അതീഖ് അഹ്മദിന്റെ കൊലപാതകം; സുരക്ഷസേനയുടെ മുന്നിൽ വെടിവെച്ച് കൊല്ലുന്നതെങ്ങനെ? യു.പി സർക്കാറിനോട് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: സമാജ്വാദി പാർട്ടി മുൻ എം.പിയും ഗുണ്ടാനേതാവുമായ അതീഖ് അഹ്മദിനെയും സഹോദരൻ അഷ്റഫിനെയും പൊലീസ് കസ്റ്റഡിയിൽ വെടിവെച്ചുകൊന്ന സംഭവത്തിൽ യു.പി സർക്കാറിനോട് വിശദീകരണം തേടി സുപ്രീംകോടതി. 10 പേരടങ്ങുന്ന സുരക്ഷസേനയുടെ മുന്നിൽ എങ്ങനെയാണ് ഇത്തരമൊരു കൊലപാതകം നടത്താനാവുകയെന്ന് കോടതി ചോദിച്ചു.
യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായി ചുമതലയേറ്റ 2017 മാർച്ച് മുതലുള്ള 183 ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ വിശദീകരണം നൽകണമെന്നും ജസ്റ്റിസുമാരായ എസ്. രവീന്ദ്രഭട്ട്, അരവിന്ദ് കുമാർ എന്നിവരടങ്ങിയ ബെഞ്ച് യു.പി സർക്കാറിനോട് ആവശ്യപ്പെട്ടു. ഏറ്റുമുട്ടൽ കൊലപാതകങ്ങളുടെ വിവരങ്ങൾ, അന്വേഷണത്തിന്റെ നിലവിലെ സ്ഥിതി, കുറ്റപത്രം സമർപ്പിച്ചതിന്റെയും വിചാരണയുടെയും അവസ്ഥ എന്നിവയടക്കമാണ് സത്യവാങ്മൂലം സമർപ്പിക്കേണ്ടത്. സഹോദരന്മാരുടെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് അതീഖിന്റെയും അഷ്റഫിന്റെയും സഹോദരി ആയിശ നൂരി സമർപ്പിച്ച ഹരജിയിൽ യു.പി സർക്കാറിന് നോട്ടീസ് അയക്കാനും കോടതി ഉത്തരവിട്ടു.
അതേസമയം, ഏറ്റുമുട്ടൽ കൊലപാതകങ്ങൾ അന്വേഷിക്കാൻ സ്വതന്ത്ര ജുഡീഷ്യൽ കമീഷനെ നിയമിക്കണമെന്നാവശ്യപ്പെട്ട് വിശാൽ തിവാരി എന്നയാൾ നൽകിയ പൊതുതാൽപര്യ ഹരജി സുപ്രീംകോടതി തള്ളി. സംസ്ഥാന സർക്കാർ ഈയാവശ്യാർഥം ജുഡീഷ്യൽ കമീഷനെ നിയോഗിച്ചിട്ടുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.