സംരക്ഷണത്തിന് അതീഖ് സുപ്രീം കോടതി വരെ കയറിയിറങ്ങി; യു.പിയിലേക്ക് മാറ്റുന്നത് വധിക്കാനെന്ന് വിളിച്ചുപറഞ്ഞു
text_fieldsഗുജറാത്തിലെ സബർമതി ജയിലിൽനിന്ന് തന്നെ യു.പിയിലെ ജയിലിലേക്ക് മാറ്റാനുള്ള നീക്കത്തിനെതിരെ കൊല്ലപ്പെട്ട അതീഖ് അഹ്മദ് ഈയിടെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. തന്നെ മാറ്റുന്നത് വധിക്കാനാണെന്നും അതിനാൽ ജയിൽ മാറ്റം തടയണമെന്നും സംരക്ഷണം നൽകണമെന്നുമായിരുന്നു ആവശ്യം. ഈ കോടതി പരാതിക്കാരന്റെ സംരക്ഷണം നിഷേധിക്കുകയാണെങ്കിൽ, അത് അദ്ദേഹത്തിന്റെ ജീവന് തന്നെ ഭീഷണിയുയർത്തുന്നതാകുമെന്ന് അതീഖിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, വിഷയം സുപ്രീംകോടതിയുടെ പരിഗണനയിലുള്ളതല്ലെന്നും ഹൈകോടതിയെ സമീപിക്കാനും അഭിഭാഷകനോട് കോടതി നിർദേശിക്കുകയായിരുന്നു. 2019ല്‍ സുപ്രീംകോടതി നിര്‍ദേശപ്രകാരമാണ് അതീഖ് അഹ്മദിനെ ഗുജറാത്തിലെ അതിസുരക്ഷ ജയിലിലേക്ക് മാറ്റിയിരുന്നത്.
യു.പി പൊലീസ് തന്നെ കൊലപ്പെടുത്തുമെന്ന് കഴിഞ്ഞ മാർച്ച് 26ന് രാവിലെ അതീഖ് അഹ്മദ് പറഞ്ഞിരുന്നു. ഗുജറാത്തിലെ സബര്‍മതി ജയിലില്‍നിന്ന് ഉത്തര്‍പ്രദേശ് പൊലീസ് പ്രയാഗ് രാജിലേക്ക് കൊണ്ടുപോകുന്നതിന് മുമ്പായിരുന്നു അതീഖിന്റെ പ്രതികരണം. 'കൊല്ലപ്പെടും, കൊല്ലപ്പെടും' എന്നാണ് ആതിഖ് ജയിലിന് പുറത്തുവെച്ച് മാധ്യമങ്ങളോട് വിളിച്ചുപറഞ്ഞത്. തനിക്ക് അവരുടെ പദ്ധതിയറിയാമെന്നും അവര്‍ക്ക് തന്നെ കൊല്ലുകയാണ് വേണ്ടതെന്നും അതീഖ് പറഞ്ഞു. കോടതിയിൽ ഹാജരാക്കാനെന്ന പേരിൽ തന്നെ കൊല്ലാൻ കൊണ്ടുപോവുകയാണെന്നായിരുന്നു അതീഖിന്റെ ആരോപണം.
2005ൽ ബി.എസ്.പി എം.എൽ.എ രാജു പാൽ കൊല്ലപ്പെട്ട കേസിൽ അതീഖ് അഹ്മദ് പ്രതിചേർക്കപ്പെട്ടിരുന്നു. ഈ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെ 2006ൽ തട്ടിക്കൊണ്ടുപോയ കേസിൽ അതീഖിനും മറ്റു രണ്ടുപേർക്കും കോടതി തടവുശിക്ഷ വിധിച്ചു. 2019 മുതൽ അതീഖ് ജയിലിൽ കഴിയുകയായിരുന്നു. ഉമേഷ് പാൽ ഫെബ്രുവരി 24ന് കൊല്ലപ്പെട്ടു. പ്രയാഗ് രാജിലെ വസതിക്ക് സമീപം അദ്ദേഹത്തിന് വെടിയേൽക്കുകയായിരുന്നു. അതീഖ് അഹ്മദ് സബർമതി ജയിലിൽവെച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയതെന്നാണ് യു.പി പൊലീസ് ആരോപിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.