മണിക് സർക്കാറിനെതിരായ ആക്രമണം; ത്രിപുര മുഖ്യമന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടു
text_fieldsഅഗർത്തല: ത്രിപുര പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ മണിക് സർക്കാറിനെ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ച സംഭവത്തിൽ മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബ് അന്വേഷണത്തിന് ഉത്തരവിട്ടു. ഇതിനായി പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുകയും 48 മണിക്കൂറിനകം റിപ്പോർട്ട് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാന നിയമമന്ത്രി രത്തൻ ലാൽ നാഥ്, ജില്ല പൊലീസ് സൂപ്രണ്ട് എന്നിവരുടെ നേതൃത്വത്തിലാണ് സമിതി.
തെക്കൻ ത്രിപുരയിലെ ശാന്തിർ ബസാറിൽ ബി.ജെ.പി പ്രവർത്തകർ ആക്രമിച്ച സി.പി.എം പ്രവർത്തകരെ സന്ദർശിക്കാൻ പോയപ്പോഴാണ് സി.പി.എം പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മണിക് സർക്കാറിനും പാർട്ടി അണികൾക്കുമെതിരെ ആക്രമണമുണ്ടായത്. ബി.ജെ.പിക്കാരുടെ വൻ സംഘമാണ് ആക്രമണം നടത്തിയതെന്ന് മണിക് സർക്കാർ തിങ്കളാഴ്ച ആരോപിച്ചിരുന്നു. താൻ കൊല്ലപ്പെട്ടാൽ സംസ്ഥാനത്ത് ക്രമസമാധാനം പുലരുമെങ്കിൽ മരിക്കാൻ തയാറാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. സി.പി.എം പോളിറ്റ് ബ്യൂറോയും അക്രമത്തെ അപലപിച്ചു.
പൊലീസിെൻറ അനുമതിയോടെ നടത്തിയ സന്ദർശനത്തിനിടെയാണ് ആക്രമണമുണ്ടായത്. സംസ്ഥാനത്ത് ജനാധിപത്യപരമായ ഒന്നിനും അവസരം നൽകില്ലെന്നാണ് ബി.ജെ.പി ഇതിലൂടെ വ്യക്തമാക്കുന്നത്. അവരുടെ യഥാർഥ സ്വഭാവം തന്നെയാണ് വെളിപ്പെട്ടതെന്നും സി.പി.എം പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.