അതീഖ് വധം: യോഗി സർക്കാരിൽ നിന്ന് സുപ്രീംകോടതി റിപ്പോർട്ട് തേടി
text_fieldsന്യൂഡൽഹി: മുൻ എം.പി അതീഖ് അഹ്മദും സഹോദരൻ അഷ്‌റഫും പൊലീസ് സംരക്ഷണ വലയത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ ഉത്തർപ്രദേശിലെ യോഗി സർക്കാരിൽ നിന്ന് സുപ്രീം കോടതി റിപ്പോർട്ട് തേടി. അതീഖ് വധവും അതിന് മുമ്പ് മകൻ ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടതും അന്വേഷിക്കാൻ സംസ്ഥാന സർക്കാർ എന്ത് നടപടികൾ സ്വീകരിച്ചു എന്ന് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു. കേസിൽ മൂന്നാഴ്ചയ്ക്ക് ശേഷം വാദം കേൾക്കും.
ഏപ്രിൽ 15ന് പ്രയാഗ്‌രാജ് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് കൊണ്ടുപോവുന്നതിനിടെയായിരുന്നു അതീഖിനെയും സഹോദരനെയും മാധ്യമപ്രവർത്തകർ എന്ന വ്യാജേന എത്തിയവർ വെടിവച്ചു കൊലപ്പെടുത്തിയത്. അതീഖ് വധവും സംസ്ഥാനത്ത് നടന്ന സമാന കൊലപാതകങ്ങളും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ വിശാൽ തിവാരി നൽകിയ ഹരജിയിലാണ് ഉത്തരവ്.
തന്റെ ഹർജി അടിയന്തരമായി കേൾക്കണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുമ്പാകെ അഭിഭാഷകൻ വിശാൽ തിവാരി ആവശ്യപ്പെട്ടിരുന്നു.
അതീഖിന്റെയും അഷ്‌റഫിന്റെയും കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ മുൻ സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ ഒരു സ്വതന്ത്ര വിദഗ്ധ സമിതി രൂപീകരിക്കണമെന്നാണ് തിവാരി ഹർജിയിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.