ആത്മഹത്യക്ക് ശ്രമിച്ചിട്ട് ഭർത്താവിന് മേൽ കുറ്റം ചുമത്തുന്നത് ക്രൂരത -ഡൽഹി ഹൈകോടതി
text_fieldsന്യൂഡൽഹി: ആത്മഹത്യക്ക് ശ്രമിച്ചിട്ട് ഭർത്താവിന്റെയും കുടുംബാംഗങ്ങളുടെയും മേൽ കുറ്റംചുമത്താൻ ശ്രമിക്കുന്നത് ഭാര്യയുടെ കൊടുംക്രൂരതയാണെന്ന് ഡൽഹി ഹൈകോടതി. ഇത്തരം സന്ദർഭങ്ങളിൽ കുടുംബം കള്ളക്കേസുകളിൽ കുടുക്കപ്പെടുമെന്ന നിരന്തരമായ ഭീഷണിയിലാണ് ജീവിക്കുന്നത്. ആവർത്തിച്ചുള്ള ആത്മഹത്യ ഭീഷണിയും ആത്മഹത്യ ശ്രമവും ക്രൂരതയാണെന്നും ജസ്റ്റിസ് സുരേഷ് കുമാർ കൈറ്റ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു. ഭാര്യയുടെ ക്രൂരതയുടെ പേരിൽ ഭർത്താവിന് വിവാഹമോചനം അനുവദിച്ച കുടുംബ കോടതിയുടെ ഉത്തരവ് ശരിവെച്ചാണ് ഹൈക്കോടതിയുടെ ഉത്തരവ്.
ദമ്പതികൾ തമ്മിൽ വിവാഹം കഴിച്ച നാൾ മുതൽ തുടങ്ങിയ പ്രശ്നങ്ങളാണ്. ഒടുവിൽ ഭാര്യ കൊതുകിനെ തുരത്താനുള്ള ദ്രാവകം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ആ ശ്രമം പരാജയപ്പെട്ടപ്പോൾ ഭർത്താവ് തന്നെ കൊല്ലാൻ ശ്രമിച്ചതായാണ് യുവതി പരാതി പറഞ്ഞതെന്നും ജസ്റ്റിസ് നീന ബൻസാൽ കൃഷ്ണ ഉൾപ്പെട്ട ബെഞ്ച് ചൂണ്ടിക്കാട്ടി. തനിക്ക് ശരിയായി ഭക്ഷണം പോലും നൽകിയില്ലെന്നും ടോണിക്ക് ആണെന്ന് പറഞ്ഞാണ് ഭർത്താവ് ലായനി കുടിപ്പിച്ചതെന്നും യുവതി ആരോപിച്ചു. എന്നാൽ സംഭവം നടക്കുമ്പോൾ ഭർത്താവ് ജോലിസ്ഥലത്തായിരുന്നു എന്ന കാര്യം യുവതി പിന്നീട് സമ്മതിക്കുകയുണ്ടായി. ഇത്തരം സന്ദർഭങ്ങളിൽ ഭർതൃകുടുംബം കള്ളക്കേസുകളിൽ കുടുക്കപ്പെടുമെന്ന ഭീഷണിയിലാണ് കഴിയുന്നതെന്നും കോടതി നിരീക്ഷിച്ചു.
ആവർത്തിച്ചുള്ള ആത്മഹത്യാ ഭീഷണിയും ആത്മഹത്യാശ്രമവും ക്രൂരതയ്ക്ക് തുല്യമായ നടപടിയാണെന്ന് മറ്റൊരു കേസിൽ സുപ്രീം കോടതി വിലയിരുത്തി. ആത്മഹ്യ ശ്രമം വിജയിച്ചാൽ ഭർത്താവും കുടുംബവും പ്രതിക്കൂട്ടിലാകും. നിരപരാധിയായാൽ പോലും അത് അയാളുടെ ജീവിതംതന്നെ നശിപ്പിക്കും. അത്തരത്തിലുള്ള ആത്മഹ്യ ശ്രമം ക്രൂരതക്ക് തുല്യമാണെന്നും കോടതി വിലയിരുത്തി.
ഏതുകാര്യത്തിനും നിയമപരമായ പരിഹാരം തേടാൻ ഭാര്യക്ക് അവകാശമുണ്ടെങ്കിലും ഭർതൃകുടുംബത്തിനെതിരെ സ്ത്രീധനം ചോദിച്ചു എന്നതടക്കമുള്ള അടിസ്ഥാനരഹിതമായ ആരോപണങ്ങൾഉന്നയിക്കുന്നതും അവർക്കെതിരെ പരാതി നൽകുകയും ചെയ്യുന്നത് ക്രൂരതയാണ്. ഇവിടെ രണ്ടുവർഷത്തെ വിവാഹ ജീവിതത്തിൽ 10 മാസം മാത്രമാണ് ദമ്പതികൾ ഒരുമിച്ചു താമസിച്ചതെന്ന് കോടതിക്ക് മനസിലായിട്ടുണ്ട്. അക്കാലത്ത് പോലും ഭർതൃകുടുംബത്തിനെതിരെ തെറ്റായ പരാതികൾ നൽകാനും ആരോപണങ്ങൾ ഉന്നയിക്കാനുമാണ് യുവതി ശ്രമിച്ചത്. അതിനാൽ ഭാര്യയുടെ ക്രൂരതയിൽ നിന്ന് മോചനം നേടാൻ വിവാഹമോചനം അനുവദിച്ച കുടുംബ കോടതി നടപടി ശരിവെക്കുകയാണെന്നും കോടതി വ്യക്തമാക്കി. വിവാഹ മോചനം ശരിവെച്ച കുടുംബകോടതിയുടെ വിധിക്കെതിരെ യുവതി നൽകിയ ഹരജിയാണ് ഡൽഹി ഹൈകോടതി തള്ളിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.