Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_right‘ആക്രമണകാരിയായ...

‘ആക്രമണകാരിയായ നായയുടേതു പോലുള്ള പെരുമാറ്റം ഇന്ത്യക്ക് നാണക്കേട്’; ഡീപ് സ്റ്റേറ്റ് ആരോപണം യു.എസ് തള്ളിയതിന് പിന്നാലെ ബി.ജെ.പിയെ വിമർശിച്ച് തരൂർ

text_fields
bookmark_border
‘ആക്രമണകാരിയായ നായയുടേതു പോലുള്ള പെരുമാറ്റം ഇന്ത്യക്ക് നാണക്കേട്’; ഡീപ് സ്റ്റേറ്റ് ആരോപണം യു.എസ് തള്ളിയതിന് പിന്നാലെ ബി.ജെ.പിയെ വിമർശിച്ച് തരൂർ
cancel

ന്യൂഡൽഹി: ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്കു പിന്നിൽ അമേരിക്കൻ ‘ഡീപ് സ്റ്റേറ്റിലെ’ ഘടകങ്ങളാണെന്ന ഭരണകക്ഷിയുടെ ആരോപണങ്ങൾ യു.എസ് തള്ളിയതിന് പിന്നാലെ ബി.ജെ.പിയെ വിമർശിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് ശശി തരൂർ. ‘ആക്രമണ സ്വഭാവമുള്ള നായ’യുടേതു പോലുള്ള പെരുമാറ്റം ഇന്ത്യക്ക് നാണക്കേടാണെന്ന് ‘എക്സി’ലെ പോസ്റ്റിൽ തരൂർ തുറന്നടിച്ചു.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും വ്യവസായ പ്രമുഖൻ ഗൗതം അദാനിയെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളിലൂടെ ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള ശ്രമങ്ങൾക്ക് പിന്നിൽ യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്‍റ് ഫണ്ട് ചെയ്യുന്ന സംഘടനകളും അമേരിക്കൻ ‘ഡീപ് സ്റ്റേറ്റിലെ’ ഘടകങ്ങളുമാണെന്ന ബി.ജെ.പിയുടെ ആരോപണങ്ങൾ യു.എസ് ശനിയാഴ്ച തള്ളിയിരുന്നു. യു.എസ് എംബസിയിലെ ഒരു വക്താവ് ആരോപണങ്ങളെ നിരാശാജനകമാണെന്ന് വിശേഷിപ്പിക്കുകയും യു.എസ് സർക്കാർ ലോകമെമ്പാടുമുള്ള മാധ്യമ സ്വാതന്ത്ര്യത്തി​ന്‍റെ ചാമ്പ്യൻ ആണെന്ന് ഊന്നുകയും ചെയ്തു.

ഇന്ത്യയുടെ പ്രതിച്ഛായ തകർക്കാൻ യു.എസ്, ഡീപ് സ്റ്റേറ്റ് മീഡിയ പോർട്ടലായ ഓർഗനൈസ്ഡ് ക്രൈം ആൻഡ് കറപ്ഷൻ റിപ്പോർട്ടിംഗ് പ്രോജക്ടുമായും (ഒ.സി.സി.ആർ.പി) കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുമായും ഒത്തുകളിച്ചുവെന്നായിരുന്നു ബി.ജെ.പിയുടെ ആരോപണം.

‘ബി.ജെ.പിക്ക് ജനാധിപത്യമോ നയതന്ത്രമോ മനസ്സിലാകുന്നില്ലെന്ന് വ്യക്തമാണ്. നിസ്സാര രാഷ്ട്രീയത്താൽ അവർ അന്ധരായിരിക്കുന്നു. അവർ ഒരു ജനാധിപത്യത്തിൽ സ്വതന്ത്ര മാധ്യമത്തി​ന്‍റെയും ഊർജ്ജസ്വലമായ സ്വതന്ത്ര സിവിൽ സൊസൈറ്റിയുടെയും മൂല്യം മറക്കുന്നു. പ്രധാന വിദേശ രാജ്യങ്ങളുമായി നല്ല ബന്ധം നിലനിർത്തുന്നതിൽ ഒരു ഭരണകക്ഷിയുടെ ഉത്തരവാദിത്തങ്ങളെ അവർ അവഗണിക്കുന്നു. ആക്രമണ സ്വഭാവമുള്ള നായയുടെ പെരുമാറ്റം ഇന്ത്യക്ക് നാണക്കേടാണ്’- മുൻ വിദേശകാര്യ സഹമന്ത്രിയായ തരൂർ ‘എക്സിലെ’ പോസ്റ്റിൽ വിമർശിച്ചു.

അദാനി ഗ്രൂപ്പിനെ ആക്രമിക്കാനും സർക്കാറുമായി അടുപ്പമുണ്ടെന്ന് ആരോപിക്കാനും ഒ.സി.സി.ആർ.പിയുടെ റിപ്പോർട്ടുകൾ രാഹുൽ ഉപയോഗിച്ചതായി ബി.ജെ.പി ആരോപിച്ചിരുന്നു. ജോർജ്ജ് സോറോസ്, റോക്ക്ഫെല്ലർ ഫൗണ്ടേഷൻ തുടങ്ങിയ മറ്റ് ‘ഡീപ് സ്റ്റേറ്റ് വ്യക്തികൾ’ക്കൊപ്പം യു.എസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെ​ന്‍റി​ന്‍റെ യു.എസ്.ഐ.ഡിയാണ് ഒ.സി.സി.ആർ.പിക്ക് ധനസഹായം നൽകുന്നതെന്ന് ഒരു ഫ്രഞ്ച് മാധ്യമ റിപ്പോർട്ടിനെ പരാമർശിച്ചുകൊണ്ടായിരുന്നു ബി.ജെ.പിയുടെ ആരോപണം.

ഇന്ത്യ ഭരിക്കുന്ന പാർട്ടി ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകമാണെന്ന് യു.എസ് എംബസി വക്താവ് പറഞ്ഞു. ‘പത്രപ്രവർത്തകർക്കുള്ള പ്രൊഫഷണൽ ഡെവലപ്‌മെന്‍റിനെയും ശേഷി വർധിപ്പിക്കുന്നതിനുള്ള പരിശീലനത്തെയും പിന്തുണക്കുന്ന പ്രോഗ്രാമിങ്ങിൽ യു.എസ് ഗവൺമെന്‍റ് സ്വതന്ത്ര ഓർഗനൈസേഷനുകളുമായി പ്രവർത്തിക്കുന്നു. ഈ പ്രോഗ്രാമിങ് ഈ ഓർഗനൈസേഷനുകളുടെ എഡിറ്റോറിയൽ തീരുമാനങ്ങളെയോ ദിശയെയോ ബാധിക്കില്ലെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.

ആംസ്റ്റർഡാം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒ.സി.സി.ആർ.പി കുറ്റകൃത്യങ്ങളോടും അഴിമതിയോടും ബന്ധപ്പെട്ട വാർത്തകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന മീഡിയ പ്ലാറ്റ്‌ഫോമാണ്. ചില സഹായങ്ങൾ സ്വീകരിക്കുന്നുവെന്നല്ലാതെ തങ്ങളുടെ എഡി​റ്റോറിയൽ സ്വതന്ത്രമായാണ് പ്രവർത്തിക്കുന്നതെന്നും അതി​ന്‍റെ തീരുമാനങ്ങളിൽ യു.എസ് സർക്കാറിന് പങ്കില്ലെന്നും ഒ.സി.സി.ആർ.പി പ്രതികരിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shashi tharoorWhite House SpokespersonDeep StatebjpOCCRP reportBJP-US
News Summary - 'Attack-dog' behaviour embarrassment to India: Shashi Tharoor slams BJP after US rejects allegations
Next Story