കേന്ദ്രമന്ത്രിയുടെ വാഹനത്തിനുനേരെ ആക്രമണം; ചില്ല് തകർത്തു, സംഘർഷം- വിഡിയോ
text_fieldsകൊൽക്കത്ത: പശ്ചിമബംഗാളില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിസിത് പ്രമാണിക്കിന്റെ വാഹനവ്യൂഹത്തിനു നേരെ കല്ലേറ്. ബി.ജെ.പിയുടെ പ്രാദേശിക ഓഫീസ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു മന്ത്രി. ഇതിനിടെയാണ് മന്ത്രിയുടെ വാഹനത്തിനു നേരെ ഒരുവിഭാഗം കല്ലെറിഞ്ഞത്.
ആക്രമണത്തില്‍ വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ന്നു. കൂച്ച് ബെഹറില്‍ വെച്ചാണ് ആക്രമണമുണ്ടായത്. തുടർന്നുണ്ടായ സംഘർഷത്തിൽ ജനക്കൂട്ടത്തിനുനേരെ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കൂച്ച് ബെഹറിൽ ഗോത്രവര്‍ഗക്കാരനെ അതിര്‍ത്തിരക്ഷാ സേന വെടിവെച്ചു കൊന്നതുമായി ബന്ധപ്പെട്ട് നിസിത് പ്രമാണികിനെതിരെ പ്രതിഷേധം നിലനിന്നിരുന്നുവെന്നാണ് വിവരം.
കൂച്ച് ബെഹറില്‍നിന്നുള്ള ലോക്‌സഭാംഗമാണ് നിസിത് പ്രമാണിക്ക്. അതേസമയം, തൃണമൂല്‍ കോണ്‍ഗ്രസാണ് ആക്രമണത്തിനു പിന്നിലെന്ന് മന്ത്രി ആരോപിച്ചു.
മന്ത്രിക്കുപോലും സംസ്ഥാനത്ത് സുരക്ഷയില്ലാത്ത സാഹചര്യമാണെന്നും പശ്ചിമബംഗാളിലെ ജനാധിപത്യത്തിന്‍റെ അവസ്ഥയാണ് ആക്രമണം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഗോത്രവര്‍ഗക്കാരന്‍റെ മരണത്തിൽ മന്ത്രിക്കെതിരേ തൃണമൂല്‍ കോണ്‍ഗ്രസ് നേരത്തേ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.