മുദ്രവച്ച കവറിൽ അതീഖ് അഹ്മദിന്‍റെ രഹസ്യകത്ത്; കൊല്ലപ്പെട്ടാൽ ചീഫ് ജസ്റ്റിസിനും യു.പി മുഖ്യമന്ത്രിക്കും കൈമാറാൻ നിർദേശം
text_fieldsലഖ്നോ: താൻ കൊല്ലപ്പെട്ടാൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അയക്കാനായി സമാജ്‌വാദി പാർട്ടി മുൻ എം.പി അതീഖ് അഹ്മദ് രഹസ്യ കത്ത് കൈമാറിയിരുന്നതായി അഭിഭാഷകനായ വിജയ് മിശ്ര. അജ്ഞാതനായ മറ്റൊരാളുടെ കൈവശമാണ് കത്ത് ഉള്ളതെന്നുംമുദ്രവച്ച കവറിലുള്ള രഹസ്യകത്ത് അയാൾ രണ്ട് പേർക്കും അയച്ചതായും വിജയ് മിശ്ര വ്യക്തമാക്കി.
'രഹസ്യ കത്ത് തന്റെ കൈവശമല്ല. ചീഫ് ജസ്റ്റിസിനും ഉത്തർപ്രദേശ് മുഖ്യമന്ത്രിക്കും കത്തയക്കുന്നതും താനല്ല. രഹസ്യകത്തിലെ ഉള്ളടക്കം എന്താണെന്ന് അറിയില്ല. ഏതെങ്കിലും തരത്തിലുള്ള അത്യാഹിതമോ കൊല്ലപ്പെടുകയോ ചെയ്താൽ ചീഫ് ജസ്റ്റിസിനും മുഖ്യമന്ത്രിക്കും കത്ത് അയച്ചു കൊടുക്കണമെന്ന് അതീഖ് അഹ്മദ് ആവശ്യപ്പെട്ടിരുന്നു' - വിജയ് മിശ്ര വ്യക്തമാക്കി.
അതീഖ് അഹ്മദിനെയും സഹോദരൻ അഷ്റഫ് അഹ്മദിനെയും ജയിലിന് പുറത്തെത്തിച്ച് കൊലപ്പെടുത്തുമെന്ന് പറഞ്ഞ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥനെ കുറിച്ച് കത്തിൽ വിശദീകരിക്കുന്നുണ്ടെന്ന് അഷ്റഫ് പറഞ്ഞതായി അഭിഭാഷകൻ നേരത്തെ സൂചന നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് രഹസ്യകത്ത് അയച്ചതെന്ന് അഭിഭാഷകൻ പറഞ്ഞു.
'ഇത്തവണ രക്ഷപ്പെട്ടെന്നും 15 ദിവസത്തിനുള്ളിൽ ജയിലിൽ നിന്നിറക്കി ഇരുവരെയും കൊലപ്പെടുത്തുമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥൻ അഷ്റഫിനോട് പറഞ്ഞത്. പ്രയാഗ് രാജിൽ നിന്ന് ബറേലിയിലേക്ക് കൊണ്ടു പോകുമ്പോഴായിരുന്നു ഇത്. പൊലീസ് ഉദ്യോഗസ്ഥൻ ആരെന്ന് ഞാൻ ചോദിച്ചെങ്കിലും അദ്ദേഹം പറയാൻ തയാറായില്ല. എനിക്ക് അപായമുണ്ടാകാൻ സാധ്യതയുണ്ടെന്ന് കരുതി അദ്ദേഹം പേര് വെളിപ്പെടുത്തിയില്ല' - വിജയ് മിശ്ര വ്യക്തമാക്കി.
ശനിയാഴ്ച രാത്രിയാണ് ഉമേഷ് പാൽ വധക്കേസിൽ റിമാൻഡിലുള്ള ഉത്തർപ്രദേശ് മുൻ എം.പി അതീഖ് അഹ്മദിനെയും സഹോദരൻ അഷ്റഫിനെയും പൊലീസ് വലയത്തിൽ മൂന്നംഗ സംഘം വെടിവെച്ച് കൊന്നത്. സുപ്രീംകോടതി നിർദേശപ്രകാരം വൈദ്യപരിശോധനക്ക് പ്രയാഗ് രാജ് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടെ മാധ്യമപ്രവർത്തകർ ചമഞ്ഞെത്തിയ മൂന്നുപേർ ഇരുവരെയും വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.