അതീഖ്-അഷ്റഫ് കൊല സുപ്രീംകോടതിയിലേക്ക്; സ്വതന്ത്ര അന്വേഷണം നടത്തണമെന്ന് ആവശ്യം
text_fieldsന്യൂഡൽഹി: യു.പി പൊലീസ് കസ്റ്റഡിയിൽ അതീഖ് അഹ്മദിനെയും സഹോദരൻ അഷ്റഫ് അഹ്മദിനെയും കൊല ചെയ്ത സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ പൊതുതാൽപര്യ ഹരജി. വിരമിച്ച സുപ്രീംകോടതി ജഡ്ജിയുടെ മേൽനോട്ടത്തിൽ സ്വതന്ത്ര അന്വേഷണം നടത്തണമെന്നാണ് ഹരജിയിലെ ആവശ്യം.
2017 മുതൽ യു.പിയിൽ നടന്നതായി ഡി.ജി.പി വെളിപ്പെടുത്തിയ 183 ഏറ്റുമുട്ടലുകളെ കുറിച്ച് ഈ വിദഗ്ധ സമിതി അന്വേഷിക്കണമെന്നും ഹരജിയിലുണ്ട്. ജനാധിപത്യ സമൂഹത്തിൽ പൊലീസ് അന്തിമ നീതി നൽകുന്നവരോ ശിക്ഷ വിധിക്കുന്ന അധികാര കേന്ദ്രമോ ആകാൻ അനുവദിക്കരുതെന്ന് ഹരജിയിൽ ആവശ്യപ്പെടുന്നു.
ശനിയാഴ്ച രാത്രിയാണ് ഉമേഷ് പാൽ വധക്കേസിൽ റിമാൻഡിലുള്ള ഉത്തർപ്രദേശ് മുൻ എം.പി അതീഖ് അഹ്മദിനെയും സഹോദരൻ അഷ്റഫിനെയും പൊലീസ് വലയത്തിൽ മൂന്നംഗ സംഘം വെടിവെച്ച് കൊന്നത്. സുപ്രീംകോടതി നിർദേശപ്രകാരം വൈദ്യപരിശോധനക്ക് പ്രയാഗ് രാജ് മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകുന്നതിനിടെ മാധ്യമപ്രവർത്തകർ ചമഞ്ഞെത്തിയ മൂന്നുപേർ ഇരുവരെയും വെടിവെച്ച് വീഴ്ത്തുകയായിരുന്നു.
മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവേ, സുരക്ഷാവലയത്തിനിടയിലൂടെ ചാനൽ കാമറകൾക്കു മുന്നിൽ ഇരുവരെയും പോയന്റ് ബ്ലാങ്ക് റേഞ്ചിൽ വെടിവെച്ചിട്ട ശേഷം കൊലയാളികൾ ‘ജയ്ശ്രീറാം’ വിളിച്ചു. അതീഖും അഷ്റഫും നിലത്തുവീണ ശേഷവും മരണമുറപ്പാകുംവരെ മൂവരും വെടിവെപ്പ് തുടർന്നു. സംഭവത്തിൽ മൂന്നു പേർ അറസ്റ്റിലായിട്ടുണ്ട്.
ഉമേഷ് പാൽ വധക്കേസിലെ തന്നെ പ്രതിയും അതീഖിന്റെ മകനുമായ അസദിനെയും സഹായിയെയും ഝാൻസിയിൽ പൊലീസ് ദുരൂഹ ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയതിന് രണ്ടു ദിവസത്തിനുള്ളിലാണ് പുതിയ കൊലപാതകം. ജീവന് ഭീഷണിയുണ്ടെന്ന പരാതിയെ തുടർന്ന് ഗുജറാത്തിലെ സബർമതി ജയിലിലേക്ക് മാറ്റിയിരുന്ന അതീഖിനെയും സഹോദരനെയും ഉമേഷ് പാൽ കേസിൽ കോടതിയിൽ ഹാജരാക്കാൻ വേണ്ടിയാണ് പ്രയാഗ് രാജിൽ കൊണ്ടുവന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.