നൂഹിലെ അന്തരീക്ഷം ഭീതിജനകം -ഇ.ടി. മുഹമ്മദ് ബഷീർ എം.പി
text_fieldsന്യൂഡൽഹി: ഹരിയാനയിലെ നൂഹ് ഉൾപ്പെടുന്ന മേവാത്തിൽ ദയനീയമായ അന്തരീക്ഷമാണ് നിലനിൽക്കുന്നതെന്ന് ഇന്ത്യൻ യൂനിയൻ മുസ്ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീർ എം.പിയും ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബു റഹ്മാനും പറഞ്ഞു.
വംശീയാതിക്രമത്തിനും ഭരണകൂടത്തിന്റെ ബുൾഡോസർ രാജിനും ഇരകളായവരെ സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇവർ.ഭീതിജനകമാണ് നൂഹിലെ അവസ്ഥ. മുസ്ലിംകളുടെ കെട്ടിടങ്ങൾ ഭരണകൂടം തിരഞ്ഞു പിടിച്ച് തകർക്കുകയായിരുന്നു. കലാപകാരികളെ അറസ്റ്റ് ചെയ്യുന്നതിനുപകരം മുസ്ലിം ചെറുപ്പക്കാരെ പൊലീസ് വേട്ടയാടുന്നു. നിയമ പോരാട്ടങ്ങൾക്കും മേവാത്തിലെ ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾക്കുവേണ്ടിയും നിലകൊള്ളുമെന്നും ഇ.ടി അറിയിച്ചു.
ബജ്റങ് ദളിന്റെയും ഭരണകൂടത്തി ന്റെയും ഒരുപോലെയുള്ള അതിക്രമങ്ങളാണ് മേവാത്തിലെ മുസ്ലിംകൾ നേരിടുന്നതെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ പി. മുജീബ് റഹ്മാൻ പറഞ്ഞു. നീതിക്കുവേണ്ടിയുള്ള അവരുടെ പോരാട്ടത്തിൽ പൂർണ പിന്തുണയുണ്ടാകും. മേവാത്തിലെ ഗ്രാമങ്ങളുടെ ഉന്നമനത്തിൽ വിഷന്റെ പ്രവർത്തനങ്ങൾ വ്യാപകമാക്കുമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമം ജോയിന്റ് എഡിറ്റർ പി.ഐ. നൗഷാദും ഒപ്പമുണ്ടായിരുന്നു.
35 ഗ്രാമങ്ങളിലായി 400ലധികം യുവാക്കൾ ആഗസ്റ്റ് ഒന്നിനു ശേഷം വിടുകളിലെത്തിയിട്ടില്ല. ആഗസ്റ്റ് ഒന്നിന് പുലർച്ചെ മുറാദാബാദ് ഗ്രാമത്തിൽനിന്നും പൊലീസ് അറസ്റ്റു ചെയ്തു കൊണ്ടുപോയ 20 ഓളം യുവാക്കളെ കുറിച്ച് ഒരു വിവരമില്ലെന്നും ഗ്രാമീണർ പറഞ്ഞു. കലാപാനന്തരം സർക്കാർ സംവിധാനങ്ങൾ തങ്ങളോട് ഒന്നും അന്വേഷിച്ചിട്ടില്ല. ഭരണകൂടം ഇടിച്ചുനിരത്തിയ കെട്ടിടങ്ങളെല്ലാം നിയമപരമാണെന്നും ഉടമസ്ഥാവകാശം ഉണ്ടെന്നും ഇരകൾ സംഘത്തെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.