കെജ്രിവാളിന്റെ കത്ത് വായിച്ച് കണ്ണു നിറഞ്ഞു; തടവിൽ കഴിയുമ്പോഴും ജനങ്ങളെ കുറിച്ച് ചിന്തിക്കാൻ അദ്ദേഹത്തിന് മാത്രമേ കഴിയൂ -അതിഷി
text_fieldsന്യൂഡൽഹി: ജയിലിലിരുന്ന് എ.എ.പി നേതാവ് അരവിന്ദ് കെജ്രിവാളിന് മുഖ്യമന്ത്രിയുടെ ചുമതലകൾ നിർവഹിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ രണ്ടഭിപ്രായമുണ്ട്. അതിനിടക്കാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലിരുന്ന് കെജ്രിവാൾ ജലവിതരണവുമായി ബന്ധപ്പെട്ട ആദ്യ സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. അതിനെ കുറിച്ചുള്ള വിവരങ്ങൾ പങ്കുവെക്കുകയായിരുന്നു മന്ത്രി അതിഷി മർലേന. കെജ്രിവാൾ തനിക്ക് ഒരു കത്ത് നൽകിയതായും അതിലെ നിർദേശങ്ങൾ വായിച്ചപ്പോൾ കണ്ണു നിറഞ്ഞുവെന്നുമാണ് അതിഷി പറഞ്ഞു.
''തടവിൽ കഴിയുമ്പോഴും ഡൽഹി ജനത നേരിടുന്ന ജലക്ഷാമത്തെകുറിച്ചും അഴുക്കുചാൽ പ്രശ്നങ്ങളെ കുറിച്ചും ചിന്തിക്കുന്ന ആ മനുഷ്യനായിരുന്നു എന്റെ മനസ് മുഴുവൻ. അരവിന്ദ് കേജ്‌രിവാളിന് മാത്രമേ ഇങ്ങനെ ചെയ്യാൻ സാധിക്കൂ. ഡൽഹിയിലെ രണ്ടുകോടി ജനങ്ങളുടെ കുടുംബാംഗമായാണ് അദ്ദേഹം സ്വയം കാണുന്നത്. ബി.ജെ.പിയോട് ഒരു കാര്യം പറയാൻ ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടാനായേക്കും. പക്ഷേ അദ്ദേഹത്തിന്റെ ജനങ്ങളോടുള്ള സ്നേഹത്തേയും കടമകളെയും തടവിലാക്കാനാകില്ല. അദ്ദേഹം ജയിലിലാണെന്ന് കരുതി ഒന്നും അവസാനിക്കാൻ പോകുന്നില്ല.'' – അതിഷി പറഞ്ഞു.
'ഡൽഹിയിലെ ചില പ്രദേശങ്ങളിൽ ജലക്ഷാമവും അഴുക്കുചാലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും നിലനിൽക്കുന്നതായി അറിഞ്ഞു. അക്കാര്യത്തിൽ ഞാൻ ആശങ്കാകുലനാണ്. ഞാൻ ജയിലിലാണെന്ന് കരുതി ആളുകൾ പ്രശ്നം അനുഭവിക്കരുത്. വേനലാണ്, ജലക്ഷാമം നേരിടുന്നവർക്ക് ടാങ്കർ സൗകര്യം ഏർപ്പെടുത്തണം. ചീഫ് സെക്രട്ടറിക്കും മറ്റു ഉദ്യോഗസ്ഥർക്കും ഇതുസംബന്ധിച്ച് നിർദേശം നൽകണം. ആളുകൾക്ക് ബുദ്ധിമുട്ടുണ്ടാകരുത്. അവരുടെ പ്രശ്നത്തിന് വളരെ വേഗത്തിൽ പരിഹാരമുണ്ടാകണം. ആവശ്യമെങ്കിൽ ഗവർണറുടെ സഹായം തേടാം. അദ്ദേഹം തീർച്ചയായും സഹായിക്കും.'- എന്നാണ് കെജ്രിവാൾ കത്തിൽ പറഞ്ഞത്.
ഡൽഹി മദ്യനയ അഴിമതിക്കേസിൽ മാർച്ച് 21നാണ് കെജ്രിവാളിനെ ഇ.ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് അടക്കം അന്വേഷണ ഏജൻസിയുടെ തുടർനടപടികളിൽനിന്ന് കെജ്രിവാളിന് സംരക്ഷണം നൽകാൻ ഡൽഹി ഹൈകോടതി വിസമ്മതിച്ചതിനു പിന്നാലെയാണ് അറസ്റ്റ്. മാർച്ച് 28 വരെ കെജ്രിവാളിനെ ഇ.ഡി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.