സമൂഹമാധ്യമങ്ങൾ തീവ്രവാദികളുടെ ടൂൾകിറ്റിലെ പ്രധാന ഉപകരണമായി മാറുന്നു -വിദേശകാര്യമന്ത്രി
text_fieldsന്യൂഡൽഹി: ഇന്‍റർനെറ്റും സമൂഹമാധ്യമങ്ങളും തീവ്രവാദ സംഘങ്ങളുടെ ടൂൾകിറ്റിലെ ഉപകരണമായി മാറിയിരിക്കുന്നുവെന്ന് വിദേശ കാര്യമന്ത്രി എസ്. ജയശങ്കർ. സമൂഹത്തെ അസ്ഥിരമാക്കുക എന്ന ലക്ഷ്യത്തോടെ തീവ്രവാദ സംഘങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരണം നടത്തുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന യു.എൻ സുരക്ഷാ കൗൺസിലിന്‍റെ തീവ്രവാദ വിരുദ്ധ കമ്മിറ്റിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാങ്കേതിക വിദ്യയുടെ വളർച്ച സർക്കാരുകൾക്ക് പുതിയ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ട്. സമൂഹത്തിലെ സ്വാതന്ത്ര്യം, സഹിഷ്ണുത, പുരോഗതി എന്നിവയെ കടന്നാക്രമിക്കാൻ സാങ്കേതിക വിദ്യയും പണവും തീവ്രവാദ സംഘങ്ങൾ ഉപയോഗിക്കുന്നു. ചെലവുകുറഞ്ഞതും എളുപ്പത്തിൽ ലഭ്യമാവുന്നതുമായതിനാൽ തീവ്രവാദ പ്രവർത്തനങ്ങൾക്കായി സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നത് വർധിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് മഹാമാരിയുടെ സമയത്ത് യുവാക്കളെയും കുട്ടികളെയും ലക്ഷ്യമിട്ട് ഓൺലൈൻ ഗെയിമിങ് പ്ലാറ്റ് ഫോമുകളിലൂടെ തീവ്രവാദ സംഘങ്ങൾ വിഷലിപ്തമായ സന്ദേശങ്ങൾ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ ഭീഷണിയോട് പോരാടാൻ ഐക്യരാഷ്ട്ര സഭ മികച്ച ശ്രമങ്ങൾ നടത്തുന്നതിനിടയിലും ലോകത്ത് തീവ്രവാദ സംഘങ്ങൾ വളരുകയും വികസിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.