ബംഗ്ലാദേശിൽനിന്നുള്ള കുടിയേറ്റക്കാർക്ക് അഭയം; മമതയോട് വിശദീകരണം ചോദിച്ച് ഗവർണർ
text_fields
കൊൽക്കത്ത: സംഘർഷം രൂക്ഷമായ ബംഗ്ലാദേശിൽ നിന്നുള്ള നിസ്സഹായരായ ജനങ്ങൾക്ക് ആവശ്യമായാൽ അഭയം നൽകുമെന്ന പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ പ്രസ്താവനയിൽ വിശദീകരണം ചോദിച്ച് ഗവർണർ സി.വി. ആനന്ദബോസ്. കൊൽക്കത്തയിൽ നടന്ന പാർട്ടി റാലിയിലാണ് മമത പ്രഖ്യാപനം നടത്തിയത്. ഇതോടെ ഗവർണർ-മുഖ്യമന്ത്രി പോര് പുതിയ തലത്തിലെത്തി. നേരത്തേ തന്നെ മമത-ആനന്ദബോസ് തർക്കം മാധ്യമ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു. വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത് കേന്ദ്രത്തിന്റെ പ്രത്യേക അവകാശമാണെന്ന് രാജ്ഭവൻ മീഡിയ സെൽ എക്സിൽ പറഞ്ഞു.
വിദേശത്തു നിന്ന് വരുന്ന ആളുകളെ താമസിപ്പിക്കുന്ന കാര്യം കേന്ദ്ര സർക്കാരിന്റെ പരിഗണനാ വിഷയമാണ്. ബംഗ്ലാദേശികൾക്ക് അഭയം നൽകാനുള്ള ഉത്തരവാദിത്തം ഏറ്റെടുക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ഗുരുതരമായ ഭരണഘടനാ ലംഘനത്തെ സൂചിപ്പിക്കുന്നതാണെന്നും രാജ്ഭവൻ തിങ്കളാഴ്ച പറഞ്ഞു. ഭരണഘടനയുടെ ആർട്ടിക്കിൾ 167 പ്രകാരം റിപ്പോർട്ട് സമർപ്പിക്കാൻ ഗവർണർ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ സർക്കാരിൽ നിന്ന് ആവശ്യമായ അനുമതി ലഭിക്കാതെ ഈ ദിശയിൽ എന്തെങ്കിലും നടപടി സ്വീകരിക്കുന്നുണ്ടോ, രാജ്യത്തേക്കുള്ള കുടിയേറ്റം ബംഗാളിലെ അതിർത്തി പ്രദേശങ്ങളിലെ സാധാരണ ജീവിതത്തെയും സംസ്ഥാനത്തിന്റെ ജനസംഖ്യാ സന്തുലിതാവസ്ഥയെയും ബാധിക്കാതിരിക്കാൻ എന്ത് നടപടിയാണ് സ്വീകരിച്ചതെന്നും രാജ്ഭവൻ ആരാഞ്ഞിട്ടുണ്ട്. നേരത്തേ പ്രസ്താവനയെ ചൊല്ലി ബി.ജെ.പി മമതക്കെതിരെ രംഗത്തു വന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.