അമിത്ഷായുടെ റാലിക്കിടെ ജ്യൂസ് ട്രക്ക് കൊള്ളയടിച്ച് ബി.ജെ.പിക്കാർ; പൊട്ടിക്കരഞ്ഞ ഡ്രൈവർക്ക് കോൺഗ്രസുകാർ 20000 രൂപ പിരിച്ചു നൽകി
text_fieldsബംഗളൂരൂ: കർണാടക നിയമസഭ തെരഞ്ഞെടുപ്പിന്റെ ഭാഗാമയി കേന്ദ്ര മന്ത്രി അമിത് ഷാ നടത്തിയ റോഡ് ഷോയ്ക്കിടെ ശീതളപാനീയവുമായി എത്തിയ ട്രക്ക് ബി.ജെ.പി പ്രവർത്തകർ നടുറോഡിൽ കൊള്ളയടിച്ചു. 35000 രൂപയോളം വിലമതിക്കുന്ന വെള്ളക്കുപ്പികളും ശീതളപാനീയങ്ങളും ഐസ്ക്രീം പെട്ടികളും റാലിക്കെത്തിയ ബി.ജെ.പി പ്രവർത്തകർ വണ്ടി വളഞ്ഞ് അടിച്ചുമാറ്റുകയായിരുന്നു.
സാധനങ്ങൾ കൊള്ളയടിക്കരുതെന്ന് കരഞ്ഞ് കൊണ്ട് ആൾക്കൂട്ടത്തോട് ഡ്രൈവർ സമീർ കാലി(22) അഭ്യർഥിച്ചെങ്കിലും ഇത് ചെവിക്കൊള്ളാതെ വെള്ളക്കുപ്പികൾ കൈക്കലാക്കുകയായിരുന്നു. കൂടിനിന്നവരിൽ ചിലർ ചിത്രീകരിച്ച വിഡിയോയിൽ ഈ രംഗങ്ങൾ കാണാം. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രാദേശിക കോൺഗ്രസ് നേതാക്കൾ തങ്ങളുടെ അണികളിൽനിന്ന് 20,000 രൂപ പിരിച്ച് സമീറിന്റെ വസതിയിലെത്തി കൈമാറി ആശ്വസിപ്പിച്ചതായി ‘ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.
വിവാദമായതോടെ തടിയൂരാൻ ബി.ജെ.പിയുടെ മൈസൂരു-കുടഗ് എം.പി പ്രതാപ് സിംഹ രംഗത്തെത്തി. സമീറിനോട് ട്വിറ്ററിൽ മാപ്പ് പറഞ്ഞ സംഹ, മൂന്നാം ദിവസമായ ഇന്നലെ നഷ്ടപരിഹാരമായി 35,000 രൂപ അദ്ദേഹത്തിന് നൽകുകയും ചെയ്തു. ഇതിന്റെ സ്ക്രീൻ ഷോട്ടും എം.പി പങ്കുവെച്ചിട്ടുണ്ട്.
ഏപ്രിൽ 28ന് വെള്ളിയാഴ്ച ഗദഗ് ജില്ലയിലെ ലക്ഷ്മേശ്വറിലാണ് കൊള്ളയടി അരങ്ങേറിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാഷ്ട്രീയ റാലി നടക്കുന്നതിനിടയിലൂടെ ട്രക്കുമായി പോവുകയായിരുന്നു സമീർ. ഒരു ബിജെപി നേതാവാണ് ശീതളപാനീയത്തിന് ഓർഡർ നൽകിയിരുന്നത്. എന്നാൽ, ആൾക്കൂട്ടം വണ്ടിയിലുള്ള സാധനങ്ങൾ മൊത്തം കവർന്നതോടെ പറഞ്ഞ സ്ഥലത്ത് വെള്ളം എത്തിക്കാനായില്ല. ഓർഡർ ചെയ്ത നേതാവ് പണം നൽകിയതുമില്ല. പൊലീസ് എത്തി സമീറിനോട് സ്ഥലം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വിഡിയോ വൈറലാവുകയും കോൺഗ്രസുകാർ രംഗത്തെത്തുകയും ചെയ്തത്.
“ഞാൻ പതിവുപോലെ ശീതളപാനീയങ്ങളും വെള്ളവും കടകളിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ അമിത് ഷായുടെ റാലി നടക്കുന്ന സ്ഥലത്ത് വെള്ളം എത്തിക്കാൻ ഒരു ഫോൺ കോൾ ലഭിച്ചു. ഉടൻ അങ്ങോട്ട് പോയെങ്കിലും പരിപാടിയിൽ പങ്കെടുത്തവർ വണ്ടിയിലുള്ള മിക്കവാറും സാധനങ്ങളും എടുത്തു’ -സമീർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.