ബംഗളൂരുവിൽ മലയാളി യുവതിക്ക് പീഡനം; ബൈക്ക് ടാക്സി സേവന കമ്പനിക്ക് എതിരെ നടപടിയെടുക്കും
text_fieldsബംഗളൂരു: നഗരത്തിൽ മലയാളി യുവതി കൂട്ട മാനഭംഗത്തിനിരയായ സംഭവത്തിൽ ബൈക്ക് ടാക്സി സേവന ദാതാക്കളായ 'റാപിഡോ' കമ്പനിക്കെതിരെ പൊലീസ് നടപടിയെടുക്കും. അറസ്റ്റിലായ പ്രതി ബിഹാർ സ്വദേശി ഷിഹാബുദ്ദീൻ റാപിഡോ ബൈക്ക് ടാക്സി ഡ്രൈവറാണെന്നതിനാൽ, ഇയാളുടെ പശ്ചാത്തലം അന്വേഷിക്കാതെ തൊഴിൽ നൽകിയതിനാണ് കമ്പനിക്കെതിരായ നടപടി.
പത്തുദിവസം മുമ്പ് റാപിഡോ കമ്പനി മാനേജ്മെന്റുമായി ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ കൂടിക്കാഴ്ച നടത്തിയിരുന്നതായും റൈഡർമാരുടെ പശ്ചാത്തലം പരിശോധിക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അവരെ ബോധ്യപ്പെടുത്തിയിരുന്നതായും സിറ്റി പൊലീസ് കമീഷണർ പ്രതാപ് റെഡ്ഡി പറഞ്ഞു. എന്നാൽ, ഇതിന് ഏതാനും ദിവസത്തിനുശേഷമാണ് നഗരത്തെ നടുക്കിയ കൂട്ടബലാത്സംഗം അരങ്ങേറിയത്.
പ്രസ്തുത സംഭവത്തിന് ഏതാനും മാസംമുമ്പ് ബന്നാർഘട്ടയിൽ അയൽവാസിയെ മർദിച്ച കേസിൽ ഷിഹാബുദ്ദീൻ പ്രതിയായതായി പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി. അന്ന് ഇന്ത്യൻ ശിക്ഷാനിയമം 324, 341, 506 വകുപ്പുകൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തിരുന്നു.
കഴിഞ്ഞയാഴ്ചയാണ് മലയാളി യുവതി പീഡനത്തിനിരയായത്. നഗരത്തിൽ ബി.ടി.എം ലേഔട്ടിൽ സുഹൃത്തിനെ സന്ദർശിച്ചശേഷം അർധരാത്രിയോടെ ഇലക്ട്രോണിക് സിറ്റിയിലെ മറ്റൊരു സുഹൃത്തിന്റെ അടുക്കലേക്ക് പോകവേയാണ് യുവതിയെ പ്രതി തന്റെ പെൺസുഹൃത്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചത്. പെൺകുട്ടി മദ്യപിച്ച് അർധബോധാവസ്ഥയിലായിരുന്നതിനാൽ പ്രതി ഈ സാഹചര്യം മുതലെടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
ഇയാൾ സുഹൃത്തായ അറഫാത്ത് ശരീഫിനെയും വീട്ടിലേക്ക് വിളിച്ചുവരുത്തി ഇരുവരും ചേർന്ന് പീഡിപ്പിക്കുകയായിരുന്നു. സംഭവമറിഞ്ഞിട്ടും മറച്ചുവെക്കാൻ ശ്രമിച്ച പെൺസുഹൃത്ത് സോണിയയും അറസ്റ്റിലായി. രണ്ടാം പ്രതി ഹുളിമാവ് സ്വദേശിയായ അറഫാത്ത് ശരീഫ് മൊബൈൽ കടയിലെ ജീവനക്കാരനാണ്. പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമം 376 ഡി (കൂട്ട ബലാത്സംഗം) വകുപ്പ് ചേർത്ത് കേസെടുത്തു. സോണിയക്തെിരെ സെക്ഷൻ 34 വകുപ്പും ചേർത്തിട്ടുണ്ട്.
ശാരീരിക അവശത നേരിട്ട യുവതി ആശുപത്രിയിൽ ചികിത്സ തേടിയപ്പോൾ ഡോക്ടർമാർ അറിയിച്ചതനുസരിച്ചാണ് പൊലീസ് എത്തി കേസ് രജിസ്റ്റർ ചെയ്യുന്നത്. ഫോറൻസിക് വിദഗ്ധരുടെ സഹായത്തോടെ സംഭവസ്ഥലത്തുനിന്ന് തെളിവുകൾ ശേഖരിച്ച പൊലീസ് പ്രതികളെ വൈകാതെ പിടികൂടുകയായിരുന്നെന്ന് സിറ്റി പൊലീസ് കമീഷണർ പ്രതാപ് റെഡ്ഡി പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.സംഭവത്തെ അപലപിച്ച റാപിഡോ കമ്പനി, ഇരയോട് ക്ഷമാപണം നടത്തുന്നതായി പ്രസ്താവനയിൽ പറഞ്ഞു. പൊലീസ് അന്വേഷണത്തിൽ പൂർണ സഹകരണം നൽകുമെന്നും അവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.