എ.ടി.എം കണ്ടെത്തുന്നത് ഗൂഗ്ൾ മാപ് ഉപയോഗിച്ച്
text_fieldsചെന്നൈ: ഗൂഗ്ൾ മാപ് ഉപയോഗിച്ച് എസ്.ബി.ഐയുടെ എ.ടി.എമ്മുകൾ കണ്ടെത്തിയാണ് കൊള്ളയടിക്കുന്നതെന്ന് തൃശൂരിൽ എ.ടി.എം കവർച്ച നടത്തിയതിന് പിടിയിലായ പ്രതികൾ പൊലീസിനോട് പറഞ്ഞു. വെൽഡിങ് മെഷീൻ ഉപയോഗിച്ച് എ.ടി.എം തകർത്താണ് പണം കവരുന്നത്. എസ്.ബി.ഐ എ.ടി.എമ്മുകളിൽ പതിവായി പണം നിറച്ചു വെക്കുന്നതാണ് എസ്.ബി.ഐ എ.ടി.എമ്മുകൾ തെരഞ്ഞെടുക്കാൻ കാരണമെന്നും അവർ മൊഴിനൽകി.
ഹൈവേകളിലെ ആളൊഴിഞ്ഞ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന എ.ടി.എമ്മുകളിലാണ് കൊള്ള നടത്തുക. ഒരു എ.ടി.എം തകർത്ത് പണം കൊള്ളയടിക്കാൻ ഇവർക്ക് 15 മിനിറ്റ് മതിയാവും. ഇത്തരത്തിൽ പരിശീലനം പൂർത്തിയാക്കിയ 70ഓളം പേരാണ് കൊള്ളസംഘത്തിലുള്ളത്. ഇവർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നീങ്ങി എ.ടി.എം കൊള്ള നടത്തി നാട്ടിലേക്ക് തിരിക്കും. നാമക്കല്ലിനു സമീപം പിടിയിലായ ഹരിയാനയിലെ കവർച്ചസംഘം ഇതിനകം 15 എ.ടി.എമ്മുകൾ കൊള്ളയടിച്ചതായും കണ്ടെത്തി. ‘മേവാത്ത്’ എന്നറിയപ്പെടുന്ന കൊള്ളസംഘത്തിൽപ്പെട്ടവരാണ് ഇവർ.
പ്രതികളിൽ സൗക്കിനും സാബിർഖാനും ഡൽഹിയിൽനിന്ന് വിമാനമാർഗമാണ് ചെന്നൈയിലെത്തിയത്. മറ്റു മൂന്നുപേർ കാറിലും ചെന്നൈയിലെത്തി. ഡൽഹിയിൽനിന്ന് ചെന്നൈ തുറമുഖത്ത് ചരക്ക് ഇറക്കിയതിനുശേഷമാണ് കണ്ടെയ്നർ ലോറിയിൽ കാർ കയറ്റി അഞ്ചു പ്രതികളും തൃശൂരിലെത്തിയത്. കണ്ടെയ്നർ ട്രക്ക് ഓടിച്ചത് ജുമാദീനായിരുന്നു. മുഹമ്മദ് ഇക്റം ഒരാഴ്ച മുമ്പേ തൃശൂരിലെത്തി, കൊള്ളയടിക്കേണ്ട എ.ടി.എമ്മുകൾ കണ്ടുവെച്ചു. പ്രതികൾ ഹരിയാനക്കാരായതിനാൽ ഇവർക്ക് അവരുടെ പ്രാദേശിക ഭാഷ മാത്രമേ അറിയൂ. ഇതുകാരണം ദ്വിഭാഷിയുടെ സഹായത്തോടെയാണ് പൊലീസ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്.
അതേസമയം, കേസിൽ അഞ്ച് പ്രതികൾക്കെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രതികളായ ഹരിയാന നൂഹ് സ്വദേശി മുഹമ്മദ് ഇക്റം (42), പൽവാൽ സ്വദേശികളായ മുബാറക് (18), സാബിർഖാൻ (26), സൗക്കിൻ (21), ഇർഫാൻ എന്നിവരെ കോടതിയിൽ ഹാജരാക്കി. മറ്റൊരു പ്രതി കെ. ആസർ അലി (30) പൊലീസിന്റെ വെടിയേറ്റ് ചികിത്സയിലാണ്.
കണ്ടെടുത്ത 67 ലക്ഷം രൂപ കോടതിക്ക് കൈമാറും. പ്രതികളുടെ പേരിൽ കേരള പൊലീസ് മൂന്ന് കേസുകളാണെടുത്തത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി തൃശൂരിലേക്ക് കൊണ്ടുപോയി തെളിവെടുപ്പ് നടത്താൻ കേരള പൊലീസ് തീരുമാനിച്ചിട്ടുണ്ട്. തമിഴ്നാട് ഡി.ജി.പി ശങ്കർ ജിവാൽ ഞായറാഴ്ച ഉച്ചക്കുശേഷം സംഭവസ്ഥലം സന്ദർശിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.