അതീഖ് അഹ്മദിനെയും സഹോദരനെയും കൊല്ലാൻ തലേദിവസം ശ്രമിച്ചെന്ന്
text_fieldsലഖ്നോ: ഉത്തർ പ്രദേശ് മുൻ എം.പി അതീഖ് അഹ്മദിനെയും സഹോദരൻ അഷ്റഫിനെയും പൊലീസ് വലയത്തിൽ കൊന്നതിന്‍റെ തലേദിവസം പ്രതികൾ വധിക്കാൻ ശ്രമിച്ചിരുന്നെന്ന് റിപ്പോർട്ട്. റിമാൻഡിൽ വാദം കേൾക്കാൻ പ്രയാഗ് രാജ് കോടതിയിലേക്ക് കൊണ്ടുപോയ ദിവസമായിരുന്നു അത്. എന്നാൽ, കനത്ത പൊലീസ് സുരക്ഷ കാരണം പ്രതികൾ അന്ന് പിന്മാറുകയായിരുന്നത്രെ. എന്നാൽ, പിറ്റേന്ന് ഏപ്രിൽ 15ന് ഇരുവരയും പ്രതികൾ കൊലപ്പെടുത്തുകയും ചെയ്തു.
പ്രതികളിലൊരാളായ സണ്ണി സിങ്ങിന് തുർക്കി നിർമിത പിസ്റ്റൾ 2021ൽ ഒരു ഗുണ്ടാനേതാവ് നൽകിയതാണെന്നും ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പറയുന്നു. പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായ ശേഷം ഇവരെ നാർകോ ടെസ്റ്റിന് വിധേയമാക്കിയേക്കും.
അതേസമയം, സംഭവത്തിൽ അഞ്ചു പൊലീസുകാരെ സസ്പെൻഡ് ചെയ്തിരിക്കുകയാണ്. സീനിയർ പൊലീസ് ഓഫിസർ അശ്വിനി കുമാർ സിങ്, രണ്ടു ഇൻസ്പെക്ടർമാർ, രണ്ടു കോൺസ്റ്റബിൾ എന്നിവരാണ് സസ്പെൻഷനിലായത്. ഷാഹ്ഗഞ്ച് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ഇവരെ കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘം കഴിഞ്ഞ ദിവസം ചോദ്യംചെയ്തിരുന്നു.
താൻ കൊല്ലപ്പെട്ടാൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡിനും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും അയക്കാനായി അതീഖ് അഹ്മദ് രഹസ്യ കത്ത് കൈമാറിയിരുന്നതായി അഭിഭാഷകനായ വിജയ് മിശ്ര പറഞ്ഞിരുന്നു. ഇത് രണ്ട് പേർക്കും അയച്ചതായും അഭിഭാഷകൻ അറിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.