കോവിഡ് സുരക്ഷ കാറ്റിൽ പറത്തി കുംഭമേള; ഗംഗയിൽ കുളിച്ച 102 പേർക്ക് കോവിഡ്, പങ്കെടുത്തത് 28ലക്ഷം ഭക്തർ
text_fieldsഹരിദ്വാർ: രാജ്യം കോവിഡിന്‍റെ രണ്ടാംവരവിൽ പകച്ചുനിൽക്കവേ സുരക്ഷാമാനദണ്ഡങ്ങൾ കാറ്റിൽ പറത്തി ഹരിദ്വാറിലെ കുഭമേള. മേളയുടെ ഭാഗമായി തിങ്കളാഴ്ച ഗംഗാ നദിയിൽ നടന്ന ഷാഹ സ്നാനിൽ (രാജകീയ കുളി) പങ്കെടുത്ത 102 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. മാസ്ക് ധരിക്കുകയോ ശാരീരിക അകലം പാലിക്കുകയോ ചെയ്യാതെ 28 ലക്ഷത്തോളം ഭക്തരാണ് ഇതിൽ പങ്കെടുത്തത്. ഇവരിൽനിന്ന് 18,169 പേരെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ് 102 പേർക്ക് കോവിഡ് കണ്ടെത്തിയത്.
തിങ്കളാഴ്ച വൈകീട്ടോെടയാണ് രണ്ടാമത്തെ ഷാഹി സ്നാൻ പൂർത്തിയായത്. ഇതിൽ പങ്കെടുക്കുന്നവർക്കായി ഞായറാഴ്ച രാത്രി 11.30നും തിങ്കളാഴ്ച വൈകീട്ട് അഞ്ചിനുമിടയിൽ ആരോഗ്യവകുപ്പ് നടത്തിയ കോവിഡ് ടെസ്റ്റിന്‍റെ കണക്കുകളാണ് ഉത്തരാഖണ്ഡ് സർക്കാർ പുറത്തുവിട്ടത്. ജനുവരി 14ന് ആരംഭിച്ച കുംഭമേള ചടങ്ങുകൾ ഏപ്രിൽ 27നാണ് അവസാനിക്കുക. ഇതിനിടയിൽ ദശലക്ഷക്കണക്കിനാളുകൾ പങ്കെടുക്കുന്ന നാല് ഷാഹി സ്നാനുകൾ നടക്കും.
മാർച്ച് 11 ന് നടന്ന ആദ്യ ഷാഹി സ്നാനിൽ 32 ലക്ഷത്തിലധികം പേരാണ് പങ്കെടുത്തത്. അടുത്ത ഷാഹി സ്നാൻ നാളെയും അവസാനത്തേത് ഏപ്രിൽ 27നും നടക്കും. പങ്കെടുക്കുന്നവരുടെ ശരീരോഷ്മാവ് പരിശോധന, മാസ്ക് ധരിക്കൽ, സാമൂഹിക അകലം പാലിക്കൽ തുടങ്ങിയ അടിസ്ഥാന കോവിഡ് പ്രതിരോധ മാർഗങ്ങൾ പോലും നടപ്പാക്കാൻ ഉത്തരാഖണ്ഡ് സർക്കാറിന് കഴിയുന്നില്ല. കോവിഡ് നെഗറ്റീവാണെന്ന് തെളിയിക്കാൻ ആർ.ടി.പിസിആർ ടെസ്റ്റ് നടത്തി റിപ്പോർട്ടുമായി വരുന്നവരെ മാത്രമേ കുംഭമേളയിൽ പ്രവേശിപ്പിക്കൂ എന്ന് തുടക്കത്തിൽ സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇതൊക്കെ കടലാസിലൊതുങ്ങിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
അതേസമയം, കേന്ദ്രം തയാറാക്കിയ എല്ലാ കോവിഡ് മാർഗനിർദേശങ്ങളും സംസ്ഥാന സർക്കാർ നടപ്പാക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി തിരത് സിങ് റാവത്ത് പറഞ്ഞു. "ഞങ്ങൾ കേന്ദ്ര സർക്കാരിന്‍റെ മാർഗനിർദ്ദേശങ്ങൾ 100 ശതമാനം പിന്തുടർന്നു" -റാവത്ത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.