ഉത്തരാഖണ്ഡ് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ മുസ്‌ലിംകൾക്ക് നേരെ ആക്രമണം
text_fieldsമംഗ്ലൂർ (ഉത്തരാഖണ്ഡ്): ഉത്തരാഖണ്ഡിലെ ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയ മുസ്‌ലിംകൾക്ക് നേരെ ആക്രമണം. ലിബർഹെഡി ഗ്രാമത്തിലാണ് സംഭവം. മുസ്‍ലിം പുരുഷന്മാരെ ക്രൂരമായി മർദ്ദിച്ചതിന് ശേഷം വോട്ട് ചെയ്യാൻ അനുവദിക്കാതെ പോളിംഗ് ബൂത്തിൽ നിന്ന് തിരിച്ചയക്കുന്ന വീഡിയോ ഇന്റർനെറ്റിൽ പ്രത്യക്ഷപ്പെട്ടു. കോൺഗ്രസ് സ്ഥാനാർത്ഥി ഖാസി മുഹമ്മദ് നിസാമുദ്ദീൻ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.
തോക്കും വടികളുമായാണ് അക്രമി സംഘം അഴിഞ്ഞാടിയത്. പരിക്കേറ്റവർക്ക് ആംബുലൻസ് സഹായം ലഭിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തരാഖണ്ഡിലെ മംഗ്ലൂർ, ബദരീനാഥ് നിയമസഭാ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മുമ്പ് ബഹുജൻ സമാജ് പാർട്ടിയുടെ സർവത് കരീം അൻസാരി പ്രതിനിധീകരിച്ച മണ്ഡലം കഴിഞ്ഞ വർഷം ഒക്ടോബർ 30ന് അദ്ദേഹത്തിന്റെ നിര്യാണത്തെത്തുടർന്ന് ഒഴിഞ്ഞുകിടക്കുകയായിരുന്നു.
കോൺഗ്രസിലെ ഖാസി മുഹമ്മദ് നിസാമുദ്ദീനും ബി.എസ്.പിയിൽ നിന്ന് മത്സരിക്കുന്ന സർവത് അൻസാരിയുടെ മകൻ ഉബൈദു റഹ്‌മാനുമാണ് പ്രധാന എതിരാളികൾ. മുൻ ഖത്തൗലി എം.എൽ.എ കർതാർ സിംഗ് ഭദാനയെയാണ് ബി.ജെ.പി സ്ഥാനാർഥിയാക്കിയത്.
അക്രമികൾ പരസ്യമായി വെടിയുതിർക്കുകയായിരുന്നുവെന്നും ഇത് ജനാധിപത്യത്തിന്റെ കൊലപാതകമാണെന്നും ഖാസി മാധ്യമങ്ങളോട് പറഞ്ഞു. ഗുരുതരമായ സ്ഥിതിവിശേഷമാണെന്ന് ഉണ്ടായതെന്ന് ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ആശങ്ക പ്രകടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.