ഹൈവേയിൽ മോഷണശ്രമം; വെടിയേറ്റിട്ടും 30 കിലോമീറ്റർ ബസ് ഓടിച്ച് യാത്രക്കാരെ സുരക്ഷിതമാക്കി ഡ്രൈവർ
text_fieldsന്യൂഡൽഹി: കാറിലെത്തിയവർ നടത്തിയ മോഷണ ശ്രമത്തിനിടെ മഹാരാഷ്ട്ര മിനിബസ് ഡ്രൈവർക്ക് വെടിയേറ്റു. വെടിയേറ്റെങ്കിലും വാഹനത്തിലെ യാത്രക്കാരെ രക്ഷിക്കാൻ അദ്ദേഹം 30 കിലോമീറ്റർ ബസ് ഓടിച്ചു. ഡ്രൈവറും ഒരു കുടുംബത്തിലെ 17 അംഗങ്ങളും ചേർന്ന് ക്ഷേത്രദർശനം കഴിഞ്ഞ് അമരാവതിയിൽ നിന്ന് നാഗ്പൂരിലേക്ക് പോകവെയാണ് സംഭവം. യു.പി രജിസ്‌ട്രേഷൻ നമ്പറുള്ള ബൊലേറോ കാറിൽ എത്തിയവരാണ് കവർച്ചാ ശ്രമം നടത്തിയത്.
കാറിൽ വന്ന കവർച്ചക്കാർ ബസിന് നേരെ വെടിയുതിർത്ത് വാഹനം നിർത്തിക്കാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ ഡ്രൈവർ വണ്ടി നിർത്തിയില്ല. ഇതിനിടെയാണ് ഡ്രൈവർ ഖോംദേവ് കവാഡെയുടെ കൈയ്ക്ക് വെടിയേറ്റത്. 'കൃത്യമായ രജിസ്ട്രേഷൻ നമ്പർ എനിക്ക് ഓർമയില്ല. പക്ഷേ അത് യു.പിയിൽ നിന്നുള്ള വണ്ടിയാണ്. ഞാൻ അവർക്ക് രണ്ട് തവണ മുന്നോട്ട് പോകാൻ ഇടം നൽകിയെങ്കിലും അവർ മറികടന്നില്ല' കവാഡെ പറഞ്ഞു. കൈയ്‌ക്ക് പരിക്കേറ്റെങ്കിലും മിനിബസ് നിർത്താതെ 30 കിലോമീറ്റർ പിന്നിട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. പരിക്കേറ്റ മൂന്ന് യാത്രക്കാരെ തിവ്‌സയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമരാവതിയിൽ നിന്ന് വരുമ്പോൾ ഒരു കാർ തങ്ങളെ പിന്തുടർന്നുവെന്നും തുടർന്ന് നടന്ന മോഷണശ്രമത്തിനിടെയാണ് ഡ്രൈവർക്ക് വെടിയേറ്റതെന്നും വാഹനത്തിലുള്ളവർ പറഞ്ഞു. സംഭവത്തിൽ പ്രതികളെ കണ്ടെത്താനുള്ള ശ്രമം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.