അതീഖ്-അശ്റഫ് കൊല: ഭയം നിഴലിട്ട് കസാരി മസാരി
text_fieldsപ്രയാഗ് രാജ്: അലഹബാദ് വെസ്റ്റ് നിയോജക മണ്ഡലത്തിൽപെട്ട കസാരി മസാരിയിൽ ജനജീവിതം സാധാരണ നിലയിലായിട്ടില്ല ഇപ്പോഴും. എങ്ങും പൊലീസ് കാവൽ. ഏതാനും കടകൾ മാത്രം തുറന്നിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട മുൻ എം.പി അതീഖ് അഹ്മദിന്റെ തറവാട് വീട് ഇവിടെയാണ്. ഇരുവരുടെയും മൃതദേഹങ്ങൾ സംസ്കരിച്ചതും ഇവിടെയാണ്. അതീഖ് അഹ്മദിന്റെ കൊലപാതകത്തെക്കുറിച്ച് സംസാരിക്കാൻപോലും ആളുകൾ ഭയപ്പെടുന്നു.
കസാരി മസാരിയിലും സമീപ പ്രദേശങ്ങളിലും രാപ്പകൽ പൊലീസ് റോന്തുചുറ്റുന്നു. ഇന്റർനെറ്റ് സേവനങ്ങൾ ഇനിയും പുനരാരംഭിച്ചിട്ടില്ല. അതേസമയം, മണ്ഡലത്തിലെ മറ്റു ഭാഗങ്ങളിൽ സാധാരണ നില തിരിച്ചുവന്നിട്ടുണ്ട്. സിവിൽ ലൈൻ ബസ് ഡിപ്പോയിലും ഹനുമാൻ ക്ഷേത്രത്തിലും തിരക്ക് അനുഭവപ്പെട്ടു.
അതിനിടെ, കൊലപാതകക്കേസിലെ മൂന്നു പ്രതികളുടെ കസ്റ്റഡി ആവശ്യപ്പെട്ട് അടുത്ത ദിവസംതന്നെ കോടതിയിൽ അപേക്ഷ നൽകുമെന്ന് പൊലീസ് വൃത്തങ്ങൾ വെളിപ്പെടുത്തി. ലവ് ലേഷ് തിവാരി, സണ്ണി എന്ന മോഹിത്, അരുൺ മൗര്യ എന്നിവരാണ് കേസിൽ അറസ്റ്റിലായത്.
മൂന്നുപേരെയും ഞായറാഴ്ച 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടിരുന്നു. ആധുനിക ആയുധങ്ങൾ ലഭിച്ചത് എവിടെനിന്ന്, കൊലപാതകത്തിന് ആരെങ്കിലും ചുമതലപ്പെടുത്തിയതാണോ തുടങ്ങിയ വിവരങ്ങൾ അറിയുന്നതിനാണ് പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നത്.
മൂന്നു പേർക്കും പരസ്പരം അറിയാമെന്നും കൊലപാതകത്തിന് പദ്ധതിയിട്ടതായും കഴിഞ്ഞ ദിവസങ്ങളിലെ ചോദ്യംചെയ്യലിൽ അറിയാൻ കഴിഞ്ഞതായി പൊലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.
അതീഖ് അഹ്മദിനെയും സഹോദരനെയും പൊലീസ് കൊണ്ടുവരാൻ സാധ്യതയുള്ള സ്ഥലങ്ങളിൽ ഇവർ പരിശോധന നടത്തിയിരുന്നതായും സൂചനയുണ്ട്. വെടിവെപ്പിനിടെ പരിക്കേറ്റ ലവ് ലേഷ് സ്വരൂപ് റാണി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.