ഡൽഹിയുടെ പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായി ആതിഷി; അഞ്ച് മന്ത്രിമാർക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു
text_fieldsന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രിയായി ആതിഷി മർലേന സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ ശനിയാഴ്ച വൈകീട്ട് 4.30ന് നടന്ന ലളിതമായ ചടങ്ങിൽ ലഫ്.ഗവർണർ വി.കെ. സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു. ഗോപാല്‍ റായി, കൈലാഷ് ഗഹ്‌ലോട്ട്, സൗരഭ് ഭരദ്വാജ്, ഇമ്രാൻ ഹുസൈൻ, മുകേഷ് കുമാർ അഹ്‍ലാവത്ത് എന്നിവർ മന്ത്രിമാരായും സത്യപ്രതിജ്ഞ ചെയ്തു.
ആം ആദ്മി പാർട്ടി ദേശീയ കൺവീനറും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാൾ, മുൻ ഉപമുഖ്യന്ത്രി മനീഷ് സിസോദിയ തുടങ്ങിയവർ ഉൾപ്പെടെയുള്ള നേതാക്കൾ ചടങ്ങിൽ പങ്കെടുത്തു. സെപ്റ്റംബർ 26, 27 തീയതികളിൽ ഡൽഹി നിയമസഭ വിളിച്ചു ചേർക്കാൻ തീരുമാനിച്ചിട്ടുണ്ട്.
രാജ്കുമാര്‍ ആനന്ദ് രാജിവെച്ച ഒഴിവിലേക്കാണ് മുകേഷ് കുമാര്‍ അഹ്‍ലാവത്ത് മന്ത്രിസഭയിലെത്തുന്നത്. ലോക്‌സഭ തെരഞ്ഞെടുപ്പിനിടെ മന്ത്രിസ്ഥാനം രാജിവെച്ച് ബി.എസ്.പി സ്ഥാനാര്‍ഥിയായ രാജ്കുമാര്‍ ആനന്ദ് പിന്നീട് ബി.ജെ.പിയില്‍ ചേർന്നു. സുല്‍ത്താന്‍പുർ എം.എൽ.എയായ മുകേഷ് കുമാര്‍ മന്ത്രിസഭയിലെ ദലിത് മുഖമാണ്.
മുഖ്യമന്ത്രി ഉൾപ്പെടെ ഏഴുപേരായിരുന്നു കെജ്രിവാൾ മന്ത്രിസഭയിലുണ്ടായിരുന്നത്. മദ്യനയക്കേസിൽ മനീഷ് സിസോദിയയും കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സത്യേന്ദർ ജെയിനും രാജിവെച്ചു. മദ്യനയക്കേസിൽ ജാമ്യം ലഭിച്ച് ജയിൽ മോചിതനായ കെജ്രിവാൾ ചൊവ്വാഴ്ചയാണ് രാജിവെച്ചത്. തുടർന്ന്, പാർട്ടിയുടെ നിയമസഭ കക്ഷിയോഗത്തിൽ ആതിഷിയുടെ പേര് കെജ്രിവാളാണ് നിർദേശിച്ചത്.
മന്ത്രിയായിരിക്കെ, വിദ്യാഭ്യാസം, പൊതുമരാമത്ത്, ടൂറിസം ഉള്‍പ്പെടെ 14 വകുപ്പുകളാണ് ആതിഷി കൈകാര്യം ചെയ്തിരുന്നത്. ഡൽഹിയിലെ മൂന്നാമത്തെ വനിത മുഖ്യമന്ത്രിയാണ് ആതിഷി. ഷീല ദീക്ഷിത്, സുഷമ സ്വരാജ് എന്നിവരായിരുന്നു ഇതിനു മുമ്പ് ഡൽഹിയെ നയിച്ച വനിതകൾ.
എ.എ.പിയുടെ ജനകീയ മുഖം
കെജ്രിവാളും മനീഷ് സിസോദിയയും കഴിഞ്ഞാൽ എ.എ.പിയിലെ ഏറ്റവും ജനകീയതയും സ്വാധീനവുമുള്ള നേതാവായി ആതിഷി മാറിക്കഴിഞ്ഞു. ഡൽഹി സർവകലാശായിൽ അധ്യാപകരായിരുന്ന വിജയ് സിങ്ങിന്റെയും തൃപ്തവാഹിയുടെയും മകളായി 1981ലാണ് ആതിഷി ജനിച്ചത്. 2001ൽ ഡൽഹി സെന്റ് സ്റ്റീഫൻ കോളജിൽനിന്നു ചരിത്രത്തിൽ ബിരുദം പൂർത്തിയാക്കിയ ആതിഷി സർവകലാശാലയിലെ ഒന്നാം റാങ്കുകാരിയായിരുന്നു. 2003ൽ സ്കോളർഷിപ്പോടെ ഓക്സ്ഫഡിലായിരുന്നു ബിരുദാനന്തര ബിരുദ പഠനം. പിന്നീട് 2005ലും ഓക്സ്ഫഡിൽ തന്നെ ഗവേഷകയായി.
ഒരു വർഷത്തിന് ശേഷം ആന്ധ്രപ്രദേശിലെ സ്വകാര്യ സ്‌കൂളിൽ ഇംഗ്ലീഷും ചരിത്രവും പഠിപ്പിച്ചു. അതിനു ശേഷം മധ്യപ്രദേശിലെ ഭോപ്പാലിലെ ഒരു കൊച്ചുഗ്രാമത്തിലായിരുന്നു ആതിഷി കുറച്ചുകാലം. അവിടെ പാർശ്വവത്കരിക്കപ്പെട്ട സമുദായങ്ങളിൽ നിന്നുള്ള കുട്ടികൾക്കുള്ള വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കായി സമയം മാറ്റിവെച്ചു. ഒഴിവുസമയങ്ങളിൽ ജൈവകൃഷിയെന്ന ഹോബിയും മുന്നോട്ട് കൊണ്ടുപോയി. വ്യത്യസ്‍ത എൻ.ജി.ഒകളുമായി ചേർന്ന് പ്രവർത്തിക്കുകയും ചെയ്തു. പ്രശാന്ത് ഭൂഷണുമായുള്ള കണ്ടുമുട്ടലാണ് ആം ആദ്മി പാർട്ടിയിലേക്ക് ആതിഷിയെ ആകർഷിച്ചത്.
എന്നാൽ ആം ആദ്മിയുടെ അഴിമതിവിരുദ്ധരാഷ്ട്രീയം എന്ന ഏകധ്രുവത്തിലുള്ള പ്രചാരണത്തിന് ആതിഷി എതിരായിരുന്നു. 2013 ൽ ആം ആദ്മിയുടെ നയപരിപാടികളുടെ രൂപീകരണത്തിൽ പ്രധാന പങ്കാളിയായി ആതിഷി പാർട്ടിയിൽ ചേർന്നു. ആപ്പിന്റെ ഏറ്റവും ഉയർന്ന ബോഡിയായ രാഷ്ട്രീയ കാര്യസമിതിയിൽ അവർ അംഗമായി. 2013 മുതൽ പാർട്ടിയുടെ വക്താവായി ആതിഷി സജീവമായി. ഇപ്പോൾ മുഖ്യമന്ത്രി പദം വരെ എത്തിയിരിക്കുന്നു ആ രാഷ്ട്രീയ യാത്ര.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.