സർക്കാർ നിയമ ഓഫിസർമാരിൽ കുറഞ്ഞത് 30 ശതമാനമെങ്കിലും സ്ത്രീകളായിരിക്കണം -ജസ്റ്റിസ് ബി.വി നാഗരത്ന
text_fieldsജസ്റ്റിസ് ബി.വി നാഗരത്ന
ന്യൂഡൽഹി: സർക്കാർ നിയമ ഓഫിസർമാരിൽ കുറഞ്ഞത് 30 ശതമാനമെങ്കിലും സ്ത്രീകളായിരിക്കണമെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ബി.വി നാഗരത്ന.
'ബ്രേക്കിങ് ദി ഗ്ലാസ് സീലിങ്: വുമൺ ഹൂ മേഡ് ഇറ്റ്' എന്ന വിഷയത്തിൽ ശനിയാഴ്ച നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു ജസ്റ്റിസ് ബി.വി നാഗരത്ന. ജഡ്ജിമാര്‍ക്കിടയില്‍ കൂടുതല്‍ വൈവിധ്യം കൊണ്ടുവരുന്നതിനായി കഴിവുള്ള വനിതാ അഭിഭാഷകരെ ഹൈക്കോടതി ജഡ്ജിമാരായി സ്ഥാനക്കയറ്റം നല്‍കണമെന്ന് ജസ്റ്റിസ് നാഗരത്‌ന ആവശ്യപ്പെട്ടു.
ഹൈകോടതികളിൽ 45 വയസിൽ താഴെ പ്രായമുള്ള പുരുഷ അഭിഭാഷകരെ പോലും നിയമിക്കാൻ കഴിവുണ്ടെങ്കിൽ, എന്തുകൊണ്ട് കഴിവുള്ള വനിത അഭിഭാഷകരെ നിയമിച്ചുകൂടായെന്ന് നാഗരത്‌ന ചോദിച്ചു.
സ്ത്രീ ശാക്തീകരണത്തിലേക്കുള്ള ആദ്യപടിയായി, പെൺകുട്ടികൾ വിദ്യാഭ്യാസം നേടേണ്ടതിന്‍റെ പ്രാധാന്യം നാഗരത്‌ന ചൂണ്ടികാട്ടി.
വിദ്യാഭ്യാസം നേടുന്നതിലൂടെ പെൺകുട്ടികൾക്ക് വലിയ സ്വപനങ്ങൾ കാണാനും, ആഗ്രഹങ്ങളും സ്വപനങ്ങളും പിന്തുടരാനുമുള്ള കഴിവ് അവർക്ക് ലഭിക്കുന്നുവെന്നും നാഗരത്‌ന പറഞ്ഞു. വിദ്യാഭ്യാസത്തിനപ്പുറം, തൊഴിൽ മേഖലയിലും അവരുടെ പങ്കാളിത്തം ഉറപ്പാക്കണമെന്ന് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
കൂടാതെ അമ്മ, ഭാര്യ, പരിചാരക എന്നിങ്ങനെയുള്ള പ്രാഥമിക റോളുകള്‍ വഹിക്കുന്ന സാധാരണ സ്ത്രീകളുടെ ജീവിതവും അംഗീകരിക്കപ്പെടണമെന്ന് ജസ്റ്റിസ് നാഗരത്‌ന പറഞ്ഞു.
ഇന്ത്യയിലെ ആദ്യത്തെ വനിതാ അഭിഭാഷകയായ കൊർണേലിയ സൊറാബ്ജിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മുംബൈ സർവകലാശാലയും ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ചും ചേർന്നാണ് സെമിനാർ സംഘടിപ്പിച്ചത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.