"കശ്മീരിന്‍റെ ആത്മാവിന് നേരെയുള്ള ആക്രമണം"; പണ്ഡിറ്റിന്‍റെ കൊലപാതകത്തിൽ ഫാറൂഖ് അബ്ദുല്ല
text_fieldsശ്രീനഗർ: സർക്കാർ ജീവനക്കാരനായ കശ്മീരി പണ്ഡിറ്റിന്‍റെ കൊലപാതകത്തിൽ പ്രതികരണവുമായി നാഷനൽ കോൺഫറൻസ് പ്രസിഡന്‍റ് ഫാറൂഖ് അബ്ദുല്ല.
കശ്മീരി പണ്ഡിറ്റുകൾക്കെതിരായ ഓരോ ആക്രമണവും കശ്മീരിന്‍റെ ആത്മാവിന് നേരെയുള്ള ആക്രമണമാണ്. കൊലപാതകങ്ങളുടെ വർധനവ് താഴ്വരയിൽ സമാധാനം പുനസ്ഥാപിച്ചെന്ന സർക്കാർ അവകാശവാദങ്ങൾക്ക് വിരുദ്ധമാണ്- അബ്ദുല്ല പറഞ്ഞു. ശ്രീനഗറിൽ കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘവുമായി നടത്തിയ സംവാദത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.
കശ്മീരി മുസ്ലീംകളും കശ്മീരി പണ്ഡിറ്റുകളും ഒരുമിച്ച് താമസിക്കുന്ന ഒരു ദിവസത്തിനായി താൻ കാത്തിരിക്കുകയാണെന്നും അബ്ദുല്ല പറഞ്ഞു. കശ്മീരി പൗരൻമാരുടെ സുരക്ഷക്കും താഴ്വരയിലെ സമാധാന അന്തരീക്ഷം തിരികെ കൊണ്ടുവരാനും ശ്രമിക്കുന്നതിന് പകരം പൊങ്ങച്ചം പറച്ചിലിന് മാത്രമാണ് നിലവിലെ സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നെതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
കശ്മീരി പണ്ഡിറ്റുകൾ മാത്രമല്ല സിഖുകാരും മറ്റ് ന്യൂനപക്ഷങ്ങളും കശ്മീരിന്റെ സാമൂഹിക സാംസ്‌കാരിക ചുറ്റുപാടിന്റെ ഭാഗമാണെന്ന് ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണറെയും കേന്ദ്രത്തെയും അറിയിക്കുമെന്ന് ചർച്ചക്ക് ശേഷം അബ്ദുല്ല ഉറപ്പ് നൽകി. സർക്കാർ ജീവനക്കാരനായ കശ്മീരി പണ്ഡിറ്റും ഒരു പൊലീസുകാരനും തീവ്രവാദികളുടെ വെടിയേറ്റ് മരിച്ചതിന് പിന്നാലെയാണ് കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം ഫാറൂഖ് അബ്ദുല്ലയുമായി ചർച്ച നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.