പോപുലര്‍ ഫ്രണ്ട് പ്രതിഷേധത്തിന് നേരെ പൊലീസ് ലാത്തിച്ചാർജ്; നിരവധി പേർക്ക് പരിക്ക്
text_fieldsമംഗളൂരു: ഉപ്പിനങ്ങാടിയില്‍ കസ്റ്റഡിയിലെടുത്ത പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡന്‍റിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധിച്ചവര്‍ക്കെതിരേ പൊലീസ് നടത്തിയ ലാത്തിച്ചാർജിൽ നിരവധി പേർക്ക് സാരമായി പരിക്കേറ്റു. ബി.ജെ.പിയുടെ സമ്മർദ്ദത്തിന് വഴങ്ങി പ്രവര്‍ത്തകരേയും നാട്ടുകാരേയും പൊലീസ് ക്രൂരമായി മര്‍ദിക്കുകയായിരുന്നുവെന്ന് പോപുലര്‍ ഫ്രണ്ട് കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി നാസിര്‍ പാഷ പറഞ്ഞു.
കഴിഞ്ഞ ദിവസം വേറൊരാവശ്യത്തിന് പൊലീസ് സ്‌റ്റേഷനിലെത്തിയ പോപുലർ ഫ്രണ്ട് ജില്ലാ പ്രസിഡന്‍റ് ഹമീദിനെ സ്റ്റേഷനിൽ തടഞ്ഞുവയ്ക്കുകയും സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ക്ക് മർദനമേറ്റ സംഭവത്തില്‍ പ്രതി ചേര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതറിഞ്ഞ് സ്ഥലത്തെത്തിയ നൂറുകണക്കിന് പ്രവര്‍ത്തകര്‍ ചൊവ്വാഴ്ച പുലർച്ചെ സ്റ്റേഷന്‍ ഉപരോധിച്ചതോടെയാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയത്. പ്രതിഷേധക്കാരും പൊലീസും തമ്മിലുള്ള ഉന്തിനുംതള്ളിനുമൊടുവിൽ പൊലീസ് വിവേചനരഹിതമായി മർദനം അഴിച്ചുവിടുകയായിരുന്നു.
പ്രാര്‍ഥന തടസ്സപ്പെടുത്താനും പ്രവര്‍ത്തകരെ പിരിച്ചുവിടാനുമുള്ള ശ്രമം പ്രവര്‍ത്തകര്‍ തടഞ്ഞതോടെയാണ് പോലിസ് ലാത്തി വീശിയതെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു. കണ്ണില്‍ കണ്ടവരെയൊക്കെ പൊലീസ് മര്‍ദിക്കുകയായിരുന്നുവത്രെ. സാരമായി പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പൊലീസ് അതിക്രമത്തിനെതിരെ സംസ്ഥാന വ്യാപക പ്രക്ഷോഭത്തിന് പോപുലര്‍ ഫ്രണ്ട് കര്‍ണാടക സംസ്ഥാന ജനറല്‍ സെക്രട്ടറി ആഹ്വാനം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.