മുസ്‍ലിം സ്ത്രീകളെ 'ഓൺലൈൻ ലേലത്തിന്' വെച്ച സംഭവത്തിൽ ഡൽഹി പൊലീസ് കേസെടുത്തു
text_fieldsന്യൂഡൽഹി: മുസ്‍ലിം സ്ത്രീകളെ 'ഓൺലൈൻ ലേലത്തിന്' വെച്ച വിദ്വേഷ കാമ്പയിനെതിരെ ഡൽഹി പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. മാധ്യമപ്രവർത്തകയുടെ പരാതിയിലാണ് ഡൽഹി സൈബർ പൊലീസ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 153 എ, 153 ബി, 354എ, 509 വകുപ്പുകൾ പ്രകാരം കേസെടുത്ത വിവരം മാധ്യമപ്രവർത്തകയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പരാതിക്കാരിയുടെ ചിത്രങ്ങളും വിവരങ്ങളും ആപ്പിൽ പങ്കുവെച്ചിരുന്നു.
'സുള്ളി ഡീലു'കൾക്ക് ഉപയോഗിച്ച ഗിറ്റ്ഹബ് പ്ലാറ്റ്ഫോം ഉപയോഗിച്ച് തന്നെയാണ് 'ബുള്ളി ബായ്' എന്ന ആപ്പിൽ വിവിധ രംഗങ്ങളിൽ മികവ് തെളിയിച്ച മുസ്‍ലിം സ്ത്രീകളുടെ പേരുകളും ചിത്രങ്ങളും വിൽപനക്ക് വെച്ചെന്ന പേരിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. അഞ്ചുമാസം മുമ്പും സമാന രീതിയിൽ വിവിധ മേഖലകളിൽ ശ്രദ്ധേയരായ മുസ്‍ലിം സ്ത്രീകളെ ലക്ഷ്യമിട്ട് ഗിറ്റ്ഹബ് പ്ലാറ്റ്‌ഫോം ഉപയോഗിച്ചുള്ള സുള്ളി ഡീൽസ് എന്ന ആപ്പ് ദേശീയതലത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടിരുന്നു. നൂറുകണക്കിനു മുസ്‍ലിം സ്ത്രീകളുടെ ചിത്രമാണ് ഇത്തരത്തിൽ ആപ്പിലൂടെ പ്രചരിപ്പിക്കപ്പെടുന്നത്.
മുസ്‍ലിം സ്ത്രീകളെ അധിക്ഷേപിക്കുന്ന തരത്തിലായിരുന്നു ആപ്പ്. മാധ്യമപ്രവർത്തകയാണ് ആപ്പിലൂടെ രണ്ടാമതും മുസ്‍ലിം സ്ത്രീകളെ വിൽപനക്ക് വെച്ച വിവരം ആദ്യമായി വെളിപ്പെടുത്തിയത്.
മുംബൈയിലും പൊലീസ് അന്വേഷണം ആരംഭിച്ചതായി മഹാരാഷ്ട്രയിൽനിന്നുള്ള ശിവസേന എം.പി പ്രിയങ്ക ചതുർവേദി പറഞ്ഞു. ബുള്ളി ബായ് ആപ്പിലൂടെ നടക്കുന്ന വിദ്വേഷ പ്രചാരണത്തിൽ മുംബൈ സൈബർ പൊലീസ് അന്വേഷണം ആരംഭിച്ചതായി മുതിർന്ന ഉദ്യോഗസ്ഥനും വെളിപ്പെടുത്തി.
ബുള്ളി ബായ് ആപ്പ് യൂസറെ ബ്ലോക്ക് ചെയ്തതായി ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. തുടർ നടപടിക്ക് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.