അതിഖ്-അശ്റഫ് കൊല സുപ്രീംകോടതിയിൽ
text_fieldsന്യൂഡൽഹി: യു.പി പൊലീസ് കസ്റ്റഡിയിൽ മുൻ സമാജ്വാദി പാർട്ടി എം.പി അതീഖ് അഹ്മദിനെയും സഹോദരൻ അശ്റഫ് അഹ്മദിനെയും കൊലചെയ്ത സംഭവത്തിൽ സുപ്രീംകോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ട് രണ്ട് ഹരജികൾ.
മുൻ സുപ്രീംകോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള വിദഗ്ധ സമിതി ഇരട്ടക്കൊലക്ക് പുറമെ 2017 മുതൽ യു.പിയിൽ നടന്ന 183 ഏറ്റുമുട്ടലുകളെ കുറിച്ചും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് അഡ്വ. വിശാൽ തിവാരിയും സുപ്രീംകോടതി മേൽനോട്ടത്തിൽ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് മുൻ ഐ.പി.എസ് ഓഫിസർ അമിതാഭ് ഠാകുറുമാണ് അതീഖ്-അശ്റഫ് കസ്റ്റഡി കൊല പരമോന്നത കോടതിയിലെത്തിച്ചത്.
തന്നെ ഗുജറാത്തിലെ ജയിലിൽനിന്ന് യു.പിയിലേക്ക് മാറ്റുന്നത് ജീവന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഏതാനും ദിവസം മുമ്പ് അതീഖ് അഹ്മദ് സുപ്രീംകോടതിയെ സമീപിച്ചിരുന്നുവെങ്കിലും ഹരജി കേൾക്കാൻ വിസമ്മതിച്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അലഹബാദ് ഹൈകോടതിയെ സമീപിക്കാൻ ആവശ്യപ്പെടുകയായിരുന്നു.
അതിന് പിന്നാലെയാണ് അതീഖ് ഭയന്നത് സംഭവിച്ചത്. ശനിയാഴ്ച രാത്രി 10 മണിക്ക് ഇരുവരെയും ആശുപത്രിയിലേക്ക് വൈദ്യപരിശോധനക്ക് കൊണ്ടുപോകുന്നതിനിടയിലായിരുന്നു രാജ്യം ലൈവായി കണ്ട ഇരട്ടക്കൊല.
മൂന്ന് കൊലയാളികൾ അറസ്റ്റിലായെങ്കിലും അതീഖിനെയും അശ്റഫിനെയും വെടിവെച്ചുകൊല്ലുമ്പോൾ പൊലീസ് സംരക്ഷണം നൽകുകയോ തിരിച്ചുവെടിവെക്കുകയോ ചെയ്തില്ലെന്ന് വിശാൽ തിവാരി ഹരജിയിൽ ചൂണ്ടിക്കാട്ടി. പൊലീസ് പ്രവർത്തനത്തിന്റെ സുതാര്യതയെ കുറിച്ച് ചോദ്യമുയർത്തുന്ന സംഭവം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന് ഇതിൽനിന്ന് വ്യക്തമാണ്.
അഹ്മദ് സഹോദരങ്ങളുടെ കൊലപോലെ 2020ലെ വികാസ് ദുബെ കൊലയും ചൂണ്ടിക്കാട്ടിയ ഹരജി പൊലീസിന്റെ അത്തരം പ്രവർത്തനങ്ങൾ ജനാധിപത്യത്തിനും നിയമവാഴ്ചക്കും അങ്ങേയറ്റം ഭീഷണിയാണെന്നും അത് പൊലീസ് സ്റ്റേറ്റിലേക്ക് രാജ്യത്തെ നയിക്കുമെന്നും ഹരജിയിൽ ബോധിപ്പിച്ചു.
അതീഖ്-അശ്റഫ് വധവുമായി ബന്ധപ്പെട്ടതെല്ലാം സംശയാസ്പദമാണെന്ന് ഠാകുർ ഹരജിയിൽ ചൂണ്ടിക്കാട്ടി. പിടിയിലായ മൂവരുടെയും ജീവനും ഭീഷണിയിലാണെന്നും അവർക്ക് വല്ലതും സംഭവിച്ചാൽ ഈ കൊലയെ കുറിച്ചുള്ള വസ്തുതകൾ മറഞ്ഞുകിടക്കുമെന്നും ഠാകുർ ബോധിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.