അതീഖ് അഹ്മദിനെ പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലണം -മുൻ ബി.ജെ.പി എം.പി
text_fieldsബല്ലിയ (യു.പി): മുൻ സമാജ്വാദി എം.പിയും എം.എൽ.എയുമായ അതീഖ് അഹ്മദിനെ ജയിലിൽനിന്ന് പുറത്തിറക്കി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലണമെന്ന് മുൻ ബി.ജെ.പി എം.പി ഹരിനാരായൺ രാജ്ഭർ. അങ്ങനെ ചെയ്യുന്ന പൊലീസുകാർക്കുമുന്നിൽ സ്വർഗവാതിൽ തുറക്കപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഉമേഷ് പൽ കൊലക്കേസിൽ പ്രതികളായ അതീഖ് അഹ്മദിന്റെ രണ്ടു സഹായികൾ കഴിഞ്ഞദിവസം പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. അതിനുപിന്നാലെയാണ് രാജ്ഭറിന്റെ അഭിപ്രായപ്രകടനം.
2005ലെ ബി.എസ്.പി എം.എൽ.എ രാജു പലിന്റെ കൊലപാതകത്തിൽ പ്രധാനസാക്ഷിയായ അഭിഭാഷകൻ ഉമേഷ് പൽ ഫെബ്രുവരി 24ന് കൊല്ലപ്പെട്ടിരുന്നു. ഇതിൽ ആരോപണവിധേയരായ വിജയ് കുമാർ എന്ന ഉസ്മാൻ ചൗധരി, മുഹമ്മദ് അർബാസ് എന്നിവരെയാണ് പൊലീസ് വെടിവെച്ചുകൊന്നത്. രാജു പൽ കൊലക്കേസിൽ മുഖ്യപ്രതിയായ അതീഖ് അഹ്മദിന്റെ അടുത്തയാളുകളാണ് ഇരുവരുമെന്ന് പൊലീസ് പറഞ്ഞു.
നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അതീഖ് അഹ്മദ് 2017ൽ അറസ്റ്റിലായി യു.പിയിലെ ജയിലിലായിരുന്നു. എന്നാൽ, ജയിലിൽ കഴിയവെ നടത്തിയ ക്രിമിനൽ പ്രവർത്തനങ്ങളെ തുടർന്ന് സുപ്രീംകോടതി നിർദേശപ്രകാരം അതീഖിനെ 2019ൽ അഹ്മദാബാദ് ജയിലിലേക്ക് മാറ്റിയിരുന്നു.
യു.പി ജയിലിലേക്ക് തിരിച്ചുകൊണ്ടുവന്നാൽ ജീവന് ഭീഷണിയുണ്ടെന്നും അഹ്മദാബാദ് ജയിലിൽതന്നെ തുടരാൻ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് അതീഖ് അഹ്മദ് അടുത്തിടെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു. 1989 മുതൽ 2004 വരെ അലഹാബാദ് വെസ്റ്റ് മണ്ഡലത്തിൽനിന്നുള്ള എം.എൽ.എ ആയിരുന്ന അതീഖ് അഹ്മദ് 2004 മുതൽ 2009 വരെ ഫുൽപൂരിൽനിന്ന് എം.പിയുമായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.