യു.പി, ബിഹാർ സംസ്ഥാനക്കാർക്കുനേരെ ആക്രമണം; ഗുജറാത്തിൽ കൂട്ട പലായനം
text_fieldsഅഹ്മദാബാദ്: വ്യാപക ആക്രമണത്തെ തുടർന്ന് ഹിന്ദി സംസാരിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾ ഗുജറാത്ത് വിട്ടു. ട്രെയിനുകളിലും ബസുകളിലുമാണ് ഇവർ സംസ്ഥാനത്തുനിന്ന് യാത്രയാകുന്നത്.
സെപ്റ്റംബർ 28ന് സബർകന്ത ജില്ലയിലെ ദുന്തർ ഗ്രാമത്തിൽ ഠാകോർ സമുദായത്തിലെ 18 മാസം പ്രായമുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തതിന് ബിഹാറുകാരനെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിറ്റേന്നാണ് ആക്രമണം തുടങ്ങിയത്.
വടക്കൻ ഗുജറാത്തിലെ സബർകന്ത, പടാൻ, മഹേസന, ഗാന്ധി നഗർ, അരവല്ലി, അഹ്മദാബാദ് എന്നിവിടങ്ങളിലും മധ്യ ഗുജറാത്തിലെ വഡോദരയിലുമായിരുന്നു വ്യാപക അക്രമണം. അഹ്മദാബാദ്, സബർകന്ത ജില്ലകളിൽ ഠാകോർ സമുദായക്കാർ ഉത്തരേന്ത്യൻ തൊഴിലാളികളുടെ വീടുകളും കടകളും ആക്രമിച്ചു. വാടകക്ക് താമസിക്കുന്നവരോട് വീടൊഴിയാൻ ഉടമസ്ഥർ ആവശ്യപ്പെട്ടിട്ടുണ്ട്. അക്രമത്തിൽ ഭയന്ന ഉത്തരേന്ത്യൻ തൊഴിലാളികൾ കിട്ടുന്ന ട്രെയിനുകളിലും ബസുകളിലുമാണ് ഗുജറാത്ത് വിടുന്നത്. ലഖ്നോ, പട്ന എന്നിവിടങ്ങളിലേക്കുള്ള ട്രെയിനുകളിൽ വൻ തിരക്കാണ്.
നേരത്തേ അഹ്മദാബാദിൽനിന്ന് പട്നയിലേക്ക് രണ്ട് ബസ് മാത്രമാണുണ്ടായിരുന്നത്. എന്നാൽ, ഇപ്പോൾ 20 ബസുകളാണ് ഇൗ റൂട്ടിലുള്ളത്. അഹ്മദാബാദിലെ തെൻറ ഫർണിച്ചർ നിർമാണ യൂനിറ്റിലെ 20 ബിഹാറികൾ നാട്ടിലേക്ക് മടങ്ങിയതായി നയീം മിർസ പറഞ്ഞു. ഇവരുടെ സുരക്ഷയിൽ ആശങ്കയിലായ ബന്ധുക്കൾ നിരന്തരം ഫോണിൽ വിളിച്ചാണ് തിരിച്ചുവരാൻ ആവശ്യപ്പെട്ടതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാന്ധിനഗറിനടുത്തുള്ള ചിലോഡയിൽ ഞായറാഴ്ച നടന്ന റാലിയിൽ പെങ്കടുത്തവർ ഹിന്ദി സംസാരിക്കുന്നവർ ഗുജറാത്ത് വിടണമെന്നാവശ്യപ്പെട്ടു. കോൺഗ്രസ് എം.എൽ.എ അൽപേഷ് ഠാകോറാണ് ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിക്കാൻ പ്രേരിപ്പിക്കുന്നതെന്ന് ബി.ജെ.പി ആരോപിച്ചു. ആരോപണം നിഷധിച്ച കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ് അമിത് ചവ്ദ ക്രമസമാധാനം നിലനിർത്തേണ്ടത് സംസ്ഥാന സർക്കാറിെൻറ ഉത്തരവാദിത്തമാണെന്ന് പറഞ്ഞു.
അക്രമ സംഭവങ്ങളിൽ 431 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റിലായവരിൽ ഗാന്ധിനഗറിലെ കോൺഗ്രസ് നേതാവ് മഹോജി ഠാകോറും ഉൾപ്പെടും. ഇതര സംസ്ഥാനക്കാരെ ഭീഷണിപ്പെടുത്തി ഫേസ്ബുക്കിൽ വിഡിയോ പോസ്റ്റ്ചെയ്തതിനാണ് അറസ്റ്റ്. 20,000 ഇതര സംസ്ഥാനക്കാർ ഒരാഴ്ചക്കിടെ ഗുജറാത്ത് വിട്ടതായി ഉത്തർ ഭാരതീയ വികാസ് പരിഷത് അറിയിച്ചു. വടക്കേ ഇന്ത്യയിലെ ഹിന്ദി സംസാരിക്കുന്നവരുടെ സംഘടനയാണ് ഉത്തർ ഭാരതീയ വികാസ് പരിഷത്.
ഉത്തർപ്രദേശ്, മധ്യപ്രദേശ്, ബിഹാർ സംസ്ഥാനങ്ങളിലുള്ളവരാണ് സംസ്ഥാനം വിട്ടതെന്ന് സംഘടനയുടെ പ്രസിഡൻറ് മഹേഷ് സിങ് കുശ്വ പറഞ്ഞു. ഒരാളുടെ തെറ്റായ പ്രവൃത്തി കാരണം എല്ലാവരെയും കുറ്റക്കാരായി കാണരുതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, അക്രമത്തിൽനിന്ന് വിട്ടു നിൽക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി അഭ്യർഥിച്ചു. കഴിഞ്ഞ രണ്ടു ദിവസത്തിനിടയിൽ അക്രമങ്ങളുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇതര സംസ്ഥാനക്കാരുടെ സുരക്ഷ കണക്കിലെടുത്ത് പ്രശ്നബാധിത പ്രദേശങ്ങളിൽ കൂടുതൽ സേനയെ വിന്യസിച്ചതായി സംസ്ഥാന അഭ്യന്തര മന്ത്രി പ്രദീപ് സിൻഹ് ജദേജ അറിയിച്ചു. അക്രമ സംഭവങ്ങളിൽ ആശങ്ക അറിയിച്ച് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണിയുമായി ഫോണിൽ സംസാരിച്ചു. കുട്ടിയെ ബലാത്സംഗം ചെയ്തയാളെ ശിക്ഷിക്കണമെന്നും എന്നാൽ, അതിെൻറ പേരിൽ ഒരു സംസ്ഥാനത്തുനിന്നുള്ളവരെ മുഴുവൻ ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.