എൻ.ഐ.എ സംഘത്തിന് നേരെയുണ്ടായ ആക്രമണം ഗുരുതര വിഷയം, ഗുണ്ടായിസം അനുവദിക്കില്ല -ബംഗാൾ ഗവർണർ
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാളിൽ അന്വേഷണത്തിനെത്തിയ എൻ.ഐ.എ ഉദ്യോഗസ്ഥരെ ഗ്രാമവാസികൾ ആക്രമിച്ച സംഭവം വളരെ ഗൗരവമേറിയ വിഷയമാണെന്ന് പശ്ചിമ ബംഗാൾ ഗവർണർ സി.വി. ആനന്ദ ബോസ്. അർഹിക്കുന്ന എല്ലാ ഗൗരവത്തോടും കൂടി വിഷയം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എൻ.ഐ.എ പോലുള്ള അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുന്ന ഇത്തരം സംഭവങ്ങൾ അംഗീകരിക്കാനാവില്ല. ഇത്തരം സംഭവങ്ങളെ ശക്തമായി നേരിടണം. ഇത്തരത്തിലുള്ള ഒരു ഗുണ്ടായിസവും അനുവദിച്ച് കൊടുക്കില്ല. നിയമപരമായ അധികാരം ഉപയോഗിക്കേണ്ട സ്ഥാനത്ത് കൈക്കരുത്ത് ഉപയോഗിക്കരുത്. വിഷയം അർഹിക്കുന്ന എല്ലാ ഗൗരവത്തോടും കൂടി പരിഗണിക്കുമെന്നും ആനന്ദ ബോസ് പറഞ്ഞു.
2022ലെ സ്‌ഫോടനക്കേസ് അന്വേഷണത്തിന്റെ ഭാഗമായി തൃണമൂൽ കോൺഗ്രസ് നേതാവിന്റെ വീട് റെയ്ഡ് ചെയ്യാൻ ഭൂപതി ഗ്രാമത്തിലെത്തിയ എൻ.ഐ.എ ഉദ്യോഗസ്ഥരെ ഗ്രാമവാസികൾ ആക്രമിച്ചിരുന്നു. സംഭവത്തിൽ ഒരു എൻ.ഐ.എ ഉദ്യോഗസ്ഥന് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഗ്രാമവാസികൾക്കാണ് പരിക്കേറ്റതെന്നും എൻ.ഐ.എ അർധരാത്രി റെയ്ഡിനായി എത്തിയത് ജനങ്ങളിൽ പരിഭ്രാന്തി പടർത്തിയെന്നും ബി.ജെ.പിയുടെ തരംതാഴ്ന്ന രാഷ്ട്രീയത്തിന്റെ ഭാഗമായാണ് അർധരാത്രി എൻ.ഐ.എ റെയ്ഡിനായി വന്നതെന്നും പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി ആരോപിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.