'34 ലക്ഷം ജനങ്ങളുള്ള ജില്ലയിൽ ഡോക്ടർമാരും മരുന്നുമില്ല'; യോഗി സർക്കാറിനെതിരെ ബി.ജെ.പി നേതാവ്
text_fieldsബലിയ: ഉത്തർപ്രദേശ് സർക്കാർ കോവിഡ് കൈകാര്യം ചെയ്ത രീതിക്കെതിരെ വിമർശനവുമായി ബി.ജെ.പി നേതാവ്. ഉത്തർ പ്രദേശ് ബി.ജെ.പി വർക്കിങ് കമ്മറ്റി അംഗം രാം ഇഖ്ബാൽ സിങ്ങാണ് വിമർശനവുമായി രംഗത്തെത്തിയത്.
''കോവിഡിെൻറ ആദ്യ വരവിൽ നിന്നും ആരോഗ്യവകുപ്പ് ഒരു പാഠവും പഠിച്ചില്ല. ഇതുകൊണ്ടാണ് രണ്ടാം തരംഗത്തിൽ ഒരുപാട് പേർക്ക് ജീവൻ നഷ്ടമായത്. ഓരോ ഗ്രാമത്തിലും പത്തുപേരെങ്കിലും കോവിഡ് മൂലം മരണപ്പെട്ടിരിക്കും. കോവിഡ് ബാധിച്ച് മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് 10ലക്ഷം രൂപ നൽകണം.
34 ലക്ഷം ജനസംഖ്യയുള്ള ബലിയ ജില്ലയിൽ സ്വാതന്ത്ര്യം കിട്ടി 75 വർഷമായിട്ടും ഡോക്ടർമാരും മരുന്നുമില്ല. പക്ഷേ ജില്ല സന്ദർശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇവിടുത്തെ സ്ഥിതിഗതികളിൽ സംതൃപ്തി പ്രകടിപ്പിച്ചു. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നു. യഥാർഥ കണക്കുകൾ പുറത്തുവന്നില്ല'' -രാം ഇഖ്ബാൽ സിങ് പറഞ്ഞു.
കോവിഡ് രണ്ടാംതരംഗത്തിൽ യോഗി സർക്കാറിനെതിരെ നേരത്തെയും ബി.ജെ.പി നേതാക്കൾ രംഗത്തെത്തിയിരുന്നു. അതേ സമയം കോവിഡ് രണ്ടാം തരംഗം വിജയകരമായി കൈകാര്യം ചെയ്തുവെന്നാണ് യോഗിയുടെ വാദം. മൂന്നാംതരംഗത്തിനും സംസ്ഥാനം സജ്ജമാണെന്ന് യോഗി പറഞ്ഞിരുന്നു. എന്നാൽ യോഗി സർക്കാർ കണക്കുകളിൽ കൃത്രിമം കാണിക്കുകയാണെന്ന് ആരോപിച്ച് പ്രതിപക്ഷം രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.