വൈദികർക്കു നേരെ ആക്രമണം; സഭ ബഹിഷ്കരിച്ച് എം.പിമാരുടെ പ്രതിഷേധം
text_fieldsജബൽപുരിൽ ക്രിസ്ത്യൻ വൈദികർക്കു നേരെയുണ്ടായ ആക്രമണത്തിൽ പാർലമെന്റിന് പുറത്ത് എം.പിമാർ പ്രതിഷേധിക്കുന്നു
ന്യൂഡൽഹി: മധ്യപ്രദേശിലെ ജബൽപുരിൽ ക്രിസ്ത്യൻ വൈദികർക്കു നേരെയുണ്ടായ ആക്രമണത്തിൽ എം.പിമാരുടെ പ്രതിഷേധം. ലോക്സഭയിൽ ചോദ്യോത്തര വേള ബഹിഷ്കരിച്ച് പാർലമെന്റ് മന്ദിരത്തിന് മുന്നിലാണ് പ്രതിപക്ഷ എം.പിമാർ പ്രതിഷേധിച്ചത്. ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും ക്രിസ്ത്യാനികൾക്കെതിരെ വർധിച്ചുവരുന്ന ആക്രമണങ്ങളിൽനിന്ന് അവർക്ക് സംരക്ഷണം നൽകണമെന്നും എം.പിമാർ ആവശ്യപ്പെട്ടു.
ജബൽപുർ രൂപതാ വികാരി ഫാ. ഡേവിസിനെയും രൂപതാ പ്രൊക്യുറേറ്റർ ഫാ. ജോർജിനെയും ക്രൈസ്തവ വിശ്വാസികളെയുമാണ് പൊലീസ് സ്റ്റേഷൻ മുറ്റത്ത് ബജ്റങ്ദൾ പ്രവർത്തകർ ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വൈദികർ ആശുപത്രിയിൽ ചികിത്സയിലാണ്. തീർഥാടകർ ഒരു കുറ്റകൃത്യവും ചെയ്തിട്ടില്ലെന്ന് കണ്ടെത്തിയ ശേഷം പൊലീസ് അവരെ വിട്ടയച്ചു. വീണ്ടും ബജ്റങ്ദൾ സംഘം അവരെ തടഞ്ഞ് പൊലീസ് സ്റ്റേഷനിലേക്കുതന്നെ കൊണ്ടുപോയി. എന്നിട്ടും ആക്രമണം നടത്തിയവർക്കെതിരെ ഒരു നടപടിയും സ്വീകരിക്കാത്തത് ഗുരുതരമായ ആശങ്കകൾ ഉയർത്തുന്നതാണെന്ന് പ്രതിപക്ഷം ആരോപിച്ചു.
എം.പിമാരായ കെ.സി. വേണുഗോപാൽ, ആന്റോ ആന്റണി, രാജ്മോഹൻ ഉണ്ണിത്താൻ, ബെന്നി ബെഹനാൻ, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, വി.കെ. ശ്രീകണ്ഠൻ, ഷാഫി പറമ്പിൽ തുടങ്ങിയവർ സമരത്തിന് നേതൃത്വം നൽകി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.