രാഹുല്‍ ഗാന്ധിയെ ‘പോളിഷ് ചെയ്ത ഉൽപന്ന’മെന്ന് ജെ.പി. നദ്ദ
text_fieldsന്യൂഡല്‍ഹി: രാഹുൽ ഗാന്ധിയെ ‘മിനുക്കിയെടുത്ത ഉൽപന്ന’മെന്ന് ആക്ഷേപിച്ച് ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ. എ.ഐ.സി.സി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കയച്ച കത്തിന് മറുപടിയായാണ് നദ്ദയുടെ പരാമര്‍ശം. ‘ജനങ്ങള്‍ തള്ളിക്കളഞ്ഞ ഒരു ഉത്പന്നത്തെ പോളിഷ് ചെയ്ത് വീണ്ടും ജനങ്ങളിലേക്ക് അടിച്ചേല്‍പ്പിക്കുകയാണ് ഖാര്‍ഗെ’ എന്നായിരുന്നു ആരോപണം.
പ്രധാനമന്ത്രിയെയും ഒ.ബി.സി സമുദായത്തെയും അനാദരിക്കുന്നതാണ് രാഹുൽ ഗാന്ധിയുടെ ചരിത്രമെന്ന് വിശേഷിപ്പിച്ചാണ് നദ്ദ തന്റെ മറുപടിക്കത്ത് ആരംഭിച്ചത്. പ്രധാനമന്ത്രിക്കെതിരെ അനുചിതമായ ഭാഷ ഉപയോഗിക്കുന്നുവെന്നും എന്ത് നിർബന്ധം കൊണ്ടാണ് രാഹുൽ ഗാന്ധിയെ ന്യായീകരിക്കാൻ ശ്രമിക്കുന്നതെന്നും ഖാർഗെയെ ചോദ്യം ചെയ്തു. മോദിയെ ‘മരണത്തിന്റെ വ്യാപാരി’ എന്ന് പരാമർശിച്ച സോണിയ ഗാന്ധി ഉൾപ്പെടെയുള്ള മറ്റ് കോൺഗ്രസ് നേതാക്കൾ നടത്തിയ മുൻകാല പരാമർശങ്ങളും എടുത്തിട്ടു. രാജ്യത്തെ ജാതീയമായി വിഭജിക്കാന്‍ ശ്രമിക്കുന്ന രാഹുലിനെതിരെ ഖാര്‍ഗെ മൗനം പാലിക്കുന്നുവെന്നും നദ്ദ ആരോപിച്ചു.
‘എന്ത് നിര്‍ബന്ധപ്രകാരമാണ് നിങ്ങള്‍ രാഹുല്‍ ഗാന്ധിയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്നത്. പൊതുജനങ്ങള്‍ നിരസിച്ച ഉൽപന്നത്തെയാണ് നിങ്ങള്‍ പോളിഷ് ചെയ്യുന്നത്. നിങ്ങള്‍ രാഹുല്‍ ഗാന്ധിയെ അനുകൂലിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയത് വായിച്ചപ്പോള്‍ യാഥാർഥ്യത്തില്‍ നിന്ന് വളരെ അകലെയാണെന്ന് തോന്നി. രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്കെതിരെ നടത്തുന്ന പരാമര്‍ശങ്ങളില്‍ നിങ്ങള്‍ മൗനം പാലിക്കുന്നു - ജെ.പി. നദ്ദ ആരോപിച്ചു.
പ്രതിപക്ഷ നേതാവായ രാഹുല്‍ഗാന്ധിക്കെതിരെ നടക്കുന്ന ഭീഷണികളില്‍ ആശങ്കയുണ്ടെന്ന് കാണിച്ചാണ് ഖാര്‍ഗെ പ്രധാനമന്ത്രിക്ക് കഴിഞ്ഞ ദിവസം കത്തെഴുതിയത്. രാഹുല്‍ ഗാന്ധിയെ അധിക്ഷേപിച്ചും ഭീഷണിപ്പെടുത്തിയും പരാമര്‍ശങ്ങളുന്നയിക്കുന്ന ബി.ജെ.പി നേതാക്കള്‍ക്കെതിരെ അതൃപ്തിയുണ്ടെന്നും കത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ സൂചിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജെ.പി. നദ്ദ ഖാര്‍ഗെക്ക് കത്തെഴുതുന്നത്. രാഹുല്‍ ഗാന്ധി വിദേശ സന്ദര്‍ശനത്തിനിടെ നടത്തിയ വിമര്‍ശനങ്ങളില്‍ ബി.ജെ.പി നേതാക്കള്‍ കോണ്‍ഗ്രസിനെതിരെയും രാഹുലിനെതിരെയും ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.