ആതിഖ് അഹമ്മദിന്റെ മകൻ അസദിനെ യു.പി പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചു
text_fieldsലഖ്നോ/ഝാൻസി: ഉമേഷ് പാൽ വധക്കേസ് പ്രതികളായ അസദ് അഹ്മദിനെയും ഗുലാമിനെയും ഏറ്റുമുട്ടലിൽ വധിച്ച് ഉത്തർപ്രദേശ് പൊലീസ്. ഇതേ കേസിൽ റിമാൻഡിലുള്ള മുൻ ലോക്സഭാംഗവും സമാജ്വാദി പാർട്ടി നേതാവുമായ ആതിഖ് അഹ്മദിന്റെ മകനാണ് അസദ്.
അസദും ഗുലാമും വ്യാഴാഴ്ച ഝാൻസിയിൽ യു.പി പ്രത്യേക ദൗത്യ സംഘവുമായുള്ള (എസ്.ടി.എഫ്) ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടുവെന്ന് സ്പെഷൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ അറിയിച്ചു.
പ്രതികളാണ് ആദ്യം നിറയൊഴിച്ചതെന്നും പൊലീസിന്റെ തിരിച്ചടിയിൽ ഇരുവരും കൊല്ലപ്പെടുകയായിരുന്നുവെന്നും കൂടുതൽ വിവരങ്ങൾ താമസിയാതെ പുറത്തുവരുമെന്നും പ്രശാന്ത്കുമാർ കൂട്ടിച്ചേർത്തു. അതേസമയം, അസദിനെ വ്യാജ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ബന്ധുക്കളും സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് അടക്കമുള്ളവരും ആരോപിച്ചു. വ്യാജ ഏറ്റുമുട്ടൽ വിഷയത്തിൽ അന്വേഷണം വേണമെന്നും എസ്.പിയും ബി.എസ്.പിയും ആവശ്യപ്പെട്ടു.
പ്രയാഗ് രാജ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ആതിഖ് അഹ്മദിനെ ഹാജരാക്കി 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ട ദിവസം തന്നെയാണ് മകൻ കൊല്ലപ്പെട്ടത്. വ്യാഴാഴ്ച കോടതിയിൽവെച്ചാണ് ആതിഖ് മകൻ കൊല്ലപ്പെട്ടത് അറിയുന്നത്. താൻ ഏതു നിമിഷവും കൊല്ലപ്പെടുമെന്ന് റിമാൻഡിലുള്ള ആതിഖ് അഹ്മദ് നേരത്തേ കോടതിയിൽ വെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ബി.എസ്.പി എം.എൽ.എ രാജു പാലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട പ്രധാനസാക്ഷി അഡ്വ. ഉമേഷ് പാലിനെ പ്രയാഗ് രാജിൽ വെടിവെച്ചു കൊന്ന കേസിലെ പ്രതികളാണ് ആതിഖ് അഹ്മദും മകൻ ആസാദും അടക്കമുള്ളവർ. ഒളിവിലുള്ള ആസാദിനെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചുലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്നു. കൊല്ലപ്പെട്ടവരിൽ നിന്ന് വിദേശ നിർമിത ആയുധങ്ങൾ കണ്ടെടുത്തുവെന്നും സ്പെഷൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ പറഞ്ഞു.
ഏറ്റുമുട്ടൽ നടന്നതായി പൊലീസ് പറയുന്ന സ്ഥലത്ത് ഇരുവരുടെയും മൃതദേഹങ്ങൾ ഒരു ബൈക്കിനടുത്ത് കിടക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഏറ്റുമുട്ടൽ കൊലപാതകം നടത്തിയ യു.പി പൊലീസിനും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും നന്ദി അറിയിക്കുന്നതായി ഉമേഷ് പാലിന്റെ കുടുംബം പ്രതികരിച്ചു. പ്രത്യേക ദൗത്യ സംഘത്തെ അഭിനന്ദിക്കുന്നതായി യു.പി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു. വ്യാജ ഏറ്റുമുട്ടലിലൂടെ ബി.ജെ.പി സർക്കാർ യഥാർഥ പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിച്ചുവിടുകയാണെന്നും യോഗി സർക്കാർ നീതിന്യായ വ്യവസ്ഥയെ വെല്ലുവിളിക്കുകയാണെന്നും സമാജ്വാദി പാർട്ടി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.