വ്യത്യസ്തമായ ഫലപ്രവചനം നടത്തി ആത്മസാക്ഷി സർവെ; യു.പിയിൽ എസ്.പിക്ക് മുൻതൂക്കം, ഉത്തരാഖണ്ഡിൽ കോൺഗ്രസ്
text_fieldsന്യൂഡൽഹി: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് അവസാനിച്ചതോടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നിരുന്നു. യു.പിയിൽ ബി.ജെ.പി ഭരണം തുടരുമെന്നും പഞ്ചാബിൽ ആപ്പ് ഭരണത്തിലേറുമെന്നുമാണ് മിക്ക എക്സിറ്റ് പോളുകളും പറയുന്നത്. ബി.ജെ.പി ഭരിക്കുന്ന ഗോവയിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
എന്നാലിപ്പോൾ മുഖ്യധാരയിൽനിന്ന് വ്യത്യസ്തമായി മതേതര മുന്നണിക്ക് ആശ്വാസം നൽകുന്ന സർവ്വേ ഫലം പുറത്തുവിട്ടിരിക്കുന്നത് ഹൈദരാബാദ് ആസ്ഥാനമായുള്ള ആത്മസാക്ഷി ഗ്രൂപ്പാണ്. ഇവരുടെ പ്രവചന പ്രകാരം ഉത്തർപ്രദേശിൽ 235-240 സീറ്റുകൾ നേടി സമാജ്‌വാദി പാർട്ടി ബിജെപിയിൽ നിന്ന് അധികാരം പിടിച്ചെടുക്കും. ബിജെപിയുടെ സീറ്റ് 312ൽ നിന്ന് 138-140 ആയി കുറയും. ബിഎസ്.പി 19-23 സീറ്റുകളും കോൺഗ്രസിന് 12-16 സീറ്റുകളും മറ്റുള്ളവർ 1-2 സീറ്റുകളും നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
എക്‌സിറ്റ് പോൾ ഫലങ്ങൾ, ഗ്രൗണ്ട്/ഫീൽഡിൽ നിന്ന് ശേഖരിച്ച സാമ്പിളുകളെ അടിസ്ഥാനമാക്കിയുള്ളതാണെന്നാണ് ഗ്രൂപ്പ് പറയുന്നത്. ഡിജിറ്റൽ അല്ലെങ്കിൽ ടെലിഫോണിക് സാമ്പിളുകൾ ഉൾപ്പെടുത്തിയിട്ടില്ല. ആകെ 316,000 സാമ്പിളുകൾ ശേഖരിച്ചതായി സംഘം അവകാശപ്പെട്ടു. സെഫോളജിസ്റ്റും എഞ്ചിനീയറും തിരഞ്ഞെടുപ്പ് അനലിസ്റ്റുമായ മൂർത്തിയാണ് ഗ്രൂപ്പിന്റെ തലവൻ.
യുപിയ്‌ക്കൊപ്പം തിരഞ്ഞെടുപ്പ് നടന്ന പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നിവിടങ്ങളിലെ ഫലവും ഗ്രൂപ്പ് പ്രവചിച്ചു. മൂന്ന് സംസ്ഥാനങ്ങളിലും കോൺഗ്രസിനാണിവർ മുൻതൂക്കം പ്രവചിക്കുന്നത്.പഞ്ചാബിൽ 74200 സാമ്പിളുകളാണ് വിശകലനം ചെയ്തത്. ഐ.എൻ.സി 58-61, എ.എ.പി 34-38 ശിരോമണി അകാലി ദൾ 18-21, ബി.ജെ.പി 4-5 എന്നിങ്ങനെയാണ് സീറ്റ് നില. ഉത്തരാഖണ്ഡിൽ 49800 സാമ്പിളുകൾ പഠിച്ചു. ഐ.എൻ.സി 43-47, ബിജെപി 20-21, എ.എ.പി 2-3 എന്നിങ്ങനെയാണ് പ്രവചനം. ഗോവയിൽ എടുത്ത സാമ്പിളുകളുടെ എണ്ണം 22100 ആണ്. ഐ.എൻ.സി 21-22, ബിജെപി 9-10, എ.എ.പി 2-3 ആണ് ഇവിടത്തെ ഫലം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.