മധ്യപ്രദേശിൽ ബിജെ.പിയെ പ്രതിരോധത്തിലാക്കി ദലിതർക്കെതിരായ അതിക്രമങ്ങൾ
text_fieldsഭോപ്പാൽ: ദലിതർക്കും ഗോത്രവർഗക്കാർക്കുമെതിരായ അതിക്രമങ്ങൾ മധ്യപ്രദേശ് തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്ക് വിനയായേക്കുമെന്ന് റിപ്പോർട്ടുകൾ. രണ്ടു പതിറ്റാണ്ടോളമായി സംസ്ഥാനം ഭരിക്കുന്ന ബി.ജെ.പിയെ കാത്തിരിക്കുന്നത് വലിയ ഭരണവിരുദ്ധവികാരമെന്നാണ് വിലയിരുത്തൽ. ദലിത്, ആദിവാസി വിഭാഗങ്ങൾക്കെതിരായ അതിക്രമങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ തെരഞ്ഞെടുപ്പ് വൻ വെല്ലുവിളിയാകും.
ഛത്തർപൂർ, സത്‌ന, രേവ, സിധി, സിങ്‌ഗ്രൗളി തുടങ്ങിയ ജില്ലകൾ ഉൾപ്പെടുന്ന സവർണ്ണ ആധിപത്യ മേഖലയായ വിന്ധ്യാ മേഖലയിൽ അടിക്കടി നടക്കുന്ന അതിക്രമങ്ങളാണ് ശിവരാജ് സിംഗ് ചൗഹാന്റെ സർക്കാറിനെ കുഴക്കുന്നത്.
2018ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിന്ധ്യ മേഖലയിലെ 30ൽ 24 സീറ്റുകളും ബി.ജെ.പി നേടിയപ്പോൾ ബാക്കിയുള്ള ആറെണ്ണം മാത്രമാണ് കോൺഗ്രസിന് ലഭിച്ചിരുന്നത്.
ദലിത് യുവാവിന്റെ മുഖത്ത് മനുഷ്യവിസർജ്യം പുരട്ടിയതാണ് ഏറ്റവും ഒടുവിലെത്തെ സംഭവം. ഛത്തർപൂർ ജില്ലയിൽ ഒ.ബി.സി വിഭാഗത്തിൽപ്പെട്ട ഒരാളാണ് ദലിത് യുവാവിനെതിരെ ആക്രമണം അഴിച്ചുവിട്ടത്. ഛത്തർപൂർ ജില്ലയിൽ ഉയർന്ന ജാതിയിൽപ്പെട്ടവർ ഒരു ദലിതനെ മർദിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നത് ഇത് ആദ്യത്തെ സംഭവമായിരുന്നില്ലെന്നാണ് ദലിത് ആക്ടിവിസ്റ്റുകൾ ആരോപിക്കുന്നത്.
സംസ്ഥാന ബി.ജെ.പി അധ്യക്ഷൻ വി.ഡി ശർമ പ്രതിനിധീകരിക്കുന്ന ഖജുരാഹോ ലോക്‌സഭാ മണ്ഡലത്തിന് കീഴിലാണ് ഛത്തർപൂർ. മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാ ന്റെ വിഭാഗത്തിൽപെട്ട(ഒ.ബി.സി) ആളാണ് ഈ ഹീനകൃത്യത്തിന് പിന്നലെന്നത് അദ്ദേഹത്തെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.
ദലിത് കുടുംബങ്ങൾ നടത്തിയ വിവാഹ ഘോഷയാത്രകളിൽ ഉയർന്ന ജാതിക്കാരുടെ രോഷം നേരിടേണ്ടി വന്ന നിരവധി സംഭവങ്ങൾ അടുത്തിടെ ഛത്തർപൂർ പ്രദേശത്ത് നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ 35 കാരനായ ദലിത് യുവാവിനെ ഠാക്കൂർ സമുദായത്തിൽപ്പെട്ട ഒരു കൂട്ടം യുവാക്കൾ കസേരയിൽ ഇരുന്നതിന് ആക്രമിച്ചു. ജൂൺ 23 ന്, രേവ ജില്ലയിൽ ഒരു ദലിത് പിതാവിനെയും മകനെയും വടികൊണ്ട് മർദിക്കുകയും കഴുത്തിൽ ചെരുപ്പ് മാലകൾ അണിയിക്കുകയും ചെയ്തു. രേവയിൽ ഒരു ഗോത്രവർഗക്കാരനെ ഉയർന്ന ജാതിയിൽപ്പെട്ടവർ മർദിച്ച മറ്റൊരു സംഭവം കുറച്ച് ദിവസങ്ങൾക്ക് മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടു.
വേതനം ചോദിച്ചതിന് ദലിത് ദിവസ വേതനക്കാരന്റെ കൈ അയാളുടെ ഉയർന്ന ജാതിക്കാരനായ തൊഴിലുടമ വെട്ടിമാറ്റിയത് 2021 നവംബറിലാണ്. 2022 ഓഗസ്റ്റിൽ സത്‌നയിൽ ദലിത് വനിതാ സർപഞ്ചിനെ അക്രമികൾ മർദിച്ചു. ഇടപെടാൻ ശ്രമിച്ചവർക്ക് പോലും മേൽജാതിക്കാരുടെ ആക്രമണം നേരിടേണ്ടിവന്നു. സിങ്ഗ്രൗലിയിലെ സ്കൂളിൽ ക്ലാസിന്റെ മുൻ നിരയിൽ ഇരുന്നതിന് ദലിത് വിദ്യാർഥിനിയെ ഉയർന്ന ജാതിക്കാരനായ അധ്യാപകൻ മർദിച്ചതും വാർത്തയായിരുന്നു.
പ്രവേശൻ ശുക്ല എന്ന ബി.ജെ.പി പ്രവർത്തകൻ ഗോത്രവർഗക്കാരന്റെ മുഖത്ത് മൂത്രമൊഴിമൊഴിച്ച സംഭവം രാജ്യവ്യാപകമായി പ്രതിഷേധം സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ മാസം സിദ്ധി ജില്ലയിലാണ് സിറ്റിങ് എം.എൽ.എയായ കേദാർനാഥ് ശുക്ലയുടെ അടുത്തയാൾകൂടിയായ പ്രവേശൻ ശുക്ല ഹീന കൃത്യം ചെയ്തത്. തുടർന്ന് മുഖ്യമന്ത്രി ഭോപ്പാലിലെ വസതിയിൽ വിളിച്ചുവരുത്തി ഇരയുടെ കാൽ കഴുകി രോഷം തണുപ്പിച്ചു.
അതേസമയം, ദലിത് അക്രമങ്ങൾ ബി.ജെ.പിക്കെതിരെ ആയുധമാക്കാൻ കോൺഗ്രസ് ഒരുക്കം തുടങ്ങിയിട്ടുണ്ട്. ഛത്തർപൂരിലെ പുതിയ സംഭവം ശ്രദ്ധയിൽപ്പെട്ടതിന് തൊട്ടുപിന്നാലെ, ദലിത് വിഭാഗത്തിൽപ്പെട്ട കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ കമൽനാഥും ബി.ജെ.പി സർക്കാരിനെതിരെ ആഞ്ഞടിക്കുകയും പ്രതികൾക്കെതിരെ കർശന നടപടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.