കണ്ടുകെട്ടിയത് അതീഖിന്റെ 1400 കോടിയുടെ സ്വത്ത്; രണ്ട് മക്കൾ ശിശു സംരക്ഷണ കേന്ദ്രത്തിൽ
text_fieldsപൊലീസിന്റെയും മാധ്യമപ്രവർത്തകരുടെയും കൺമുന്നിൽവെച്ച് മൂന്നംഗ സംഘം വെടിവെച്ചു കൊന്ന മുൻ സമാജ്‍വാദി പാർട്ടി എം.പി അതീഖ് അഹ്മദിന്റെ പേരിലുണ്ടായിരുന്നത് 1400 കോടിയുടെ സ്വത്തെന്ന് അധികൃതർ. ഭാര്യയും അഞ്ച് ആൺമക്കളും അടങ്ങുന്നതാണ് അതീഖിന്റെ കുടുംബം. വിവിധ കേസുകളിൽ പ്രതിചേർക്കപ്പെട്ട ഭാര്യ ഷയിസ്ത പർവീൺ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. മൂത്ത മകൻ മുഹമ്മദ് ഉമർ ഒരു കേസിൽ കൂട്ടുപ്രതിയായി ലഖ്നൗ ജില്ല ജയിലിലും രണ്ടാമത്തെ മകൻ മുഹമ്മദ് അലി അഹ്മദ് 2021 ഡിസംബറിൽ വസ്തു ഇടപാടുകാരനെ ആക്രമിച്ച കേസിൽ നൈനി ജയിലിലുമാണ്. മൂന്നാമത്തെയാളായ അസദ് അഹ്മദിനെ കഴിഞ്ഞ ദിവസം പൊലീസ് ഏറ്റുമുട്ടലിൽ കൊലപ്പെടുത്തിയിരുന്നു.
പ്രായപൂർത്തിയാകാത്ത രണ്ട് മക്കളെ പൊലീസ് നിയമവിരുദ്ധമായി പിടിച്ചു കൊണ്ടുപോയെന്ന് പറഞ്ഞ് ഷയിസ്ത പർവീൺ നേരത്തെ പ്രയാഗ്‌രാജിലെ പ്രാദേശിക കോടതിയെ സമീപിച്ചിരുന്നു. ആൺകുട്ടികളെ പ്രയാഗ്‌രാജിൽ കണ്ടെത്തി ശിശു സംരക്ഷണ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചതായി പൊലീസ് പിന്നീട് പ്രാദേശിക കോടതിയെ അറിയിച്ചു.
കേസിനെ തുടർന്ന് അതീഖിന്റെ സ്വത്തുക്കൾ സർക്കാർ കണ്ടുകെട്ടിയിരുന്നു. ഇ.ഡിയുടെ 15 സംഘങ്ങളെയാണ് അദ്ദേഹത്തിന്റെ സാമ്പത്തിക ഇടപാടുകൾ പരിശോധിക്കാൻ നിയോഗിച്ചിട്ടുള്ളത്. നൂറിലധികം കേസുകളാണ് ആതിഖിനെതിരെ പലയിടങ്ങളിലായി രജിസ്റ്റർ ചെയ്തിട്ടുള്ളത്. എന്നാൽ, ഒന്നിലും ശിക്ഷിക്കപ്പെട്ടിരുന്നില്ല.
2005ൽ ബി.എസ്.പി എം.എൽ.എ രാജു പാൽ കൊല്ലപ്പെട്ട കേസിൽ അതീഖ് അഹ്മദ് പ്രതിചേർക്കപ്പെട്ടിരുന്നു. ഈ കേസിലെ പ്രധാന സാക്ഷി ഉമേഷ് പാലിനെ 2006ൽ തട്ടിക്കൊണ്ടുപോയ കേസിൽ ആതിഖിനും മറ്റു രണ്ടുപേർക്കും കോടതി തടവുശിക്ഷ വിധിച്ചു. 2019 മുതൽ അതീഖ് ജയിലിൽ കഴിയുകയായിരുന്നു. ഉമേഷ് പാൽ ഫെബ്രുവരി 24ന് കൊല്ലപ്പെട്ടു. പ്രയാഗ് രാജിലെ വസതിക്ക് സമീപം അദ്ദേഹത്തിന് വെടിയേൽക്കുകയായിരുന്നു. അതീഖ് അഹ്മദ് സബർമതി ജയിലിൽവെച്ചാണ് കൊലപാതകത്തിന്റെ ആസൂത്രണം നടത്തിയതെന്നാണ് യു.പി പൊലീസ് ആരോപിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.