വെറുമൊരു മാഫിയ തലവൻ മാത്രമാണോ അതീഖ് അഹ്മദ്? കൂടുതലറിയാം...
text_fieldsഉത്തർപ്രദേശിനെ പിടിച്ചു കുലുക്കിയ സംഭവമായി മാറിക്കഴിഞ്ഞു സമാജ് വാദി മുൻ എം.പി അതീഖ് അഹ്മദിന്റെ കൊലപാതകം. അഞ്ച് തവണ എം.എൽ.എയായിരുന്നു ആതിഖ്. ആതിഖ് അഹ്മദിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടുകൊണ്ടിരിക്കുകയാണ് ഓരോ മാധ്യമങ്ങളും. ഒറ്റ വാക്കിൽ മാഫിയ സംഘത്തിൽ നിന്ന് രാഷ്ട്രീയ നേതാവായി മാറിയ ആളാണ് അതീഖ് എന്നു പറയാം. 1962ൽ അലഹബാദിലാണ് ജനനം. കുതിരവണ്ടിക്കാരനായിരുന്നു പിതാവ്. ദാരിദ്ര്യമറിഞ്ഞു വളർന്ന ബാല്യം. കുടുംബത്തിന്റെ പട്ടിണി മാറ്റാൻ ഹൈസ്കൂൾ കഴിഞ്ഞതോടെ അതീഖ് പഠനം നിർത്തി. ചെറിയ മോഷണങ്ങൾ വഴിയായിരുന്നു ആദ്യമൊക്കെ പണമുണ്ടാക്കിയിരുന്നത്.
17ാം വയസിൽ കൊലപാതകക്കേസിൽ പ്രതിയായതോടെയാണ് അതീഖ് അഹ്മദ് എന്ന മാഫിയ നേതാവ് ജനിക്കുന്നത്. 1979ലായിരുന്നു അത്. യു.പിയിൽ ഗുണ്ട നിയമപ്രകാരം കേസെടുത്ത ആദ്യത്തെ വ്യക്തിയാണ് അതീഖ്. പ്രയാഗ്‌രാജിലും പിന്നീട് അലഹബാദിലും കിഴക്കൻ യു.പിയുടെ മറ്റ് ഭാഗങ്ങളിലും കൊള്ളയടിക്കൽ, ഭൂമി തട്ടിയെടുക്കൽ സംഘത്തിന്റെ തലവനായി അതീഖ് മാറിയതായാണ് ചില റിപ്പോർട്ടുകൾ.
1989ലാണ് അലഹബാദ് വെസ്റ്റ് മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി വിജയിച്ചത്. 27 വയസായിരുന്നു അപ്പോൾ പ്രായം. 1996 വരെ വീണ്ടും രണ്ടുതവണ ഇതേ മണ്ഡലത്തിൽ നിന്ന് സ്വതന്ത്രനായി വിജയിച്ചു. 1996ൽ സമാജ്‍വാദി പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ച് വീണ്ടും വിജയമാവർത്തിച്ചു. 1998ൽ സമാജ്‍വാദി പാർട്ടിയിൽ നിന്ന് പുറത്താക്കി. പിന്നീട് അപ്നാദളിലെത്തി. 2002ൽ അപ്നാനാദൾ സ്ഥാനാർഥിയായി അലഹാബാദ് വെസ്റ്റിൽ നിന്ന് മത്സരിച്ച് ജയിച്ചു. 2003ൽ വീണ്ടും സമാജ് വാദി പാർട്ടിയിലെത്തി.
2004ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ജവഹർലാൽ നെഹ്‌റുവിന്റെ ലോക്‌സഭാ സീറ്റായ ഫുൽപൂർ സീറ്റിൽ നിന്ന് സമാജ് വാദി പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ച് വിജയിച്ചു.
2005ൽ രാഷ്ട്രീയ എതിരാളിയായ ബി.എസ്.പി എം.എൽ.എ രാജു പാലിനെ കൊലപ്പെടുത്തിയ കേസിൽ പ്രതിചേർക്കപ്പെട്ടു. ഈ കേസിലെ പ്രധാന സാക്ഷിയായിരുന്നു ഉമേഷ് പാൽ. 2006ൽ ഇയാളെ ആതിഖും സംഘവും തട്ടിക്കൊണ്ടുപോയതായി കാണിച്ച് പരാതി രജിസ്റ്റർ ചെയ്തിരുന്നു. 2008ൽ അതീഖ് യു.പി പൊലീസിൽ കീഴടങ്ങി. തുടർന്ന് സമാജ് വാദി പാർട്ടി വീണ്ടും അദ്ദേഹത്തെ പുറത്താക്കി. ഒരു കേസിലും ശിക്ഷിക്കപ്പെട്ടില്ല. പിന്നീട് ജാമ്യത്തിലിറങ്ങി 2014, 2019 വർഷങ്ങളിലെ ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2017ൽ ഒരു ആക്രമണ കേസിൽ അറസ്റ്റിലായി. 2019ൽ സുപ്രീംകോടതി ഉത്തരവനുസരിച്ച് അഹ്മദാബാദിലെ സബർമതി ജയിലിലേക്ക് മാറ്റി. അതീഖിനെതിരെ 100 പേജുള്ള എഫ്.ഐ.ആർ ആണ് ഉണ്ടായിരുന്നത്. 54 തണ വിചാരണ നേരിട്ടു. 2005ലെ കൊലക്കേസ് ആണ് അതീഖിന് തിരിച്ചടിയായത്. യു.പിയിൽ യോഗി ആദിത്യ നാഥ് മുഖ്യമന്ത്രിയായതോടെ അതീഖ് നോട്ടപ്പുള്ളിയായി.
അഞ്ചുമക്കളാണ് അതീഖിനും ഭാര്യ ഷൈസ്ത പർവീനും. മൂന്നാമത്തെ മകൻ അസദിനെ ശനിയാഴ്ച പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു. ലഖ്‌നൗ ജില്ലാ ജയിലിൽ കഴിയുന്ന അദ്ദേഹത്തിന്റെ മൂത്ത മകൻ മുഹമ്മദ് ഉമർ ജയ്‌സ്വാൾ കേസിൽ കൂട്ടുപ്രതിയാണ്. അദ്ദേഹത്തിന്റെ രണ്ടാമത്തെ മകൻ മുഹമ്മദ് അലി അഹമ്മദ് 2021 ഡിസംബറിൽ വസ്തു ഇടപാടുകാരനെ ആക്രമിച്ച കേസിൽ പങ്കുണ്ടെന്ന് ആരോപിച്ച് നൈനി ജയിലിലാണ്.
ഉമേഷ് പാലിന്റെ കൊലപാതകത്തിനുപുറമെ, പ്രയാഗ്‌രാജിലെ കേണൽഗഞ്ച് പോലീസ് സ്റ്റേഷനിൽ 2019 മുതൽ അദ്ദേഹത്തിന്റെ ഭാര്യ ഷൈസ്ത പർവീനെതിരെ വ്യാജ ആയുധങ്ങൾക്കും അനധികൃത ആയുധങ്ങൾക്കും കീഴിൽ മറ്റ് മൂന്ന് കേസുകളെങ്കിലും രജിസ്റ്റർ ചെയ്തിട്ടുണ്ട്.
കേസുകൾ കോടതിയുടെ പരിഗണനയിലാണ്. അവർ ഒളിവിലാണ്. പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെ പോലീസ് നിയമവിരുദ്ധമായി പിടിച്ചു കൊണ്ടുപോയി എന്ന് പറഞ്ഞ് ഷൈസ്ത പർവീൺ പ്രയാഗ്‌രാജിലെ പ്രാദേശിക കോടതിയെ സമീപിച്ചിരുന്നു.ആൺകുട്ടികളെ പ്രയാഗ്‌രാജിൽ കണ്ടെത്തി ശിശു സംരക്ഷണ ഹോമിൽ പ്രവേശിപ്പിച്ചതായി പൊലീസ് പിന്നീട് പ്രാദേശിക കോടതിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.