അതിഷി പിതാവിന്റെ പേര് പോലും മാറ്റി; പുതിയ വിവാദത്തിന് തിരികൊളുത്തി രമേശ് ബിധുരി
text_fieldsന്യൂഡൽഹി: കോൺഗ്രസ് എം.പി പ്രിയങ്ക ഗാന്ധിക്കെതിരായ വിവാദ പരാമർശത്തിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അതിഷിക്കെതിരെ ആരോപണവുമായി ബി.ജെ.പി നേതാവ് രമേശ് ബിധുരി. സ്വന്തം പിതാവിനെ പോലും മാറ്റിയ വ്യക്തിയാണ് അതിഷി എന്നായിരുന്നു ബിധുരിയുടെ ആരോപണം. 'നേരത്തേ അതിഷി മർലേനയായിരുന്നു...എന്നാൽ ഇപ്പോൾ സിങ് ആയിരിക്കുന്നു. സ്വന്തം പിതാവിനെ പോലും അവർ മാറ്റി.''-എന്നാണ് പൊതുജന പരിപാടിക്കിടെ ബിധുരിയുടെ ആരോപണം.
ഈ മർലേന ഇപ്പോൾ സിങ് ആയിരിക്കുന്നു. അവർ സ്വന്തം പേരുപോലും മാറ്റി. അഴിമതിക്കാരായ കോൺഗ്രസുമായി കൂട്ടുചേരില്ലെന്ന് അരവിന്ദ് കെജ്രിവാൾ സ്വന്തം മക്കളോട് സത്യം ചെയ്തിരിക്കുകയാണ്. മർലേന സ്വന്തം പിതാവിനെ മാറ്റി. ആം ആദ്മി പാർട്ടിയുടെ സ്വഭാവമാണ് ഇത് കാണിക്കുന്നത്.-ബിധുരി തുടർന്നു.
നിരവധി ധീരരായ സൈനികരുടെ മരണത്തിന് ഉത്തരവാദിയായ ഭീകരൻ അഫ്സൽ ഗുരുവിനെ വധശിക്ഷയിൽ നിന്ന് ഒഴിവാക്കണമെന്ന് ദയാഹരജി നൽകിയവരാണ് അതിഷി മർലേനയുടെ മാതാപിതാക്കളെന്നും ബിധുരി പറഞ്ഞു. അഫ്സൽ ഗുരുവിന് മാപ്പു നൽകണമെന്ന് അഭ്യർഥിച്ചവരെ പിന്തുണക്കണമോയെന്നാണ് ഡൽഹി ജനതയോട് തന്റെ ചോദ്യമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു.
നാണക്കേടിന്റെ എല്ലാസീമകളും ലംഘിച്ചിരിക്കുകയാണ് ബി.ജെ.പി നേതാക്കളെന്നായിരുന്നു അതിഷിക്കെതിരായ ബിധുരിയുടെ ആരോപണത്തിന് ഡൽഹി മുൻ മുഖ്യമന്ത്രിയും എ.എ.പി ദേശീയ കൺവീനറുമായ അരവിന്ദ് കെജ്രിവാളിന്റെ മറുപടി.
''ബി.ജെ.പി നേതാക്കൾ നാണക്കേടിന്റെ എല്ലാസീമകളും ലംഘിച്ചിരിക്കുകയാണ്. അവർ ഡൽഹി മുഖ്യമന്ത്രി അതിഷിക്കു നേരെ അധിക്ഷേപ പരാമർശം നടത്തി. വനിത മുഖ്യമന്ത്രിയെ ഇത്തരത്തിൽ അപമാനിച്ചതിന് ഡൽഹിയിലെ ജനങ്ങൾ ഒരിക്കലും മാപ്പുനൽകില്ല. ഡൽഹിയിലെ എല്ലാ സ്‍ത്രീകളും ഇതിന് പ്രതികാരം വീട്ടും.''-കെജ്രിവാൾ എക്സ് പോസ്റ്റിൽ കുറിച്ചു.
മുൻ എം.പിയായ ബിധുരിയാണ് കൽക്കാജിയിൽ അതിഷിക്കെതിരെ മത്സരിക്കുന്നത്. പ്രിയങ്കാ ഗാന്ധിക്കെതിരെ അസഭ്യ പരാമർശം നടത്തി ബിധുരി പുലിവാലു പിടിച്ചിരുന്നു. താൻ എം.എൽ.എയായി തെരഞ്ഞെടുക്കപ്പെട്ടാൽ, കൽക്കാജിയിലെ റോഡുകൾ പ്രിയങ്കഗാന്ധിയുടെ കവിളുകൾ പോലെ മനോഹരമാക്കുമെന്നായിരുന്നു ബിധുരിയുടെ വിവാദ പരാമർശം. ഇതിനെതിരെ വ്യാപക വിമർശനമുയർന്നതിന് പിന്നാലെ ബിധുരി തന്റെ വാക്കുകൾ പിൻവലിക്കുകയും ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.