അതീഖ് കൊല: അന്വേഷണത്തിന് പ്രത്യേക സംഘം
text_fieldsലഖ്നോ: പൊലീസിനെതിരെ വിമർശനമുയർന്ന, അതീഖ് അഹ്മദ്-അഷ്റഫ് അഹ്മദ് കൊലപാതകങ്ങൾ അന്വേഷിക്കാൻ ഉത്തർപ്രദേശിൽ പ്രത്യേക അന്വേഷണസംഘം.
പ്രയാഗ് രാജ് അഡീഷനൽ ഡെപ്യൂട്ടി കമീഷണർ സതീഷ് ചന്ദ്രയുടെ നേതൃത്വത്തിൽ മൂന്നംഗ സംഘത്തെയാണ് നിയോഗിച്ചതെന്ന് സ്പെഷൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ തിങ്കളാഴ്ച അറിയിച്ചു. കൊലപാതക കേസിൽ കസ്റ്റഡിയിലായിരുന്ന മുൻ എം.പി അതീഖ് അഹ്മദ്, സഹോദരൻ അഷ്റഫ് അഹ്മദ് എന്നിവരെ പ്രയാഗ് രാജിൽവെച്ച് പൊലീസ് വലയത്തിനുള്ളിൽവെച്ച് മൂന്നംഗം സംഘം ശനിയാഴ്ച രാത്രിയാണ് വെടിവെച്ചുകൊന്നത്.
സാക്ഷി മൊഴികളും തെളിവും കാര്യക്ഷമമായി ശേഖരിക്കാനും ശാസ്ത്രീയ മാർഗത്തിലുള്ളതും നിഷ്പക്ഷവുമായ അന്വേഷണം നടത്താനുമാണ് പ്രത്യേക സംഘത്തെ നിയോഗിച്ചതെന്ന് പ്രയാഗ് രാജ് കമീഷണർ രമിത് ശർമ പറഞ്ഞു. അന്വേഷണ മേൽനോട്ടത്തിന് മറ്റൊരു മൂന്നംഗസംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
വൈദ്യപരിശോധനക്കായി എത്തിച്ചപ്പോഴാണ് മൂന്നംഗസംഘം അതീഖിനെയും സഹോദരനെയും വെടിവെച്ചുകൊന്നത്. കൊലക്കുശേഷം ആക്രമികൾ ജയ്ശ്രീരാം വിളിക്കുകയും ചെയ്തിരുന്നു. ലവ് ലേഷ് തിവാരി, മോഹിത് എന്ന സണ്ണി, അരുൺ മൗര്യ എന്നിവരാണ് പിടിയിലായത്. ഇവർക്കെതിരെ കൊലപാതകം, ആയുധനിയമം തുടങ്ങി വിവിധ വകുപ്പുകൾ ചേർത്ത് കേസെടുത്തിട്ടുണ്ട്.
ഇതിനിടെ, റിമാൻഡ് ചെയ്തിരുന്ന പ്രയാഗ് രാജ് സെൻട്രൽ ജയിലിൽനിന്ന് മൂന്നു പ്രതികളെയും പ്രതാപ്ഗഢ് ജില്ലാ ജയിലിലേക്ക് മാറ്റി. ഭരണപരമായ കാരണങ്ങൾകൊണ്ടാണ് മാറ്റമെന്നാണ് ഇതുസംബന്ധിച്ച് അധികൃതർ വിശദീകരിച്ചത്. എന്നാൽ, സുരക്ഷ സംബന്ധമായ ആശങ്ക കാരണമാണ് മാറ്റിയതെന്നാണ് സൂചന.
അതേസമയം, അതീഖ്-അഷ്റഫ് കൊലപാതകം തിരക്കഥപ്രകാരമാണെന്ന് സംശയിക്കുന്നതായി ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് പ്രതികരിച്ചു. ‘‘പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധിയുടെ ഘാതകരെ വരെ നീതിപീഠത്തിന്റെ മുന്നിലെത്തിച്ചതാണ്.
ഇന്ന് യു.പിയിൽ കാണുന്നത് അതീഖ് അഹ്മദിന്റെ വിലാപയാത്രയല്ല, നിയമവ്യവസ്ഥയുടേതാണ്.’’ -തേജസ്വി പറഞ്ഞു. കൊലപാതകത്തെ വിമർശിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറും രംഗത്തെത്തി. കുറ്റകൃത്യങ്ങൾ ഇല്ലാതാക്കുകയെന്നാൽ കുറ്റവാളികളെ ഇല്ലാതാക്കുകയല്ലെന്ന് അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.