത്യ സമയത്ത് തെരഞ്ഞെടുപ്പ് നടത്തുമെന്ന് സുശീല്‍ ചന്ദ്ര വ്യക്തമാക്കി. കേരളത്തിനു പുറമെ, പശ്ചിമ ബംഗാള്‍, അസം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിലാണ് ഇക്കുറി തെരഞ്ഞെടുപ്പ് ഒരുമിച്ചു നടന്നത്. സമാന സാഹചര്യമാണ് അടുത്ത വര്‍ഷവും വരുന്നത്. നിയമസഭ കാലാവധി പൂര്‍ത്തിയാകുംമുമ്പ് പുതിയ അംഗങ്ങളെ തെരഞ്ഞെടുക്കുമെന്ന് സുശീല്‍ ചന്ദ്ര പറഞ്ഞു. രാജ്യസഭ തെരഞ്ഞെടുപ്പും ഏതാനും നിയമസഭ നിയോജകമണ്ഡലം തെരഞ്ഞെടുപ്പുകളും കോവിഡ് രണ്ടാം തരംഗം കാരണം നിർത്തിവെച്ചിട്ടുണ്ട്. അനുകൂല സാഹചര്യം പരിശോധിച്ച് ആ തെരഞ്ഞെടുപ്പുകൾ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.