തൃണമൂൽ നേതാവിന്റെ വീട്ടിൽ അന്വേഷണത്തിനെത്തിയ എൻ.ഐ.എ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിൽ അന്വേഷണത്തിന്റെ ഭാഗമായി എത്തിയ എൻ.ഐ.എ ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. ഇന്ന് പുലർച്ചെ 5.30ഓടെയായിരുന്നു സംഭവം. 2022ൽ നടന്ന സ്‌ഫോടനക്കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായാണ് എൻ.ഐ.എ ഈസ്റ്റ് മിഡ്‌നാപൂർ ജില്ലയിലെ ഭൂപതി നഗറിലെ തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട്ടിലെത്തിയത്. ഇവരെത്തിയ കാറിനു നേരെ ഇഷ്ടികകൾ എറിയുകയായിരുന്നു. തുടർന്ന് വണ്ടിയുടെ വിൻഡ് സ്ക്രീൻ തകർന്നു. ഒരാൾക്ക് പരിക്കേറ്റു.
2022 ഡിസംബർ മൂന്നിന് ഭൂപതി നഗറിൽ നടന്ന സ്ഫോടനത്തെക്കുറിച്ച് അന്വേഷിക്കാൻ എത്തിയതായിരുന്നു എൻ.ഐ.എ. സ്‌ഫോടനത്തിൽ മൂന്നുപേർ മരിച്ചിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് എട്ട് തൃണമൂൽ കോൺഗ്രസ് നേതാക്കളെ ചോദ്യം ചെയ്യാനായി കഴിഞ്ഞ മാസം എൻ.ഐ.എ വിളിപ്പിച്ചിരുന്നു. എൻ.ഐ.എയുടെ നടപടികൾ ബി.ജെ.പി ആസൂത്രണം ചെയ്തതാണെന്ന് തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. മാർച്ച് 28ന് എൻ.ഐ.എ ഓഫിസിൽ ഹാജരാക്കാൻ ആവശ്യപ്പെട്ട് എൻ.ഐ.എ ടി.എം.സി നേതാവിന് സമൻസ് അയച്ചിരുന്നു എന്നാൽ ടി.എം.സി നേതാവ് ഹാജരായില്ല. തുടർന്നാണ് എൻ.ഐ.എ വീട്ടിലെത്തിയത്.
അറസ്റ്റിലായ സംസ്ഥാന ഭക്ഷ്യമന്ത്രി ജ്യോതി പ്രിയ മല്ലിക്കുമായി അടുത്ത ബന്ധമുള്ള സസ്‌പെൻഷനിലായ പ്രാദേശിക തൃണമൂൽ നേതാവ് ഷാജഹാൻ ഷെയ്ഖിൻ്റെ വീട് റെയ്ഡ് ചെയ്യാൻ പോയ ഇ.ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട് രണ്ട് മാസത്തിന് ശേഷമാണ് എൻ.ഐ.എ സംഘത്തിന് നേരെ ആക്രമണമുണ്ടാകുന്നത്. ഷാജഹാൻ ഷെയ്ഖിനെ ഇ.ഡി കൊണ്ടുപോകുന്നത് തടയാനായിരുന്നു നാട്ടുകാർ ഇ.ഡിയെ ആക്രമിച്ചത്. ഇതിൽ മൂന്ന് ഇ.ഡി ഉദ്യോഗസ്ഥർക്ക് പരിക്കേറ്റിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.