ക്രിസ്ത്യൻ പള്ളികള്‍ക്കെതിരായ ആക്രമണം: സമസ്ത ക്രിസ്ത്യൻ സമാജത്തിന്‍റെ മാർച്ചിന് അനുമതിയില്ല
text_fieldsമുംബൈ: ക്രിസ്ത്യൻ പള്ളികളും സ്ഥാപനങ്ങളും ആക്രമിക്കപ്പെടുന്നതിനെതിരെ സമസ്ത ക്രിസ്ത്യൻ സമാജം പ്രഖ്യാപിച്ച പ്രതിഷേധ മാർച്ചിന് അനുമതി നിഷേധിച്ചു. മഹാരാഷ്ട്രയിലെ ബൈക്കുളയിൽ നിന്നുള്ള പ്രതിഷേധ മാർച്ചിന് മുംബൈ പൊലീസാണ് അനുമതി നിഷേധിച്ചത്. മുംബൈ ആസാദ് മൈതാനത്ത് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് പ്രതിഷേധക്കാർ അറിയിച്ചു.
ക്രിസ്ത്യന്‍ സ്ഥാപനങ്ങളും പള്ളികളും മുംബൈയില്‍ വ്യാപകമായി ആക്രമിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സമസ്ത ക്രിസ്ത്യൻ സമാജം പ്രതിഷേധ പ്രകടനം പ്രഖ്യാപിച്ചത്. ബാന്ദ്രയിൽ പള്ളി തകർത്ത് ഒരു മാസം കഴിഞ്ഞിട്ടും എഫ്.ഐ.ആർ പോലും ഇട്ടില്ലെന്ന് സമാജം ഭാരവാഹികള്‍ പറയുന്നു. 100 വര്‍ഷമായി പ്രവര്‍ത്തിക്കുന്ന സെമിത്തേരി പൊളിച്ചുമാറ്റുന്നതിലും പ്രതിഷേധമുണ്ട്. എല്ലാ സഭകളെയും ഉള്‍പ്പെടുത്തിയാണ് പ്രതിഷേധ മാര്‍ച്ചിന് ആഹ്വാനം ചെയ്തത്.
ബൈക്കുളയിൽ നിന്ന് ആസാദ് മൈതാനത്തേക്ക് മാര്‍ച്ച് ചെയ്യാനായിരുന്നു തീരുമാനം. ഈ മാര്‍ച്ചിന് മുംബൈ പൊലീസ് അനുമതി നിഷേധിച്ചു. അതേസമയം ആസാദ് മൈതാനിയില്‍ പ്രതിഷേധ യോഗം ചേരാന്‍ അനുമതിയുണ്ട്. അവിടെ നേരിട്ടെത്തി പ്രതിഷേധയോഗം സംഘടിപ്പിക്കാനാണ് തീരുമാനം.
കഴിഞ്ഞ ദിവസം ഡല്‍ഹിയിൽ നടക്കുന്ന അന്താരാഷ്ട്ര പുസ്തകമേളയിലെ ക്രിസ്ത്യൻ സ്ഥാപനത്തിന്റെ സ്റ്റാൾ ആക്രമിച്ച് ബൈബിൾ നശിപ്പിച്ചിരുന്നു. അമ്പതോളം വരുന്ന ഹിന്ദുത്വ ആൾക്കൂട്ടം ബുക്ക് സ്റ്റാളിലേക്ക് ‘ജയ് ശ്രീറാം’ മുഴക്കി ഇരച്ചെത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. സ്റ്റാളിൽ സൗജന്യ ബൈബിൾ വിതരണം നടത്തിയിരുന്നു. ഗിദിയോണ്സ് ഇന്റര്‍നാഷനല്‍ എന്ന ക്രൈസ്തവ സംഘടനയുടെ പുസ്തക സ്റ്റാളിലാണ് ഹിന്ദു യുനൈറ്റഡ് ഫ്രണ്ട് എന്ന സംഘടനയുടെ പേരിൽ സംഘം എത്തിയത്.
സൗജന്യ ബൈബിള്‍ വിതരണം നിര്‍ത്തുക എന്നാക്രോശിച്ചാണ് സംഘം എത്തിയതെന്ന് ഗിദിയോണ്‍ ഇന്റര്‍നാഷനലിന്റെ പ്രവര്ത്തകന് ഡേവിഡ് ഫിലിപ്പ് പറഞ്ഞു. പത്തു വര്‍ഷമായി ഡല്‍ഹി അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ തങ്ങൾ പുസ്തക സ്റ്റാള്‍ ഒരുക്കുന്നുണ്ട്. മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചാണ് ആക്രമി സംഘം പോസ്റ്റര്‍ വലിച്ചുകീറി എറിഞ്ഞതെന്നും ഡേവിഡ് ഫിലിപ്പ് പറഞ്ഞു.
പൊലീസ് സ്ഥലത്തെത്തി പരാതി നല്കാന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തന്റെ മേലധികാരികളുടെ നിര്‍ദേശ പ്രകാരം പൊലീസ് നടപടികളിലേക്ക് പോകേണ്ടെന്നു തീരുമാനിക്കുകയായിരുന്നു എന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനാൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. 1899ൽ ആണ് ഗിദിയോണ്‍ ഇന്റര്‍നാഷനൽ പ്രവർത്തനം ആരംഭിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.