ബി.ജെ.പിയുടേത് വഖഫ് സ്വത്തുക്കള്‍ നിയന്ത്രണത്തിലാക്കാനുള്ള ശ്രമം -മുസ്ലിം ലീഗ് എം.പിമാർ
text_fieldsന്യൂഡൽഹി: വഖഫ് സ്വത്തുക്കള്‍ സ്വന്തം നിയന്ത്രണത്തില്‍ കൊണ്ടുവരാനും വഖഫ് ബോര്‍ഡിനും കൗണ്‍സിലിനും ഇന്നുള്ള അധികാരങ്ങള്‍ വെട്ടിച്ചുരുക്കി ഗവണ്‍മെന്റ് ആധിപത്യം അടിച്ചേല്‍പ്പിക്കാനുമുള്ള ശ്രമമാണ് ബി.ജെ.പി നടത്തുന്നതെന്ന് മുസ്ലിം ലീഗ് എം.പിമാർ വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
വഖഫ് സ്വത്ത് ആര്‍ക്കും സ്വതന്ത്രമായി കൈകാര്യം ചെയ്യാന്‍ അവകാശമില്ലെന്നും ഏതൊരു വ്യക്തിയാണോ വഖഫ് ചെയ്യുന്നത് അയാളുടെ അഭിലാഷമാണ് കണക്കിലെടുക്കേണ്ടതെന്നും ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
നിലവിലുള്ള വഖഫ് നിയമത്തിലെ സുപ്രധാനമായ ചില വകുപ്പുകള്‍ ദുര്‍ബലപ്പെടുത്തുന്നുവെന്നാണ് മാധ്യമ റിപ്പോർട്ടുകൾ. കടുത്ത വിവേചനവും സ്വത്തുക്കൾ പിടിച്ചെടുക്കുവാനുള്ള മോഹവുമാണ് ഇതിന് പിന്നിൽ. വഖഫ് സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്ന ഭരണ സംവിധാനത്തിലും അതിന്റെ നേതൃത്വ പദവിയിലുമെല്ലാം തങ്ങളുടെ ഇഷ്ടക്കാരെ ഇരുത്താനുള്ള ശ്രമങ്ങളാണ് ബി.ജെ.പി നടത്തുന്നത്. അത് ശക്തമായി എതിർക്കപ്പെടേണ്ടതാണ്.
മതേതര ജനാധിപത്യ സംവിധാനത്തിന്റെ അടിസ്ഥാനശിലയെ പുച്ഛിക്കുന്ന നടപടിയാണിത്. ഇത് മുസ്ലിം ന്യൂനപക്ഷത്തിന്റെ മാത്രം പ്രശ്‌നമല്ല. നിരവധി വിശ്വാസ പ്രമാണങ്ങൾ പിന്തുടരുന്ന എല്ലാവരുടെയും പ്രശ്നമാണ്. നിയമപരമായ പോരാട്ടം വേണ്ടി വന്നാല്‍ അതിനും ലീഗ് തയാറാണെന്ന് ബഷീർ വ്യക്തമാക്കി.
സംയുക്ത പാർലമെന്ററി സമിതി തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ യു.പി.എ സര്‍ക്കാറിന്റെ കാലത്ത് വഖഫ് നിയമത്തില്‍ ഒരു ഭേദഗതി വന്നിരുന്നു. അന്യാധീനപ്പെടുന്ന വഖഫ് സ്വത്തുക്കള്‍ മോചിപ്പിച്ചെടുക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുവാൻ അന്നത്തെ ഭേദഗതി കൊണ്ട് സാധിച്ചു. ചെറിയ തുകക്ക് വഖഫ് സ്വത്തുക്കള്‍ ലീസിനെടുക്കുവാനുള്ള സാഹചര്യം ഒഴിവാക്കി മാര്‍ക്കറ്റ് വില അടിസ്ഥാനത്തില്‍ ലീസിന് കൊടുക്കുവാനും കഴിഞ്ഞിരുന്നുവെന്നും ബഷീർ പറഞ്ഞു. ഡോ. എംപി. അബ്ദുസ്സമദ് സമദാനി, നവാസ് ഗനി തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.