എ.ടി.എം കവർച്ച; പ്രതികൾ തമിഴ്നാട്ടിലും കൊള്ളക്ക് പദ്ധതിയിട്ടെന്ന് പൊലീസ്
text_fieldsകോയമ്പത്തൂർ: തൃശൂരിലെ എ.ടി.എമ്മുകളിൽ കവർച്ച നടത്തി പണവുമായി പോകുന്നതിനിടെ നാമക്കലിൽ പിടിയിലായ പ്രതികൾ തമിഴ്നാട്ടിലെ വിവിധ പ്രദേശങ്ങളിൽ കൊള്ള നടത്താൻ ശ്രമിച്ചിരുന്നതായി നാമക്കൽ എസ്.പി രാജേഷ് ഖന്ന പറഞ്ഞു. അറസ്റ്റിലായ ഹരിയാന മേവാത്ത് സ്വദേശികൾ എ.ടി.എമ്മുകൾ കേന്ദ്രീകരിച്ച് മാത്രം കവർച്ച നടത്തുന്നവരാണ്. ഇവരിലെ രണ്ടുപേർ കണ്ടെയ്നർ ലോറിയിലെ കയറ്റിറക്ക് തൊഴിലാളികളായാണ് ചെന്നൈ മീനമ്പാക്കം ഭാഗത്ത് എത്തിയത്. മൂന്നുപേർ കാറിലും രണ്ടു പേർ വിമാനത്തിലുമാണ് ചെന്നൈയിലെത്തിയത്. തുടർന്ന് കണ്ടെയ്നർ ലോറിയിൽ കാർ കയറ്റി തമിഴ്നാട് അതിർത്തി കടന്ന് കേരളത്തിലെത്തി.
കവർച്ചക്കുശേഷം തമിഴ്നാട് അതിർത്തിയിലെത്തുന്നതിനു മുമ്പാണ് കണ്ടെയ്നറിൽ കാർ കയറ്റിയത്. കഴിഞ്ഞയാഴ്ച ആന്ധ്രപ്രദേശിലെ കടപ്പയിലും ഇതേ സംഘം എ.ടി.എം തകർത്തിരുന്നതായി നാമക്കൽ പൊലീസ് പറഞ്ഞു. കൃഷ്ണഗിരി ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ഇവർ എ.ടി.എമ്മിൽനിന്ന് പണം അപഹരിച്ചു. സംഘത്തിൽ മൊത്തം എഴുപതോളം പേരുണ്ട്. ഇതിൽ ആറുപേരാണ് ടീം ലീഡർമാർ. വെൽഡിങ്ങിലും ഡ്രൈവിങ്ങിലും മികവുള്ളവരെ സംഘത്തിൽ ഉൾപ്പെടുത്തും.
കവർച്ചക്കാരുടെ ഒളിത്താവളം, ബാങ്ക് ബാലൻസ്, സമ്പാദിച്ച സ്വത്തുക്കൾ, കവർച്ചയുടെ സൂത്രധാരൻ എന്നീ കാര്യങ്ങൾ അന്വേഷിക്കുമെന്ന് നാമക്കൽ എസ്.പി രാജേഷ് ഖന്ന പറഞ്ഞു. പിടികൂടിയ പ്രതികൾക്കെതിരെ അപകടമുണ്ടാക്കൽ, പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിക്കൽ, വധശ്രമം തുടങ്ങി നാലു വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. എ.ടി.എം കവർച്ചയുമായി ബന്ധപ്പെട്ട് കേരളത്തിലെ മൂന്നു പൊലീസ് സ്റ്റേഷനുകളിലും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവരെ വിചാരണ ചെയ്യാനായി ഒഡിഷ, ആന്ധ്ര, കേരളം സംസ്ഥാനങ്ങളിലെ പൊലീസ് അനുമതി തേടിയതായും തമിഴ്നാട് പൊലീസ് പറഞ്ഞു.
രക്ഷപ്പെടുന്നതിനിടെ നാമക്കലിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട പ്രതിയുടെ പോസ്റ്റ്മോർട്ടം നടന്നു. പരിക്കേറ്റ പ്രതി കോയമ്പത്തൂരിൽ ചികിത്സയിലാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.