52.3 ഡിഗ്രീ സെൽഷ്യസ്; കൊടുംചൂടിൽ ഉരുകി ഡൽഹി
text_fieldsന്യൂഡൽഹി: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത ചൂടുള്ള കാലാവസ്ഥ തുടരുന്നു. ഡൽഹിയിൽ ബുധനാഴ്ച താപനില 52.3 ഡിഗ്രീ സെൽഷ്യസിലെത്തി റെക്കോഡിട്ടു. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മുൻഗേഷ്പൂരിലാണ് ഇന്ന് ഉച്ചക്ക് 2.30ന് 52.3 ഡിഗ്രീ സെൽഷ്യസ് താപനില രേഖപ്പെടുത്തിയത്.
ഡൽഹിയിലെ പലയിടങ്ങളിലും താപനില മുൻവർഷത്തെക്കാൾ വർധിച്ച് റെക്കോഡിട്ടിരിക്കുകയാണ്. നരേലയിൽ കഴിഞ്ഞ ദിവസം 49.9 ഡിഗ്രീ സെൽഷ്യസും നജാഫ്ഗഡിൽ 49.8 ഡിഗ്രീ സെൽഷ്യസും രേഖപ്പെടുത്തിയിരുന്നു. ആര്യനഗറിലെ താപമാപിനിയിൽ 47.7 ഡിഗ്രീയാണ് രേഖപ്പെടുത്തിയത്. 1988ൽ രേഖപ്പെടുത്തിയ 47.4 ഡിഗ്രീ സെൽഷ്യസായിരുന്നു ഇവിടെ ഇതുവരെ ഏറ്റവുമുയർന്ന താപനില. രാജസ്ഥാൻ, പഞ്ചാബ്, ഹരിയാന, യു.പി സംസ്ഥാനങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്. അതേസമയം, യു.പിയിൽ നോയിഡ ഉൾപ്പെടെ നഗരങ്ങളിൽ ചൂടിന് നേരിയ ശമനമേകിക്കൊണ്ട് ഇന്ന് മഴ പെയ്തു.
വടക്കുപടിഞ്ഞാറൻ മൺസൂണിന്‍റെ വരവോടെ ഉത്തരേന്ത്യയിലെ കൊടുംചൂടിന് കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്ത് വടക്കുപടിഞ്ഞാറൻ മൺസൂൺ (കാലവർഷം) ആദ്യമെത്തുക കേരളത്തിലാണ്. തുടർന്ന് വടക്കോട്ട് സഞ്ചരിച്ച് ജൂലൈ 15ഓടെ രാജ്യത്താകെ വ്യാപിക്കുകയാണ് ചെയ്യാറ്. കാലവർഷം നാളെയോടെ കേരളത്തിലെത്തുമെന്നാണ് പ്രവചനം.
അതേസമയം, കേരളത്തിൽ ഇന്നും വ്യാപക മഴ തുടരുകയാണ്. രണ്ട് ദിവസങ്ങളായി മധ്യ-തെക്കൻ കേരളത്തിലാണ് കനത്ത മഴ അനുഭവപ്പെടുന്നത്. ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം എന്നീ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് നിലനിൽക്കുകയാണ്. തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ മഞ്ഞ അലർട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.