നാലുപേർ തുടരും; അതിഷി മന്ത്രിസഭയില്‍ പുതുമുഖമായി മുകേഷ് അഹ്ലാവത്
text_fieldsന്യൂഡൽഹി: മുകേഷ് അഹ്‌ലാവത് ഡൽഹി മന്ത്രിസഭയിലെ പുതുമുഖമാകും. ഡൽഹിയിലെ സുൽത്താൻപൂർ മജ്‌റയിൽ നിന്നുള്ള നിയമസഭാംഗമാണ് മുകേഷ്. 2020 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 48,042 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് മുകേഷ് അഹ്‌ലാവത് വിജയിച്ചത്. പാർട്ടി ദലിത് നേതാക്കളെ അവഗണിക്കുന്നു എന്ന വിമർശനത്തിന് മറുപടിയായിരിക്കും മുകേഷ് അഹ്‌ലാവതിന്‍റെ മന്ത്രി സ്ഥാനം. കെജ്രിവാൾ മന്ത്രിസഭയിലെ നാല് മന്ത്രിമാർ അതിഷ് മന്ത്രിസഭയിലും തുടരും.
സൗരഭ് ഭരദ്വാജ്, കൈലാഷ് ഗഹ്ലോട്, ഗോപാൽ റായ്, ഇമ്രാൻ ഹുസൈൻ എന്നിവരെ പുതിയ മന്ത്രിസഭയിൽ നിലനിർത്തുമെന്ന് എ.എ.പി അറിയിച്ചു. അഹ്ലാവത് ഉൾപ്പെടെ രണ്ട് പുതുമുഖങ്ങൾ മന്ത്രിസഭയിൽ ഉണ്ടായിരിക്കും. ഏഴാമത്തെ മന്ത്രിയുടെ കാര്യത്തിൽ തീരുമാനമായിട്ടില്ല. ഡൽഹി നിയമസഭയിൽ 70 അംഗങ്ങളും മന്ത്രിസഭയിൽ മുഖ്യമന്ത്രി ഉൾപ്പെടെ പരമാവധി ഏഴ് മന്ത്രിമാരുമാണ് ഉണ്ടാകുക.
അതിഷിക്ക് സെപ്റ്റംബർ 21 ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കാമെന്ന് ലഫ്റ്റനന്‍റ് ഗവർണർ വി.കെ. സക്സേന അറിയിച്ചു. നിലവിൽ ധനം, റവന്യൂ, വിദ്യാഭ്യാസം വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. രാഷ്ട്രപതി ദ്രൗപതി മുർമുവിന് അരവിന്ദ് കെജ്രിവാളിന്‍റെ രാജിക്കത്ത് നൽകിയ കൂട്ടത്തിലാണ് സത്യപ്രതിജ്ഞാ ചടങ്ങിന്‍റെ തീയതിയും സക്സേന നിർദേശിച്ചത്. പുതിയ സർക്കാർ രൂപവത്കരിക്കാനുള്ള അനുമതിക്കായി ലഫ്റ്റനന്‍റ് ഗവർണർക്ക് നൽകിയ കത്തിൽ അതിഷി സത്യപ്രതിജ്ഞക്കുള്ള തീയതി നൽകിയിരുന്നില്ല.
ക്യാബിനറ്റ് മന്ത്രിമാരുടെ പട്ടിക പിന്നീട് നൽകാമെന്ന് കത്തിൽ പറയുന്നതിലൂടെ, അതിഷി ഒറ്റക്കാവും സത്യപ്രതിജ്ഞ ചെയ്യുകയെന്നും സൂചനയുണ്ട്. സെപ്റ്റംബർ 26 മുതൽ വിളിക്കുന്ന നിയമസഭാ സമ്മേളനത്തിൽ ഭൂരിപക്ഷം തെളിയിക്കണം. അടുത്ത ഫെബ്രുവരി 23 വരെയാണ് നിയമസഭയുടെ കാലാവധി. ഫെബ്രുവരി ആദ്യം തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.